റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രാര്‍ത്ഥന

ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്കയയ്ക്കണമേ, എല്ലാ ജനപദങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കട്ടെ! അതുവഴി ധാര്‍മ്മികാധഃപതനം, ദുരന്തങ്ങള്‍, യുദ്ധം ഇവയില്‍നിന്നും അവര്‍ സംരക്ഷിക്കപ്പെടട്ടെ. ഒരിക്കല്‍ മറിയമായിരുന്ന, സര്‍വ്വജനപദങ്ങളുടെയും നാഥ, ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ. ആമ്മേന്‍.

1.ഓ! മറിയമേ, റോസമിസ്റ്റിക്ക, യേശുവിന്റെയും ഞങ്ങളുടെയും മാതാവേ, ഞങ്ങളുടെ പ്രത്യാശയും ശക്തിയും ആശ്വാസവും നീയീകുന്നു. നിന്റെ മാതൃസ്‌നേഹത്താല്‍ നിന്റെ സ്വര്‍ഗ്ഗീയാനുഗ്രഹം ഞങ്ങള്‍ക്കു വാങ്ങി തരേണമേ. പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍..ആമ്മേന്‍

2.റോസമിസ്റ്റിക്കാ, കളങ്കമേല്‍ക്കാത്ത കന്യകയേ, കൃപയുടെ മാതാവേ! നിന്നെ വണങ്ങുന്ന മക്കളായ ഞങ്ങള്‍ക്കു വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാര്‍ത്ഥിച്ചു ദൈവത്തിന്റെ കരുണ പ്രാപിച്ചു തരണമേ. ഞങ്ങളുടെ യോഗ്യതയല്ല നിന്റെ മാധ്യസ്ഥതയാല്‍ കൃപയും അനുഗ്രഹവും ലഭിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നീ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. 1 നന്മ.....

3.റോസമിസ്റ്റിക്കാ, യേശുവിന്റെ മാതാവേ! ജപമാല രാജ്ഞി! ക്രിസ്തുവിന്റെ മൗതീകശരീരമായ സഭയുടെ അമ്മേ! പലവിധ കലഹങ്ങളാല്‍ ഭിന്നിച്ചു നില്‍ക്കുന്ന മനുഷ്യവംശത്തിനു മുഴുവന്‍ ഐക്യവും സമാധാനവും നല്‍കണമേ. നിന്റെ മക്കളെല്ലാവരെയും സ്‌നേഹത്തില്‍ ഒന്നിപ്പിക്കുകയും മാനസാന്തരത്തിന്റെ വരം നല്‍കി അനുഗ്രഹിക്കുകയും ചെയ്യണമേ.  1 നന്മ.....

4.റോസമിസ്റ്റിക്കാ, അപ്പസ്‌തോലന്മാരുടെ രാജ്ഞി, വിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കണമെ. വൈദിക ജീവിതത്തിലേക്കും, സന്യാസജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ വര്‍ദ്ധിപ്പിക്കണമെ. ദൈവവിളി ലഭിച്ചവര്‍ അതിനനുസൃതമായി ജീവിക്കുവാനും അതുവഴി തിരുസുതന്റെ രാജ്യം വിസ്തൃതമാക്കിതീര്‍ക്കുവാനും ഇടയാകട്ടെ. 1 നന്മ.....

പരിശുദ്ധ രാജ്ഞി
പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയില്‍നിന്നു വിങ്ങിക്കരഞ്ഞ് അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ. ആമ്മേന്‍.                                                 

റോസമിസ്റ്റിക്ക സഭയുടെ മാതാവേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

Rosa Mystica apparition

ഈ യുഗത്തില്‍ പരിശുദ്ധമറിയം സര്‍വ്വജനപദങ്ങളുടെയും നാഥ, അമ്മ, എന്നറിയപ്പെടാന്‍ അഭിലഷിക്കുന്നു. സര്‍വ്വജനപദങ്ങളുടെയും നാഥയെന്ന പദവിയില്‍ അമ്മ ആംസ്റ്റര്‍ഡാമില്‍ പ്രത്യക്ഷപ്പെടുകയും ഈ ചിത്രവും പ്രാര്‍ത്ഥനയും നല്‍കുകയും ചെയ്തു.

ചിത്രത്തില്‍ മാതാവ് കുരിശിനു മുന്‍പില്‍ നില്‍ക്കുന്നതായി കാണപ്പെടുന്നു. കുരിശുമായി അത്ര ദൃഢബന്ധവും വേദനാപൂര്‍ണ്ണവുമായ ഐക്യം മാതാവിനുണ്ടായിരുന്നു. തന്മൂലം കന്യകാമറിയം സഹരക്ഷകയും മദ്ധ്യസ്ഥയും അഭിഭാഷകയുമായി ലോകത്തിലെ എല്ലാ ജനതകള്‍ക്കു വേണ്ടി കൃപ, രക്ഷ, ശാന്തി എന്നിവയുടെ കിരണങ്ങള്‍ മാതാവിന്റെ കരങ്ങളില്‍ നിന്നും ആഗമിക്കുന്നു. കുരിശില്‍ നിന്ന് ലഭിച്ച ഈ അനുഗ്രഹങ്ങള്‍ ഈ പ്രാര്‍ത്ഥന ദിവസേന ചൊല്ലുന്നവര്‍ക്കെല്ലാം അമ്മ നല്കുന്നു.

റോസാമിസ്റ്റിക്കായുടെ തിരുനാള്‍ ജൂലൈ 13. എല്ലാമാസവും 13-ാം തീയതി ആചരിക്കുക. അതിന് ഒരുക്കമായി റോസമിസ്റ്റിക്കയുടെ പ്രാര്‍ത്ഥന 1-ാം തീയതി മുതല്‍ 13-ാം തീയതി വരെ നടത്തുക.

+++