ജറീക്കോ പ്രാര്‍ത്ഥന

ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷ്ച്ചു എന്റെ പ്രാര്‍ത്ഥന കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു (സങ്കീ. 118.5).

 

(ജറീക്കോപ്രാര്‍ത്ഥനകളിലേക്ക് ആരേയും നിര്‍ബന്ധിച്ച് വിളിച്ച് ചേര്‍ക്കരുത്. ഈ പ്രാര്‍ത്ഥനാ സമയങ്ങളില്‍ ആരും നിലത്തോ കസേരയിലോ ഇരിക്കാതെ തുടക്കത്തില്‍ നിന്നുകൊണ്ടും  പിന്നീടു നടന്നുകൊണ്ടും പൂര്‍ത്തിയാക്കുക. സഹോദരങ്ങളെ, മനസ്സിലാക്കുക ജറിക്കോ പട്ടണത്തിനു ചുറ്റും ഉണ്ടായിരുന്ന വന്‍കോട്ട തകര്‍ന്നുവീണത് ആള്‍ബലം കൊണ്ടോ, സൈനികബലം കൊണ്ടോ അല്ല. മറിച്ച് ദൈവീകശക്തിയാല്‍ മാത്രമാണെന്നു ജോഷ്വാ  അദ്ധ്യായം 6 വ്യക്തമാക്കുന്നു. ഇന്നു വ്യക്തികള്‍ക്കു ചുറ്റിനും കുടുംബങ്ങള്‍ക്കു ചുറ്റിനും പുരയിടങ്ങള്‍ക്കു ചുറ്റിനും  സമൂഹങ്ങള്‍ക്കു ചുറ്റിനും അനേകതരത്തിലുള്ള കോട്ടകള്‍ സാത്താന്‍ സൃഷ്ടിച്ചിട്ടുണ്ട്. അദൃശ്യമായ ഈ കോട്ടകള്‍ ഏത് തരത്തില്‍ ഉള്ളവയാണെങ്കിലും ജറീക്കോപ്രാര്‍ത്ഥനവഴി കര്‍ത്താവു തകര്‍ക്കുകതന്നെ ചെയ്യും എന്നു വിശ്വസിക്കുക)

 

അത്യുന്നതങ്ങളില്‍  ദൈവത്തിനു സ്തുതി (3) ആമ്മേന്‍.
ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും. ആമ്മേന്‍.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.................

ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ അങ്ങേ തിരുനാമം വിളിച്ചപേക്ഷിക്കുവാന്‍ കരുണാപൂര്‍വ്വം ഞങ്ങളെ യോഗ്യമാക്കണമേ . ഞങ്ങളെ ഭരമേല്‍പിച്ചിരിക്കുന്ന ശുശ്രൂഷ വിശുദ്ധിയോടും ശുദ്ധമനസ്സാക്ഷിയോടും കൂടെ നിര്‍വ്വഹിക്കുവാന്‍ പ്രകാശവും ശക്തിയും ഞങ്ങള്‍ക്കു നല്‍കണമേ. പിതാവും പുത്രനും  പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍.

വചനഭാഗങ്ങള്‍  - ജോഷ്വാ 6:1-27,  അപ്പ .പ്രവ. 16:25-34

 

 സങ്കീര്‍ത്തനം 91 ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുക

അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും/ സര്‍വ്വശക്തന്റെ തണലില്‍ കഴിയുന്നവനും/ കര്‍ത്താവിനോട് എന്റെ സങ്കേതവും/ എന്റെ കോട്ടയും/ ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും/ അവിടുന്ന്  നിന്നെ വേടന്റെ  കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും/ തന്റെ തൂവലുകള്‍കൊണ്ട്/ അവിടുന്ന് നിന്നെ മറച്ചുകൊള്ളും/ അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും/ അവിടുത്തെ വിശ്വസ്തത നിനക്കു കവചവും/ പരിചയും ആയിരിക്കും/ രാത്രിയിലെ ഭീകരതയെയും/ പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ/ ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയയെയും/ നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും/ നീ പേടിക്കണ്ടാ/ നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍/ മരിച്ചു വീണേക്കാം/ നിന്റെ വലതുവശത്തു പതിനായിരങ്ങളും/ എങ്കിലും നിനക്ക് ഒരനര്‍ത്ഥവും/ സംഭവിക്കുകയില്ല/ ദുഷ്ടരുടെ പ്രതിഫലം/ നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും/ നീ കര്‍ത്താവില്‍ ആശ്രയിച്ചു/ അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു/ നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല/ ഒരനര്‍ത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല/ നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍/ അവിടുന്ന് തന്റെ ദൂതന്മാരോടു കല്‍പിക്കും/ നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍/ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും/

