1858 ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ പരിശുദ്ധ അമ്മ 18 തവണ ബര്‍ണ്ണര്‍ദീത്താ സൊബിറസിന് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ അമ്മ ഈ സമയങ്ങളില്‍ നല്‍കിയ സന്ദേശങ്ങള്‍ നമുക്കെല്ലാവര്‍ക്കും വേണ്ടി കൂടിയുളളതാണ്. 1844, ജനുവരി 7ാം തീയതിയാണ് ബര്‍ണ്ണര്‍ദീത്താ ജനിച്ചത്. ഫ്രാന്‍കോയീ സൊബിറസിന്റെയും ലൂയിസ് സൊബിറസിന്റെയും മൂത്തമകളായിരുന്നു ബര്‍ണ്ണര്‍ദീത്താ. അവള്‍ക്ക് ആറു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. അതില്‍ 10 വയസ്സിനു മുമ്പേ 5 പേര്‍ മരിച്ചുപോയി. ഈ നഷ്ടങ്ങള്‍ അവരുടെ കുടുംബത്തെ സ്‌നേഹത്തിലും ഐക്യത്തിലും കൂടുതല്‍ ബന്ധിപ്പിച്ചു. ആ കുടുംബം എപ്പോഴും സമാധാനത്തിലായിരുന്നു. തന്റെ മാതാപിതാക്കന്മാര്‍ ഒരിക്കല്‍ പോലും ശണ്ഠകൂടി കണ്ടിട്ടില്ലെന്ന് ബര്‍ണ്ണര്‍ദീത്താ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ ഈ ദൃഢത, ദാരിദ്ര്യമോ, രോഗമോ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അതിനെ അതിജീവിക്കാന്‍ ബര്‍ണ്ണര്‍ദീത്തയെ സഹായിച്ചു.

1854 ല്‍ ഉണ്ടായ ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തെ മാററിമറിച്ചു. ബര്‍ണ്ണര്‍ദീത്തായുടെ പിതാവ് രണ്ടു ചാക്ക് ധാന്യം മോഷ്ടിച്ചതായി തെററായി ആരോപിക്കപ്പെട്ട് ദിവസങ്ങളോളം ജയിലില്‍ കിടന്നു. രണ്ടു വര്‍ഷത്തോളം നാട്ടിലുണ്ടായ വരള്‍ച്ച ഗോതമ്പ് കൃഷിയേയും മില്ലിലെ ജോലിക്കാരെയും പ്രതികൂലമായി ബാധിച്ചു. മില്ലുടമയായിരുന്ന ഫ്രാന്‍കോയീസിന്റെ മില്ലും സ്തംഭിച്ചു. പണ്ട് ജയില്‍മുറിയായി ഉപയോഗിച്ചിരുന്ന 'കച്ചോട്ട്' എന്ന് ഒററമുറിയുളള ഒരു താമസസ്ഥലത്തേക്ക് അവര്‍ക്ക് ഒതുങ്ങിക്കൂടേണ്ടി വന്നു. ഈ സമയത്ത് ബര്‍ണ്ണര്‍ദീത്തക്ക് കോളറ പിടിപെട്ടു. എപ്പോഴും വന്നിരുന്ന കടുത്ത പനി അവളുടെ ജീവിതകാലം മുഴുവന്‍ ശരീരത്തെ തളര്‍ത്തിയിരുന്നു. ഈ ചെറിയ മുറിയില്‍ താമസിക്കുന്നു എന്നതിന്റെ പേരില്‍ ജനങ്ങളില്‍ നിന്നുളള ഒററപ്പെടുത്തലുകള്‍ അവളുടെ ജീവിതത്തെ മാനസികമായും പീഡിപ്പിച്ചിരുന്നു. അവളുടെ ശാരീരിക രോഗങ്ങള്‍ സ്‌കൂളില്‍ പോകുന്നതിന് പലപ്പോഴും തടസ്സം ചെയ്തിരുന്നു. പതിനാല് വയസ്സായിട്ടും അവള്‍ക്ക് ഫ്രഞ്ച് ഭാഷ സംസാരിക്കാനോ, എഴുതാനോ അറിയില്ലായിരുന്നു. വേദപാഠം ഫ്രഞ്ചില്‍ മാത്രമെ പഠിപ്പിച്ചിരുന്നുളളൂ. അതുകൊണ്ട് അവള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരണത്തിനൊരുക്കമായുളള പഠനങ്ങളൊന്നും നടത്താന്‍ സാധിച്ചില്ല. പളളിയില്‍ പോകും. പക്ഷേ, വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ അവര്‍ക്കു സാധിക്കില്ലായിരുന്നു. അമ്മയുടെ സ്‌നേഹം മാത്രമായിരുന്നു പലപ്പോഴും അവള്‍ക്കു കിട്ടുന്ന ഏക സാന്ത്വനം. പിന്നീട് ഫാദര്‍ പോമിയാന്‍ അവള്‍ക്ക് കുര്‍ബ്ബാന നല്‍കാന്‍ തയ്യാറായി. പരിശുദ്ധ കന്യാമറിയത്തിന്റെ 18 ദര്‍ശനങ്ങള്‍ ബര്‍ണ്ണര്‍ദീത്തായ്ക്കായ് സ്വര്‍ഗ്ഗത്തില്‍ നിന്നും നല്‍കപ്പെട്ടു. അതിനാല്‍ തന്നെ ലോകം ഒരിക്കലും ബര്‍ണ്ണര്‍ദീത്തായെ മറക്കില്ല.

