യാത്രയ്ക്കു പോകുമ്പോഴുളള പ്രാര്‍ത്ഥന
ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ  വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടത്തെ അനുഗ്രഹത്തിനായി ഞങ്ങളിതാ അങ്ങയുടെ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ ആരംഭിക്കുന്ന ഈ യാത്രയേയും അതിലെ എല്ലാ കാര്യങ്ങളേയും  അങ്ങയുടെ പ്രത്യേകസംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു. ഈശോയെ, അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ)  അനുഗ്രഹിച്ചാലും. അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങള്‍ക്ക് ( എനിക്ക്) താങ്ങും തണലുമായിരിക്കട്ടെ.  യാത്രയിലുണ്ടാകുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലുംനിന്നു ഞങ്ങളെ (എന്നെ) കാത്തുകൊള്ളണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു (എനിക്കു) വേണ്ടി അപേക്ഷിക്കണമേ. ഞങ്ങളെ (എന്നെ) കാക്കുന്ന കര്‍ത്താവിന്റെ മാലാഖമാരേ (മാലാഖയേ) ഞങ്ങള്‍ക്ക് (എനിക്ക്) കൂട്ടായിരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

യാത്ര കഴിഞ്ഞു വരുമ്പോഴുള്ള പ്രാര്‍ത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഈ യാത്രയുടെ  അവസാനത്തില്‍ അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് നന്ദി പറയുവാനും അങ്ങയുടെ തിരുനാമം കീര്‍ത്തിക്കുവാനുമായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ വന്നിരിക്കുന്നു. കര്‍ത്താവേ, ഈ യാത്രാമദ്ധ്യേ അങ്ങ് എനിക്ക് നല്‍കിയ അനുഗ്രങ്ങളെയോര്‍ത്ത്  ഞാനങ്ങയെ സ്തുതിക്കുന്നു. ഈ യാത്രയില്‍ സംഭവിച്ച എല്ലാ കാര്യങ്ങളിലും എന്റെ ജീവിതനന്മയ്ക്ക് ഉപകരിക്കുമാറാകട്ടെ.  അങ്ങനെ അങ്ങയെ കൂടുതല്‍ മഹത്വപ്പെടുത്തുവാനും അങ്ങേക്കു പ്രീതികരമായി ജീവിക്കുവാനും എനിക്കിടയാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍.

തിരുവചനം 

ഇതാ ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും. നിന്നെ ഈ നാട്ടിലേക്കു തിരികെ കൊണ്ടുവരും . നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല (ഉല്‍പത്തി 28:15).

ഞാന്‍ നിനക്കു മുന്‍പെ പോയി മലകള്‍ നിരപ്പാക്കുകയും ഇരുമ്പോടാമ്പലുകള്‍  ഒടിക്കുകയും ചെയ്യും (ഏശയ്യാ 45:2).

നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷക്കു നിന്നോടുകൂടെ ഞാനുണ്ട്, കര്‍ത്താവാണിതു പറയുന്നത് (ജറെമിയാ 1:8).

കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്  അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ (നിയമാവര്‍ത്തനം 31:8).

+++