ക്ഷമയുടെ പ്രാര്‍ത്ഥന

(ഏതെങ്കിലും വ്യക്തിയോട് ക്ഷമിക്കേണ്ടതുണ്ടെങ്കില്‍ .... ആ വ്യക്തിയേയും വ്യക്തിയുടെ പേരും മനസ്സില്‍ കണ്ടുകൊണ്ട് കണ്ണുകളടച്ച് ധ്യാനപൂര്‍വ്വം)

എന്നില്‍ വസിക്കുന്ന ത്രീയേകദൈവമേ ഈ വ്യക്തിയെ (പേര്) അങ്ങയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. എന്നെയും സമര്‍പ്പിക്കുന്നു. ഈ വ്യക്തിയോട് (പേര്) ഞാന്‍ പൂര്‍ണ്ണമായും ക്ഷമിക്കുന്നു. ഞങ്ങളെ അനുരഞ്ജിപ്പിക്കണമേ. ഈ മകനേയും /മകളേയും എന്നെയും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ, എന്റെ അബോധമനസ്സിലും ഉപബോധമനസ്സിലും, സുബോധമനസ്സിലും ഈ മകനോടുള്ള വെറുപ്പ്, വൈരാഗ്യം എന്നിവയെ നിര്‍മ്മാര്‍ജ്ജനം  ചെയ്യണമേ. ഈശോയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ.  (അല്പനേരം സ്തുതിച്ചു പ്രാര്‍ത്ഥിക്കുക)

(ക്ഷമിക്കപ്പെടുവാന്‍ ഒന്നിലധികം വ്യക്തികളുണ്ടെങ്കില്‍ ഓരോ വ്യക്തിയേയും അവരുടെ പേരും സഹിതം മനസ്സില്‍ കൊണ്ടുവന്ന് അവരോട് പൂര്‍ണ്ണമായും ക്ഷമിക്കുക. തുടര്‍ന്ന് കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കുക. മരിച്ചുപോയ വ്യക്തിയാണെങ്കില്‍ ആ വ്യക്തിയെ അകക്കണ്ണുകൊണ്ട് കണ്ട് ആ വ്യക്തിയുടെ ആത്മാവിനോട് എന്നവിധം പ്രാര്‍ത്ഥിക്കുക. ആ വ്യക്തിയോടുള്ള വെറുപ്പ് പൂര്‍ണ്ണമായും ക്ഷമിച്ചുവെന്ന് ബോദ്ധ്യപ്പെടുന്നതുവരെ പ്രാര്‍ത്ഥന ചൊല്ലണം.)

തിരുവചനം 

നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവന്‍ വിശ്വസ്തനും, നീതിമാനുമാകയാല്‍പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. (1 യോഹന്നാന്‍ 1:9)

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും? എന്നാല്‍, അങ്ങ് പാപംപൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തിയോടെ നില്‍ക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 130:3-4).

ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ(മത്തായി 6:12).

+++