ഏതൊരാളുടെയും അന്ത്യമൊഴി ഏറെ പ്രധാനപ്പെട്ടതാണ്. അതില്‍ അയാളുടെ ജീവിതം മുഴുവന്‍ ഒരുപക്ഷേ സംഗ്രഹിച്ചേക്കാം. അതുകൊണ്ടാണ്, മരണവാര്‍ത്ത കേട്ടാലുടനെ അയാളുടെ അവസാനസമയത്തെക്കുറിച്ചും കേള്‍ക്കാന്‍ നാം തിടുക്കം കൂട്ടുന്നത്. ഒരു ബന്ധവും ഇല്ലാത്തവര്‍ക്കുപോലും ഇതു കേള്‍ക്കാന്‍ താല്പര്യമുണ്ട്. കാരണം, ഇനിയൊരിക്കലും അയാള്‍ ഒന്നും പറയില്ല. ജീവിച്ചുതീര്‍ന്നതാകണമെന്നില്ല അയാള്‍ അവസാനം വിളിച്ചുപറയുന്നത്. ജീവിക്കാനിരുന്നതും ആകാം. ആ വാക്കുകളില്‍ ഒരാളുടെ ഇന്നലെയുടെ കുറ്റബോധവും ഇന്നിന്റെ നോവും നാളെയുടെ സ്വപ്‌നങ്ങളും ഒക്കെ കണ്ടേക്കാം. ദുര്‍ബലന്റെ നാവില്‍നിന്നും ശക്തവും ശക്തന്റെ നാവില്‍നിന്നും ദുര്‍ബലവും ആയ വചനങ്ങളും നാം കേട്ടേക്കാം.

ഒരായുസ്സു മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുമായി മാത്രം ജീവിച്ച ഒരുവന്‍ അവസാനനേരത്തും ഒരു നോക്കുകൂടി അവരെക്കാണാനുള്ള തിടുക്കം കാണിച്ചേക്കാം. ജീവിതത്തിന്റെ സിംഹഭാഗവും തനിക്കായി മാത്രം ജീവിച്ചവന്‍ കൈവെള്ളയില്‍നിന്ന് എല്ലാം തെന്നിമാറുന്നതിനെയോര്‍ത്ത് വിലപിച്ചേക്കാം. ദൈവത്തിനായി ജീവിച്ചവന്‍ ചെന്നുപെടേണ്ട ഇടത്തെക്കുറിച്ചോര്‍ത്ത് ആനന്ദ ലഹരിയില്‍ നീങ്ങിയേക്കാം. ഒരു ദൈവനിഷേധി ജീവന്‍ മരണ പോരാട്ടത്തിനിടയില്‍ ആരുടെയെങ്കിലും സഹായത്തിനായി നിലവിളിച്ചേക്കാം. എന്തായാലും, അവസാനവാക്ക് ഒരിക്കലേ പറയൂ എന്നതുകൊണ്ട് പ്രധാന്യമുണ്ടതിന്.

ഭിക്ഷ യാചിച്ച് നടക്കുന്ന ഒരു നാടോടി കുട്ടി. റോഡു മുറിച്ചുകടക്കുന്ന അവനെ പെട്ടന്നുവന്ന ലോറി ഇടിച്ച് റോഡില്‍ അരഞ്ഞുകിടക്കുന്നു. ദേഹം മുഴുവന്‍ രക്തത്തിലായ ആ പൈതല്‍ ശേഷിച്ച ജീവന്‍ ചേര്‍ത്തുപിടിച്ച് തലയുയര്‍ത്തി ചുറ്റും കൂടിയവരോട് ചോദിച്ചു, 'എന്റെ ഉമ്മയ്ക്ക് ഇനി ആരു ചോറു കൊടുക്കും?' തളര്‍ന്നുകിടക്കുന്ന ഉമ്മയ്ക്ക് ചോറുവാങ്ങാന്‍ പോയതാണവന്‍, അന്നുകിട്ടിയ നാണയത്തുട്ടുകളുമായി. പിച്ചവച്ചപ്പോള്‍ മുതല്‍ ഉമ്മയെ ഊട്ടാന്‍ നടന്നവന്‍, ഈ ചോദ്യമല്ലാതെ അവസാനമായി എന്തു പറയാനാണ്.

അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിക്കെതിരെ നാഥുറാം ഗോഡ്‌സെ നിറയൊഴിച്ചപ്പോള്‍ തളര്‍ന്നുവീണുപോയ ആ വീരപുരുഷന്‍ നിലവിളിച്ചു, ഹേ റാം! ഈശ്വരനിയോഗാര്‍ത്ഥം കര്‍മ്മങ്ങളെ ക്രമീകരിച്ചവന് അവസാനം അതേ പറയാനാകൂ. ഉറ്റവരെല്ലാം മരണമടഞ്ഞിട്ടും വീട്ടിലേക്കു മടങ്ങാന്‍ അനേകര്‍ ഉപദേശിച്ചിട്ടും പാതിവഴിയെ ദൈവവിളി വിട്ടെറിയാതെ മുന്നോട്ടുനീങ്ങിയ സന്യാസവര്യന്‍ വിശുദ്ധ ചാവറയച്ചനെ ഓര്‍ക്കുക. മരണമുഖത്തു നില്‍ക്കുന്ന അദ്ദേഹം കൂട്ടത്തിലുള്ളവരോട് തനിക്കായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഒരു സന്ദേശവും കൊടുത്തു. മാമ്മോദീസയില്‍ കിട്ടിയ ആ വിശുദ്ധവസ്ത്രത്തില്‍ കളങ്കം ചാര്‍ത്താന്‍ ഒരിക്കലും ഇടവന്നിട്ടില്ല, ദൈവത്തിന് സ്തുതി!

വലത്തുവശത്തെ കള്ളനെ ഓര്‍ക്കുക. ആദ്യമായും അവസാനമായും ഒരു പ്രാര്‍ത്ഥന നടത്തി, അതായിരുന്നു അവന്റെ അന്ത്യമൊഴി. പറുദീസയില്‍ കൂട്ടുചേര്‍ക്കണേയെന്ന്. അവന്‍ ജീവിക്കാന്‍ ആഗ്രഹിച്ചതവന്‍ പറഞ്ഞു, അവനത് ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും. ഈ അന്ത്യമൊഴികളൊക്കെ മനോഹരമാണ്. എങ്കിലും ഇതില്‍നിന്നെല്ലാം ഭിന്നമാണ് ക്രൂശിതന്റേത്. ശേഷിച്ച ജീവന്‍ വച്ച് സ്വപ്‌നവചനങ്ങള്‍ ഉരുവിട്ടു, ചാവരുളായി. 

ആദ്യവചനം ശത്രുവിനുവേണ്ടി (അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല, അതുകൊണ്ട് അപ്പാ അവരോട് പൊറുക്കണം). യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. (ലൂക്കാ 23:34). രണ്ടാം വചനം പാപിക്കുവേണ്ടി (ഇന്നു നീ പറുദീസയില്‍ കൂട്ടുചേരും). യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും (ലൂക്കാ 23:43). മൂന്നാമത്തേത് വിശുദ്ധര്‍ക്കായി (സ്ത്രീയേ, ഇതാ നിന്റെ മകന്‍). യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു (യോഹന്നാന്‍ 19:26-27)

ദൈവസ്‌നേഹത്തിന്റെ ഓര്‍ഡര്‍ അഥവാ ക്രമം ഇതാണ്. ആദ്യം ശത്രുവിന് സ്‌നേഹം, പിന്നെ പാപിക്ക് മോചനം, ശേഷം വിശുദ്ധന് രക്ഷ. ഒരാള്‍ക്കും ഈവിധം അന്ത്യമൊഴികള്‍ ഉരുവിടാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. അങ്ങനെയൊന്ന് ചെയ്യാന്‍ സാധ്യത തെളിഞ്ഞാല്‍ പോലും നാം ആ ക്രമം തെറ്റിക്കും. ആദ്യം വിശുദ്ധന്, പിന്നെ പാപിക്ക്, ശേഷം ഒരുപക്ഷേ ശത്രുവിന്. ക്രൂശിതന്റെ വാക്കുകളില്‍ ആ ജീവിതമുണ്ട്. അഷ്ടസൗഭാഗ്യങ്ങളുടെ മലയില്‍ പറഞ്ഞത് സപ്തവാക്യങ്ങളുടെ കാല്‍വരിയില്‍ പൂവിട്ടു. മുപ്പത്തിമൂന്ന് വര്‍ഷം ജീവിച്ചത് മൂന്ന് മണിക്കൂറില്‍ സംഗ്രഹിച്ചു.

എന്റെ ജീവിതത്തിന്റെ അവസാനവാക്ക് എന്തായിരിക്കും? ജീവിച്ചതേ ഞാന്‍ പറയൂ. അതു പറയാനേ എനിക്കാകൂ അപ്പോള്‍. ആദ്യവാക്കിലും ജീവിതവചനങ്ങളിലും ഞാനിടറിയാല്‍ അവസാനവാക്കിലും ഞാനിടറും. ഇടറാത്ത അവസാനവാക്കിനായി ഒരു ജീവിതം എനിക്കു തരണമേ!

കടപ്പാട് : us.sundayshalom.com