തിരുഹൃദയത്തോടുള്ള പ്രതിഷ്ഠാജപം
ഈശോയുടെ തിരുഹൃദയമേ ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമെ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരേയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമെ. (മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ). അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലുംനിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
മറിയത്തിന്റെ വിമലഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.
ഈശോമിശിഹായുടെ തിരുഹൃദയമേ
ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമല ഹൃദയമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വി.യൗസേപ്പിതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വി.ഫ്രാന്‍സീസ് അസ്സീസ്സി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വി.മാര്‍ഗ്ഗരീത്താ മറിയമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
തിരുവചനങ്ങള്‍
ഞാനാണു കര്‍ത്താവ് എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹൃദയം നല്‍കും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. അവര്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരും (ജറെമിയ 24:7).
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 34:18).
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും (മത്തായി 11:29).