സിംഹത്തിന്റെയും അണലിയുടെയും മേല്‍/ നീ ചവിട്ടി നടക്കും/ യുവസിംഹത്തെയും സര്‍പ്പത്തെയും/ നീ ചവിട്ടിമെതിക്കും/  അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടി നില്‍ക്കുന്നതിനാല്‍/ ഞാന്‍ അവനെ രക്ഷിക്കും/ അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്/ ഞാന്‍ അവനെ സംരക്ഷിക്കും/ അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍/ ഞാന്‍ ഉത്തരമരുളും/ അവന്റെ കഷ്ടതയില്‍/ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും/ ഞാന്‍ അവനെ മോചിപ്പിക്കുകയും / മഹത്വപ്പെടുത്തുകയും ചെയ്യും/ ദീര്‍ഘായുസ്സു നല്‍കി/ ഞാന്‍ അവനെ സംതൃപ്തനാക്കും/ എന്റെ രക്ഷ/ ഞാന്‍ അവനു കാണിച്ചുകൊടുക്കും. ( ശക്തമായി സ്തുതിക്കുക............)

 

( സാധാരണപോലെ ജപമാല ആരംഭിക്കുക. ഓരോ ദിവ്യരഹസ്യവും ചൊല്ലിയതിനുശേഷം ധ്യാനിക്കുക. അതിനു ശേഷം എല്ലാവരും ചേര്‍ന്ന് എന്റെ കര്‍ത്താവേ, എന്റെ ദൈവമേ..... എന്ന പ്രാര്‍ത്ഥന ചൊല്ലുക ഓരോ ദിവ്യരഹസ്യവും ധ്യാനിച്ചതിനുശേഷം പ്രാര്‍ത്ഥന ചൊല്ലണം)

 

പ്രാര്‍ത്ഥന

എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ, അങ്ങേ മക്കളോട് കരുണകാണിക്കണമെ, എന്നിലോ എന്റെ മാതാപിതാക്കളിലോ ( ജീവിതപങ്കാളിയിലോ, മക്കളിലോ, കൊച്ചുമക്കളിലോ) സഹാദരീസഹോദരന്മാരിലോ ബന്ധുമിത്രാദികളിലോ ഈ ഭവനത്തിലോ, ഈ ഭവനത്തില്‍ വസിക്കുന്ന മറ്റ് മക്കളിലോ ഈ ഭവനം  ഇരിക്കുന്ന പുരയിടത്തിന്റെ അതിര്‍ത്തിക്കുള്ളിലോ, ഏതെങ്കിലും  തരത്തിലുളള തിന്മയുടെ ശക്തികള്‍, അന്ധകാരശക്തികള്‍,  സാത്താന്റെ സൈന്യങ്ങളുടെ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ ശക്തികളെ വിശുദ്ധ കുരിശിന്റെ അടയാളത്താല്‍  നിര്‍വീര്യമാക്കി തരുമാറാകണമേ ആമ്മേന്‍.

