വി.യൗസേപ്പിതാവിനോടുള്ള ജപം
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേ പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങയെ ഒന്നിപ്പിച്ച ദിവ്യസ്‌നേഹത്തെക്കുറിച്ചും, ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും, ഈശോമിശിഹാ തന്റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്‌നേഹമുള്ള പിതാവേ; അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാരശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്ന് രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയില്‍നിന്നും എല്ലാ ആപത്തുകളില്‍നിന്നും കാത്തുകൊള്ളണമേ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായ്‌പ്പോഴും കാത്തുകൊള്ളണമേ. ആമ്മേന്‍.
+++