മാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

എത്രയും ദയയുള്ള മാതാവെന്നും നന്മ നിറഞ്ഞവളെന്നും വാഴ്ത്തപ്പെടുന്ന പരിശുദ്ധ മറിയമേ, ഈ ലോകത്തില്‍ വച്ചേറ്റവും ഭാഗ്യവതിയായ സ്ത്രീ അമ്മ തന്നെയാണല്ലോ?. ഒരേ സമയം ദൈവപിതാവിന്റെ മകളായും ദൈവകുമാരന്റെ അമ്മയായും പരിശുദ്ധാത്മാവിന്റെ മണവാട്ടിയായും മാറുവാന്‍ അവസരം ലഭിച്ചവളാണല്ലോ അമ്മ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മധ്യേ ആയിരുന്നുകൊണ്ട് സ്വാതന്ത്രത്തോടെ മാധ്യസ്ഥം യാചിക്കാനും അമ്മയ്ക്ക് കഴിയുന്നു. അമ്മേ അതുകൊണ്ട് ജീവിതത്തിലെ ഭൗതികവും ആത്മീയവുമായ എല്ലാ നിയോഗങ്ങളുടെയുംപേരില്‍ അമ്മ ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേയെന്ന് താഴ്മയായി ഞങ്ങള്‍ അപേകഷിക്കുന്നു. അമ്മ ആവശ്യപ്പെടുന്നതൊന്നും സ്വര്‍ഗ്ഗം നിഷേധിക്കുകയില്ലെന്ന ഉറച്ചവിശ്വാസത്താല്‍ ഞങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

ലോകമോഹങ്ങളും ജീവിതവ്യഗ്രതകളുമാണ് ഞങ്ങളെ വഴിതെറ്റിക്കുന്നതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എങ്കിലും, പാപത്തിന്റെ നൈമിഷികസുഖങ്ങളിലേക്ക് വീണ്ടും വീണുപോകുന്നു. ലോകത്തെ നോക്കി രക്തകണ്ണീരൊഴുക്കുന്ന പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്ക് വിശുദ്ധിയില്‍ ജീവിക്കാനുള്ള നിലനില്പിന്റെ വരം ലഭിക്കുന്നതിനായി അങ്ങേ തിരുക്കുമാരന്റെ സന്നിധിയില്‍ അമ്മ ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ, ആമ്മേന്‍.

+++