( ഈ പ്രാര്‍ത്ഥന എല്ലാവരും ചേര്‍ന്ന് ഉച്ചത്തില്‍ ചൊല്ലുക. തുടര്‍ന്ന് 1.സ്വര്‍ഗ്ഗ.10 നന്മ 1. ത്രിത്വ . ചൊല്ലിയതിനുശേഷം 1-ാം ദിവ്യരഹസ്യം സാധാരണപോലെ കാഴ്ചവയ്ക്കുന്നു. തുടര്‍ന്ന് 2-ാം ദിവ്യരഹസ്യം  ഒരാള്‍ ചൊല്ലുന്നു. അതിനുശേഷം എല്ലാവരും ചേര്‍ന്ന് എന്റെ കര്‍ത്താവേ.... എന്ന പ്രാര്‍ത്ഥന ഉറക്കെ ചൊല്ലിയതിനുശേഷം ഒരാള്‍ സ്വര്‍ഗ്ഗ........ ചൊല്ലുന്നതിനോടൊപ്പം ഓരോരുത്തരായി ഏറ്റവും അടുത്ത മുറിയിലേക്കു നടക്കുന്നു. ഇങ്ങനെ ഭവനത്തിലെ എല്ലാമുറികളിലും പോയി പ്രാര്‍ത്ഥിച്ചതിനുശേഷം  ഭവനത്തിന്റെ മുന്‍വശത്തെ മുറ്റത്തേയ്ക്കു ഓരോരുത്തരായി ഇറങ്ങിപ്പോവുക എല്ലാവരും ഒരറ്റത്ത്  എത്തിയതിനുശേഷം മുറികളില്‍ എപ്രകാരം പ്രാര്‍ത്ഥിച്ചോ  അതുപോലെതന്നെ ഭവനത്തിന്റെ നാലുവശങ്ങളിലും നിന്ന് കൊണ്ട് ഓരോ ദിവ്യരഹസ്യങ്ങള്‍ ചൊല്ലുക. സാധാരണപോലെ ഇരുന്നൂറ്റിമൂന്നുമണി ജപം സമര്‍പ്പിക്കുക. ലൂത്തിനിയ ചൊല്ലുകയോ പാടുകയോ  ചെയ്യാം. താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയും ചൊല്ലി സ്തുതിക്കുക).

 

നമുക്കു പ്രാര്‍ത്ഥിക്കാം

കര്‍ത്താവായ ഈശോയെ അങ്ങയുടെ യോഗ്യതകളാലും അങ്ങ് ചിന്തിയ അമൂല്യമായ തിരുരക്തത്തിലുള്ള വിശ്വാസത്താലും എന്റെ ജീവന്റെ മേല്‍ തികഞ്ഞതും സമ്പൂര്‍ണ്ണവുമായ സംരക്ഷണം ഞാന്‍ അവകാശപ്പെടുന്നു. കര്‍ത്താവായ ഈശോയെ എനിക്ക് ഉപദ്രവകരവും തിന്മയുമായി ഭവിക്കാവുന്നതുമായ എല്ലാത്തില്‍നിന്നും എന്നെ കാക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. കര്‍ത്താവായ ഈശോയെ, സര്‍വ്വതിന്മകളില്‍ നിന്നും സാത്താന്റെ ആക്രമണങ്ങളില്‍ നിന്നും രോഗപീഢകളില്‍ നിന്നും യാദൃശ്ചികമായ അപകടങ്ങളില്‍നിന്നും മരണത്തില്‍നിന്നും പ്രകൃതിയിലുണ്ടാകുന്ന എല്ലാ അത്യാഹിതങ്ങളില്‍നിന്നും എന്നെ സംരക്ഷിക്കണമെ. ആമ്മേന്‍

(സ്വാതന്ത്രമായി സ്തുതിക്കുക, യേശുവേ നന്ദി....)

(ഭവനത്തിന്റെ നാല് വശങ്ങളില്‍ ഓരോ ദിവ്യരഹസ്യങ്ങളും ധ്യാനിച്ചു അവസാനത്തെ പ്രാര്‍ത്ഥനയും കാഴ്ച വയ്ക്കുമ്പോള്‍  ഒരു ദിവസത്തെ ജറിക്കോ പ്രാര്‍ത്ഥന കഴിഞ്ഞു. ഇപ്രകാരം ആറ് ദിവസം ജറിക്കോ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുക. പിന്നീട് ഏഴാമത്തെ ദിവസം ഭവനത്തിനുചുറ്റും  നടന്നുകൊണ്ട് തന്നെ നാല് ദിവ്യരഹസ്യങ്ങള്‍  പൂര്‍ത്തിയാക്കുന്നു. നാല് ദിവ്യരഹസ്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഭവനത്തിന് ചുറ്റും ഏഴുപ്രാവശ്യം  വലം വച്ചിരിക്കണം).  

+++