ആദ്യദര്‍ശനം  1858 ഫെബ്രുവരി 11
വിഭൂതി ബുധനു മുമ്പുളള ഒരു ദിവസം ബര്‍ണ്ണന്‍ദീത്തായുടെ അമ്മ വീട്ടില്‍ ഒട്ടും വിറകില്ല എന്ന് തന്റെ മക്കളോടു പറഞ്ഞു. ബര്‍ണ്ണന്‍ദീത്തായും സഹോദരി ടോയ്‌നെററിയും അയല്‍ക്കാരിയായ ജെന്നി അബാഡിയും കൂടി വിറക് ശേഖരിക്കാന്‍ പോയി. തണുത്ത വെളളമുളള ഒരു കനാല്‍ കടന്നുവേണം അവര്‍ക്കു പോകാന്‍. ആസ്മയുണ്ടായാലെന്ന ഭീതിയില്‍ ബര്‍ണ്ണദീത്ത കനാല്‍ കടന്നില്ല. അവള്‍ അരുവിക്കിപ്പുറം നിന്നു. മററു രണ്ടു പേരും അരുവി കടന്നു. അരുവിയുടെ കരയില്‍ നില്‍ക്കുമ്പോള്‍ അവള്‍ കൊടുങ്കാററു പോലുളള ഒരു സ്വരം കേട്ടു. പക്ഷെ, ഈ കൊടുങ്കാററില്‍ ഒന്നും ചലിക്കുന്നുണ്ടായിരുന്നില്ല. അവള്‍ പേടിച്ച് വിറച്ച് ചിന്താശക്തിയും സംസാരശക്തിയും നഷ്ടപ്പെട്ടവളെപ്പോലെയായി. അവള്‍ നോക്കിയപ്പോള്‍ അടുത്തുളള ഗ്രോട്ടോയില്‍ പാറമേല്‍ ഒരു റോസാച്ചെടി ആടിക്കൊണ്ടിരിക്കുന്നത് കണ്ടു. ഗ്രോട്ടോയ്ക്കുളളില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുളള ഒരു മേഘവും അവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും ഭംഗിയുളള ഒരു യുവതി വന്ന് റോസാച്ചെടിയുടെ മുകളിലായി നില്‍ക്കുന്നതും അവള്‍ കണ്ടു. 

