പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥന
1)ആത്മാവ്, മനസ്സാക്ഷി, മനസ്സ്, ചിന്തകള്‍, ഭാവനകള്‍, ബുദ്ധി
ഈശോനാഥാ എന്റെ ആത്മാവിനെ ഞാന്‍ അങ്ങേ പക്കല്‍ സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന് ദൈവാത്മാവുമായി ലയിച്ചുചേരുന്നതിന് തടസ്സമായിട്ടുള്ള എല്ലാ അശുദ്ധിയും അവിടുത്തെ തിരുരക്തത്താല്‍ വിശുദ്ധീകരിക്കണമേ.
എന്റെ മനസ്സാക്ഷിയെ ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സാക്ഷിയിലുള്ള തെറ്റായ ബോദ്ധ്യങ്ങളെ അവിടുത്തെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. ഈശോയേ എന്റെ അബോധമനസ്സിനേയും ഉപബോധമനസ്സിനെയും സുബോധമനസ്സിനെയും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സിനേറ്റ മുറിവുകള്‍ അവിടുത്തെ തിരുകാസയിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവേ അവിടുത്തെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ.
ഈശോയേ എന്റെ ചിന്താശക്തിയേയും ഭാവനാശക്തിയേയും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ചിന്തയിലും ഭാവനയിലും നിലകൊള്ളുന്ന അശുദ്ധിയുടെ മേഖലകളൊക്കെയും ഞാന്‍ സമര്‍പ്പിക്കുന്നു. (ചിന്തയിലൂടെ ചെയ്തിട്ടുള്ള പാപങ്ങള്‍ മനസ്സിലേക്ക് കൊണ്ടുവരിക. അവയെക്കുറിച്ചോര്‍ത്ത് മനസ്തപിക്കുക.) എന്റെ ബുദ്ധിശക്തിയെ ഞാന്‍ സമര്‍പ്പിക്കുന്നു. അവിടുത്തെ തിരുരക്തത്താല്‍ എന്നെ ശുദ്ധീകരിക്കണമേ. ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.
ഗാനം
'തിരുരക്തത്താല്‍ കഴുകണമേ
നിത്യാത്മാവേ എന്‍ ഹൃദയം
തിരുരക്തത്താല്‍ കഴുകണമേ
നിത്യാത്മാവേ എന്‍ മനസ്സാക്ഷി'
2) ശരീരവും പഞ്ചേന്ദ്രിയങ്ങളും
എന്റെ ഈശോയേ എന്റെ ശിരസ്സിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ശിരസ്സ് നമിക്കുക). എന്റെ ശരീരത്തെ മുഴുവനായി ഞാന്‍ സമര്‍പ്പിക്കുന്നു. (ശരീരത്തിലെ എല്ലാ അവയവങ്ങളും വിശിഷ്യ അസുഖമുള്ള ഭാഗമുണ്ടെങ്കില്‍ പ്രത്യേകമായും മനസ്സില്‍ ഓര്‍ത്തു സമര്‍പ്പിക്കുക). എന്റെ ശരീരഅവയവങ്ങള്‍ കൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഞാന്‍ അങ്ങേ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. എന്നോട് ക്ഷമിക്കണമേ. (പലപ്പോഴായി ചെയ്തിട്ടുള്ള പാപങ്ങളോര്‍ത്ത് ക്ഷമ ചോദിക്കുക) അവിടുത്തെ തിരുരക്തത്താല്‍ എന്റെ ശരീരത്തെ കഴുകി വിശുദ്ധീകരിക്കണമേ. അവിടുത്തെ തിരുരക്തത്തിന്റെ സംരക്ഷണം എനിക്കു തരണമേ.
ഈശോനാഥാ, എന്റെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നിവ ഞാന്‍ പ്രത്യേകം സമര്‍പ്പിക്കുന്നു. എന്റെ കണ്ണുകളിലൂടെ കണ്ടിട്ടുള്ള അശുദ്ധമായ കാഴ്ചകളും കാതില്‍ക്കൂടി കേട്ടിട്ടുള്ള അശുദ്ധമായ സ്വരങ്ങളും എന്റെ നാവിലൂടെ പറഞ്ഞിട്ടുള്ള വേദനിപ്പിക്കുന്ന സംസാരങ്ങളും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കണമേ. (ഓരോ പാപവും ഓര്‍ത്ത് ക്ഷമ ചോദിക്കുക) അവിടുത്തെ തിരുരക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.
മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ!
മിശിഹായുടെ തിരുശ്ശരീരമേ - എന്നെ രക്ഷിക്കണമേ!
മിശിഹായുടെ തിരുരക്തമേ - എന്നെ ലഹരി പിടിപ്പിക്കണമേ!
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ - എന്നെ കഴുകണമേ!
മിശിഹായുടെ കഷ്ടാനുഭവമേ - എന്നെ ധൈര്യപ്പെടുത്തണമേ!
നല്ല ഈശോ - എന്റെ അപേക്ഷ കേള്‍ക്കണമേ!
അങ്ങേ തിരുമുറിവുകളുടെയിടയില്‍ - എന്നെ മറച്ചുകൊള്ളണമേ!
അങ്ങയില്‍ നിന്ന് പിരിഞ്ഞുപോകുവാന്‍ - എന്നെ അനുവദിക്കരുതെ!
ദുഷ്ടശത്രുക്കളില്‍ നിന്നും - എന്നെ കാത്തുകൊള്ളണമേ!
എന്റെ മരണനേരത്ത് - എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണേമ.
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ സ്തുതിക്കുന്നതിന് - അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ - എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
തിരുവചനം
ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കുംഅടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്ധീകരണത്തിനുവേണ്ടി നീതിക്ക് അടിമകളായി സമര്‍പ്പിക്കുവിന്‍ (റോമാ 6:19).
നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍, ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന (റോമാ 12:1).
സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ! (1 തെസലോനിക്ക 5:23).
+++