റോമില്‍ സമാപിച്ച കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള സിനഡ് ഭാരതസഭയ്ക്ക് ഉണര്‍വ്വേകുമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാബാവ. ഭാരതസഭയിലും കുംടുബങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ഉടന്‍ ആവിഷ്‌ക്കരിക്കുമെന്നും ബാവാ പറഞ്ഞു.

സംഘര്‍ഷത്തിലും സമ്മര്‍ദ്ദങ്ങളിലും കൂടെ കടന്നുപോകുന്ന കുടുംബങ്ങളെ കരുണയോടും സഹാനുഭൂതിയോടെയും മാത്രമേ സമീപിക്കാവൂ എന്ന നിലപാട് ശ്രദ്ധേയമായിരുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിവാഹം വേര്‍പെട്ടു ജീവിക്കുന്നവരും അതുപോലെയുള്ള സാഹചര്യങ്ങളിലുള്ളവരും മെത്രാന്റെ അജപാലന ശുശ്രൂഷയുടെ നന്മ പ്രതീക്ഷിച്ചു കഴിയുന്നവരാകയാല്‍ അനുഭാവത്തോടെ മാത്രമേ സഭയ്ക്ക് സമീപിക്കാനാവൂ. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് സഭയുടെ അഗീകരിക്കപ്പെട്ട വിവാഹം; അതു മാത്രമേ വിവാഹമായി സഭ സ്വീകരിക്കുകയുള്ളുവെന്നത് സിനഡ് വ്യക്തമാക്കിയതായി ബാവ വ്യക്തമാക്കി. അവികസിത രാജ്യങ്ങളിലെ ദാരിദ്രത്തിന്റെ പശ്ചാതലത്തില്‍, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ആവശ്യഘടകം എന്ന നിലയില്‍ ''സ്വവര്‍ഗ്ഗവിവാഹത്തെ'' വിവാഹമായി അംഗീകരിക്കണമെന്ന ചില അന്തര്‍ദേശീയ സംഘടനകളുടെ നിബന്ധന അസ്വീകാര്യമാണെന്നും സിനഡ് ചൂണ്ടിക്കാട്ടി. മദ്ധ്യപൂര്‍വ്വപ്രദേശത്തെ ക്ലേശമനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് കേരള കത്തോലിക്കാ സഭയുടെ ഒരു പ്രത്യേക സഹായം കെ.സി.ബി.സി. ചെയര്‍മാന്‍ കൂടിയായ മാര്‍ ക്ലീമിസ് ബാവാ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് കൈമാറി. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ ക്ലേശമനുഭവിക്കുന്നവരും സഹായിക്കുവാന്‍ നിങ്ങള്‍ കാണിച്ച നല്ല മനസ്സിന് ഞാന്‍ നന്ദി പറയുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രതികരിച്ചു.

ഒക്‌ടോബര്‍ 25ന് ബെയ്‌റൂട്ടില്‍ നടക്കുന്ന സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രത്യേക ക്ഷണമനുസരിച്ച് ഭാരതസഭയെ പ്രതിനിധീകരിച്ച് ബാവാ സംബന്ധിക്കുന്നതാണ്. പീഢനമനുഭവിക്കുന്ന ഒരു സഭയുടെ സുന്നഹദോസിനെ അഭിസംബോധന ചെയ്യുന്നത് ആത്മീയ അഭിഷേകമായി കാണുന്നുവെന്ന് ബാവാ പറഞ്ഞു. 49 പേജുകളായി 94 പ്രമേയങ്ങളടങ്ങിയതും സിനഡിലെ ഔദ്യോഗിക അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തിയതുമായ സിനഡ് രേഖ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് സമ്മര്‍പ്പിച്ചതായി കര്‍ദിനാള്‍ പറഞ്ഞു. സിനഡ് സമ്മര്‍പ്പിച്ച രേഖ ഓരോ പ്രമേയവും പഠിച്ച് മാര്‍പാപ്പ അപ്പസ്‌തോലിക പ്രബോധനരേഖ പ്രസിദ്ധീകരിക്കും.