യുവതി, ബര്‍ണ്ണര്‍ദീത്തായെ നോക്കി പുഞ്ചിരിതൂകി അടുത്തേക്കു വരാന്‍ ആംഗ്യം കാണിച്ചു. ഒരു അമ്മയുടെ അത്ര വാത്സല്യത്തോടെയുളള ആ യുവതിയുടെ മുമ്പില്‍ കൊന്തെയടുത്ത് ബര്‍ണ്ണര്‍ദീത്താ മുട്ടുകുത്തി. ആ അമ്മയുടെ വലതുകയ്യിലും ഒരു കൊന്തയുണ്ടായിരുന്നു. ബര്‍ണ്ണര്‍ദീത്താ കൊന്ത തുടങ്ങാനായി കുരിശുവരയ്ക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ കൈ തളര്‍ന്നുപോയി. ആ യുവതി കുരിശു വരച്ചതിനുശേഷം മാത്രമേ അവള്‍ക്കു കുരിശുവരയ്ക്കാന്‍ സാധിച്ചുളളൂ. അവള്‍ കൊന്ത ചൊല്ലുന്ന നേരമത്രയും യുവതി നിശ്ശബ്ദയായി കൊന്തമണികള്‍ ഉരുട്ടിക്കൊണ്ടിരുന്നു. അവള്‍ കൊന്ത കഴിഞ്ഞപ്പോള്‍ യുവതി പാറയുടെ ഉള്‍ഭാഗത്തേക്കു പോയി. അതോടെ സ്വര്‍ണ്ണമേഘവും അപ്രത്യക്ഷമായി. അവള്‍, അവിടെ നടന്ന അസാധാരണ സംഭവങ്ങളെല്ലാം തന്റെ സഹോദരിയോട് പറഞ്ഞു. അന്നത്തെ ദിവസം മുഴുവന്‍ മുമ്പ് കണ്ട രൂപം അവളുടെ മനസ്സില്‍ തങ്ങി നിന്നു. സന്ധ്യാസമയത്തെ പ്രാര്‍ത്ഥനയില്‍ ഇതോര്‍ത്ത് അവള്‍ കരയാന്‍ തുടങ്ങി. എന്തിനാണെന്ന് അമ്മ തിരക്കിയപ്പോള്‍ സഹോദരി എല്ലാ കാര്യങ്ങളും അമ്മയോടു പറഞ്ഞു. അതെല്ലാം വെറും തോന്നലുകളാണെന്ന് പറഞ്ഞ് ഇനി ഗ്രോട്ടോയിലേക്കു പോകുന്നത് അമ്മ വിലക്കി.

പക്ഷേ, ആ രാത്രി ബര്‍ണ്ണര്‍ദീത്തയ്ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ആ രൂപം അവളുടെ ഓര്‍മ്മയില്‍ എപ്പോഴും വന്നു കൊണ്ടിരുന്നു. അത് മിഥ്യയാണെന്ന് അമ്മ പറഞ്ഞത് അവള്‍ക്കു വിശ്വസിക്കാനായില്ല. അവള്‍ ആ രൂപത്തെക്കുറിച്ച് വര്‍ണ്ണിക്കാന്‍ തുടങ്ങി. പതിനാറോ പതിനേഴോ വയസ്സുളള ഒരു പെണ്‍കുട്ടിയാണത്. അരയില്‍ നീല വാറുളള ഒരു വെളള ഉടുപ്പ് അവള്‍ ധരിച്ചിരുന്നു. ഉടുപ്പിന്റെ കഴുത്ത് ഭാഗത്ത് സ്വര്‍ണ്ണവളയമുണ്ടായിരുന്നു. തലയില്‍ വെളളതുണി കൊണ്ടുളള ആവരണമുണ്ടായിരുന്നു. ഒഴിഞ്ഞ കാല്‍പാദങ്ങള്‍ വരെ ഉടുപ്പുണ്ടായിരുന്നു. സ്വര്‍ണ്ണചെയിനില്‍ വെളള മണികളുളള കൊന്ത കൈയില്‍ ഉണ്ടായിരുന്നു. ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ഗ്രോട്ടോയില്‍ പോകാന്‍ അമ്മ അനുവാദം കൊടുത്തു.

