നമ്മുടെ ബലഹീനതകള്‍ സമര്‍പ്പിച്ചുള്ള പ്രാര്‍ത്ഥന

എന്നില്‍ വസിക്കുന്ന ത്രീയേകദൈവമേ എന്റെ എല്ലാ ബലഹീനതകളേയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ഈശോയേ എന്റെ തഴക്കദോഷങ്ങള്‍, സ്വര്‍ത്ഥത, അഹങ്കാരം, വെറുപ്പ്, വിദ്വേഷം, അസൂയ, വൈരാഗ്യം, മുന്‍കോപം, ആസക്തികള്‍, ദുഷ്ചിന്തകള്‍, നിരാശ, അപകര്‍ഷതാബോധം, മറ്റുളളവരെ വിധിക്കുന്ന പ്രവണത, മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ സാധിക്കാത്ത അവസ്ഥ, പ്രാര്‍ത്ഥനയിലുള്ള ശുഷ്‌കാന്തിക്കുറവ് എന്നിവ ഞാന്‍ അവിടുത്തെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. (ഓരോന്നും പ്രത്യേകം ഓര്‍ത്ത് സമര്‍പ്പിക്കുക). അവിടുന്ന് എന്നെ വിശുദ്ധീകരിക്കണമേ. എന്നെ ദ്രോഹിക്കുന്നവരോട് പൂര്‍ണ്ണമായും ക്ഷമിക്കുവാന്‍ എനിക്ക് ശക്തി തരണമേ. അവിടുത്തെ കൃപാസമുദ്രത്തില്‍ എന്റെ പാപങ്ങളുടെയും കടങ്ങളുടെയും കറകഴുകി എന്നെ വിശുദ്ധീകരിക്കണമേ. നിര്‍മ്മലമായ ഒരു ഹൃദയവും, എല്ലാം ക്ഷമിക്കുവാനുള്ള മനസ്സും എനിക്ക് തരണമേ.

തിരുവചനം 

തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നുദുര്‍ബലന്‌ ശക്തിപകരുകയും ചെയ്യുന്നുയുവാക്കള്‍പോലും തളരുകയും,ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാംഎന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലുംക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല(ഏശയ്യാ 40:29- 31)

എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും (മലാക്കി 4:2).

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും (ഫിലിപ്പി 4:13).    

+++