ആരാധന, സ്തുതി, നന്ദി പ്രാര്‍ത്ഥന

ഈശോയേ ഞാന്‍ നിന്നെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദിപറയുന്നു. ഈശോ നീയാണെന്റെ ദൈവം, നീയാണെന്റെ ശക്തി, നീയാണെന്റെ ജീവന്‍, നീയെന്റെ ശരണം, നീയെന്റെ ആശ്രയം, നീയാണെന്റെ സര്‍വ്വസ്വവും. ഞാന്‍ നിന്നെ ആരാധിക്കുന്നു.

ഗാനം
ദൈവപിതാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്റെ സര്‍വ്വസ്വവും നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു.

യേശുവേ നാഥാ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്റെ സര്‍വ്വസ്വവും നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു.

പാവനാത്മാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്റെ സര്‍വ്വസ്വവും നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു.

സ്രഷ്ടാവായ ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ സൃഷ്ടിച്ചവനേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ പരിപാലിക്കുന്നവനേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പ്രപഞ്ചത്തെയാകെ കാത്തുസംരക്ഷിക്കുന്ന ദൈവമേ ഞാന്‍ അങ്ങയെ, സ്തുതിക്കുന്നു. ഞങ്ങളുടെ കുടുംബത്തെ എല്ലാ ആപത്തുകളില്‍ നിന്നും കാത്തുപരിപാലിക്കുന്ന ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സ്‌നേഹമാകുന്ന ത്രീത്വേക ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.

ഗാനം 

സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ - നാഥന്‍
നാള്‍തോറും ചെയ്ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ

കര്‍ത്താവായ ദൈവമേ അവിടുന്ന് എനിക്ക് നല്കിയിട്ടുള്ളതും നല്കിക്കൊണ്ടിരിക്കുന്നതുമായ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (താഴെ കൊടുത്തിരിക്കുന്നവയില്‍ തനിക്കുള്ളതിനൊക്കെയും നന്ദി പറയുക).

മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍, ബന്ധുമിത്രങ്ങള്‍, ഉപകാരികള്‍, എനിക്കു ലഭിച്ച വിദ്യാഭ്യാസം, ജോലി, ജീവിതപങ്കാളി, മക്കള്‍, വീട്, വാഹനം, മറ്റു സൗകര്യങ്ങള്‍, കൂടാതെ ഈ ദിവസങ്ങളില്‍ പ്രത്യേകമായി ലഭിച്ച അനുഗ്രഹങ്ങള്‍ ഇവയ്‌ക്കൊക്കെയും ഞാന്‍ നന്ദി പറയുന്നു.

ഗാനം

നന്ദി ദൈവമേ നന്ദി ദൈവമേ
നിത്യവും നിത്യവും നന്ദി ദൈവമേ
അങ്ങു തന്ന ദാനത്തിനു നന്ദിയേകിടാം
അങ്ങു തന്ന സ്‌നേഹത്തിനു നന്ദിയേകിടാം
നന്മരൂപനേ നല്ല ദൈവമേ

തിരുവചനം

യഥാര്‍ത്ഥ ആരാധകന്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും (യോഹന്നാന്‍ 4:23).

ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് (ഫിലിപ്പി 2:9-11).

സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപനങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍ (എഫെസോസ് 5:19).

+++