വിശ്വാസപരിശീലനത്തില്‍ സഭ കൂടുതല്‍ ശ്രദ്ധിക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ട് പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും വിവാഹ ഒരുക്ക പരിശീലനവുമാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ്ഗ പരിശീലനത്തില്‍ സഭ എപ്പോഴും ദത്തശ്രദ്ധയായിരിക്കണം. കുട്ടികള്‍, കൗമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ത്ഥികള്‍, മാതാപിതാക്കന്മാര്‍ ഇങ്ങനെ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചതായി കര്‍ദ്ദിനാള്‍ പറഞ്ഞു.

വിവാഹമോചനം നേടി വീണ്ടും വിവാഹം ചെയ്യുന്നവരെ സഭാസമൂഹത്തില്‍ ചേര്‍ത്തുനിര്‍ത്തണമെന്നതാണ് സിനഡിന്റെ അഭിപ്രായം. അതിന് ഓരോ ഇണകളുടെ കാര്യത്തിലും അജപാലകന്മാര്‍ അതാതു രൂപതകളിലെ മെത്രാന്മാരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ആശയമാണ് സിനഡ് മുന്നോട്ടു വച്ചത്. വിവാഹത്തിനുമുമ്പ് കൂടിതാമസിക്കുന്നവരെ അജപാലനസമീപനങ്ങള്‍വഴി വിവാഹമെന്ന കൂദാശയിലേക്ക് ആനയിക്കണമെന്നും നിര്‍ദേശമുണ്ട്. സിനഡിന്റെ തുടക്കത്തിനുശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍വച്ച് പരിശുദ്ധ പിതാവ് ലൂയി മാര്‍ട്ടിന്‍, സെലിഗ്വരിന്‍ ദമ്പതികളെ വിശുദ്ധ പദവിലേക്കുയര്‍ത്തി. ഇവര്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളാണ്. ആദ്യമായാണ് ഒരു ദമ്പതികളെ ഒരുമിച്ച് വിശുദ്ധരായി നാമകരണം ചെയ്യുന്നത്. കുടുംബത്തെക്കുറിച്ചുള്ള സിനഡിന് മകുടം ചാര്‍ത്തിയ സംഭവമായിരുന്നു അത്.

സിനഡിന്റെ സമാപനസമ്മേളനത്തിനുമുമ്പായി അല്മായര്‍ക്കും കുടുംബത്തി നും വേണ്ടി ഉണ്ടായിരുന്ന പ്രത്യേക പൊന്തിഫിക്കല്‍ കൗണ്‍സിലുകളെയും മനുഷ്യജീവനുവേണ്ടിയുള്ള അക്കാഡമിയെയും കൂട്ടിച്ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ പുതിയൊരു കാര്യാലയം രൂപവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിലും ഇന്ത്യയിലും ഇതുപോലെ കമ്മീഷന്‍സ് ഉണ്ടാക്കേണ്ടതാണ്.

തിരുക്കുടുംബത്തിന്റെ പിത്തളയില്‍ ചെയ്ത ഒരു റിലീഫ് ചിത്രമാണ് പരിശുദ്ധ പിതാവ് സിനഡ് അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. ഇപ്രാവശ്യത്തെ സിനഡിന്റെ പ്രത്യേകതകളിലൊന്ന് ഏഴ് ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രതിനിധികളും ആംഗ്ലിക്കന്‍, ലൂഥറന്‍, മെത്തഡിസ്റ്റ് സഭകളുടെ ഓരോ പ്രതിനിധിയും സൗഹൃദാംഗങ്ങളായി സംബന്ധിച്ചു എന്നതാണ്. സമ്മേളനത്തിനിടയില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ച സിനഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചുവെന്നതും പ്രസ്താവ യോഗ്യമാണ്.