(മാസാദ്യ വെള്ളിയാഴ്ച തിരുഹൃദയത്തിനു മുമ്പാകെ ചൊല്ലേണ്ടത്‌)
ക്രിസ്തീയകുടുംബങ്ങളില്‍ വാഴുവാനുളള ആഗ്രഹം ഭാഗ്യവതിയായ മാര്‍ഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ തുടങ്ങി അങ്ങേയ്ക്കു ഇഷ്ടമുള്ള ജീവിതം നയിക്കാന്‍ ഞങ്ങള്‍ മനസ്സാകുന്നു. ഈ ലോകജീവിതത്തില്‍, ഏതെല്ലാം സുകൃതങ്ങള്‍ അഭ്യസിച്ചാല്‍ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങള്‍ ഈ കുടുംബത്തില്‍ സമൃദ്ധമായി വളരുന്നതിന് ഞങ്ങള്‍ യത്‌നിക്കുന്നതാണ്. അങ്ങ് ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളില്‍ നിന്ന് ദൂരത്തില്‍ അകറ്റുന്നതിനു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ വിശ്വാസത്തിന്റെ ആത്മാര്‍ത്ഥതവഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്‌നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴണമേ, ഈ സ്‌നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യസ്വീകരണത്തില്‍ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങള്‍ പരിശ്രമിക്കും.

ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷപീഠമലങ്കരിക്കുവാന്‍ അങ്ങു മനസ്സാകണമേ. ഞങ്ങളുടെ ആത്മീയവും, ലൗകീകവുമായ സംരംഭങ്ങളെ അങ്ങ് ആശീര്‍വദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളേയും ഞങ്ങളില്‍ നിന്ന് അകറ്റണണേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്കണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തില്‍ വീഴാനിടയായാല്‍, ഓ, ദിവ്യഹൃദയമേ, അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും ന്‌സയും കരുണയും കാണിക്കുന്നവനാണെന്ന് അയാളെ ഓര്‍മ്മിപ്പിക്കണമേ. ജീവിതാന്ത്യത്തില്‍ അന്ത്യവേര്‍പാടിന്റെ മണിനാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്താപത്തില്‍ ആഴ്ത്തുകയും ചെയ്യുമ്പോള്‍ അങ്ങയുടെ അലംഘനീയമായ ആ കല്പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാഗങ്ങളെല്ലാവരും മോക്ഷത്തില്‍ ഒന്നുചേര്‍ന്ന് അങ്ങയുടെ മഹത്ത്വത്തെയും കാരുണ്യത്തെയും പാടിസ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.