രാത്രിജപം - പ്രാര്‍ത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍. എന്റെ ഈശോ നാഥാ, ഇന്നേ ദിവസം എനിക്ക് നല്‍കിയ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലാ ആപത്തുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും എന്നെ കാത്തു പരിപാലിച്ച എന്റെ നല്ല ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

കാരുണ്യവാനായ ഈശോനാഥാ, എന്നേയും എന്റെ കുടുംബത്തേയും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഈ രാത്രിയില്‍ അങ്ങേ കൃപയിലും വിശുദ്ധിയിലും ഞങ്ങളെ കാത്തുപരിപാലിക്കണമേ. പരിശുദ്ധ കന്യകാമറിയമേ അവിടുത്തെ വിമലഹൃദയത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങളുടെ കാവല്‍ മാലാഖമാരേ പരിശുദ്ധന്മാരേ എനിക്കും എന്റെ കുടുംബത്തിനും ഈ രാത്രിയില്‍ സംരക്ഷണം നല്‍കണമേ. ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനെയും ഹൃദയത്തെയും നിങ്ങള്‍ക്ക് ഞാന്‍ കാഴ്ചവയ്ക്കുന്നു.നല്ലൊരു പ്രഭാതം കണ്ടുകൊണ്ട് അങ്ങയില്‍ ഉണരുവാന്‍ എന്നെ അനുഗ്രഹിക്കണമേ.

എന്റെ അമ്മേ എന്റെ ആശ്രയമേ
എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

തിരുവചനം 

അങ്ങനെ നീ നിന്റെ വഴിയില്‍ സുരക്ഷിതനായി നടക്കും; നിന്റെ കാലിടറുകയില്ല. നീ നിര്‍ഭയനായിരിക്കും;നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും (സുഭാഷിതങ്ങള്‍ 3:23 - 24).

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍കര്‍ത്താവിന്റെ കരങ്ങളിലാണ്. (സങ്കീര്‍ത്തനങ്ങള്‍ 3:5).

ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും (യാക്കോബ് 4:8).

നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കും (ജോഷ്വാ 3:5).

+++