ദമ്പതികളുടെ പ്രാര്‍ത്ഥന

സര്‍വ്വശക്തനും പിതാവുമായ ദൈവമേ, അങ്ങേയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ സമാരംഭിച്ച ദാമ്പത്യജീവിതത്തെ ഓര്‍ത്ത്  ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്കൂ നന്ദി പറയുകയും ചെയ്യുന്നു. വിശ്വസ്തതയോടും വിശുദ്ധിയോടും കൂടെ പരസ്പരസ്‌നേഹത്തിലും ധാരണയിലും  ജീവിക്കുവാന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ആശകളും അഭിലാഷങ്ങളും, പ്രതീക്ഷകളും ഉത്കണ്ഠകളും, വിജയങ്ങളും, പരാജയങ്ങളും, സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുപോലെ സ്‌നേഹത്തോടെ പങ്കുവയ്ക്കുവാന്‍ ഞങ്ങളെ അങ്ങ് ശക്തരാക്കണമേ. പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും ഞങ്ങളെ അങ്ങ് അനുവദിക്കരുതേ. എല്ലാവിധ തെറ്റിദ്ധാരണകളില്‍നിന്നും അസ്വസ്ഥതകളില്‍നിന്നും അങ്ങു ഞങ്ങളെ കാത്തുകൊള്ളണമേ. ലോകത്തിലെ യാതൊരു ശക്തിക്കും വ്യക്തിക്കും ഞങ്ങളെ വേര്‍തിരിക്കാന്‍ കഴിയാതിരിക്കട്ടെ. ഞങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും ഏകമനസോടെ അങ്ങയുടെ സന്നിധിയില്‍ അണയാനും പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്താനും ഞങ്ങളെ സഹായിക്കണമേ. സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിനും സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്‌നേഹിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും വേണ്ട ശക്തി  ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങുന്ന് ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്ത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റി, അങ്ങേക്കു പ്രീതികരമായ വിധം ജീവിക്കുവാന്‍ ഞങ്ങളെ അങ്ങു സഹായിക്കണമേ.

കര്‍ത്താവേ, അങ്ങ് ഞങ്ങള്‍ക്ക് ദാനമായി നല്‍കിയിരിക്കുന്ന മക്കളെ ഓര്‍ത്ത് (പേരുകള്‍ ഓര്‍ക്കുക) ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ അനന്തമായ സ്‌നേഹത്തിലും അങ്ങയിലുള്ള വിശ്വാസത്തിലും അങ്ങേക്കു പ്രീതികരമായ ജീവിതത്തിലും വളര്‍ന്നുവരുവാന്‍ അവരെ അങ്ങ് സഹായിക്കുകയും തിന്മയുടെ എല്ലാവിധ ശക്തികളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും അവരെ കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച്  അങ്ങയുടെ സ്വര്‍ഗ്ഗീയഭവനത്തില്‍ എത്തിച്ചേരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍.

തിരുവചനം 

കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ദ്ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! 8:8 അവള്‍ ആമേന്‍ എന്ന് ഏറ്റുപറഞ്ഞു (തോബിത് 8:7).

ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍, പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍  ജാഗരൂകരായിരിക്കുവിന്‍ (എഫേസോസ് 4:1-3).

+++