രണ്ടാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 14 ഞായറാഴ്ച
അന്ന് മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ ബര്‍ണ്ണര്‍ദീത്തായോടൊപ്പം ഗ്രോട്ടോയില്‍ പോയി. ബര്‍ണ്ണര്‍ദീത്തായുടെ സഹോദരിയും അവരോടൊപ്പമുണ്ടായിരുന്നു. അവള്‍ കുടിലില്‍ ചെന്ന് അമ്മയോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. വളരെയധികം ജനങ്ങള്‍ ഇതിനെപ്പററി സംസാരിക്കാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ ഈ സംഭവങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ബര്‍ണ്ണര്‍ദീത്തായുടെ അമ്മയോട് കൂടെ പോകുവാന്‍ അനുവാദം ചോദിച്ചു. ബര്‍ണ്ണര്‍ദീത്തായുടെ അമ്മ അവരുടെ കൂടെ പോകുവാന്‍ അവളെ അനുവദിച്ചു.

മൂന്നാമത്തെ ദര്‍ശനം  1858 ഫെബ്രുവരി, വ്യാഴാഴ്ച
മൂന്നു പേരും വളരെ നേരത്തെ കുര്‍ബ്ബാനയ്ക്കു പോയി. പിന്നീട് അവര്‍ ഗ്രോട്ടോയിലേക്കു പോയി. മാഡം മില്ലററ് വെഞ്ചരിച്ച ഒരു മെഴുകുതിരിയും ആന്റോ നെററ് പെയ്‌റററ് ഒരു പേന, പേപ്പര്‍, മഷി എന്നിവയും കരുതിയിരുന്നു. യുവതി എന്തെങ്കിലും പറഞ്ഞാല്‍ എഴുതി എടുക്കാനാണ് ഇതെല്ലാം കൊണ്ടുപോയത്. എന്നാല്‍ യുവതി ബര്‍ണ്ണര്‍ദീത്തായോട് പറഞ്ഞു: 'ഞാന്‍ നിന്നോടു പറയുന്ന കാര്യങ്ങളൊന്നും എഴുതിയെടുക്കേണ്ട ആവശ്യമില്ല. 15 ദിവസം അടുപ്പിച്ച് നിനക്ക് ഇവിടെ വരുവാന്‍ പ ററുമോ?' അവള്‍ വരാമെന്ന് വാഗ്ദാനം ചെയ്തു. ഈ ലോകത്തില്‍ ബര്‍ണ്ണര്‍ദീത്താക്ക് കിട്ടുന്ന സന്തോഷത്തെക്കുറിച്ച് യുവതി പറഞ്ഞെങ്കിലും സ്വര്‍ഗ്ഗത്തില്‍ ഈ സന്തോഷം നിന്നെ കാത്തിരിക്കുന്നുണ്ടാകും എന്ന് യുവതി ഉറപ്പുകൊടുത്തു.

നാലാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 19, വെളളിയാഴ്ച
ചില അയല്‍ക്കാരോടൊപ്പം ബര്‍ണ്ണര്‍ദീത്തായുടെ മാതാപിതാക്കളും ആന്റിയും ഗ്രോട്ടോയിലേക്കു പോയി. ബര്‍ണ്ണര്‍ദീത്തായും കൂടെയുണ്ടായിരുന്നു. ബര്‍ണ്ണര്‍ദീത്താ കൊന്ത ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അവളുടെ മുഖം രൂപാന്തരപ്പെടുന്നതും പ്രകാശിക്കുന്നതും അവര്‍ കണ്ടു.

അഞ്ചാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 20, ശനിയാഴ്ച
അഞ്ചാമത്തെ ദര്‍ശനത്തില്‍ ആ യുവതി ബര്‍ണ്ണര്‍ദീത്തായെ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു. ആരോടും അവള്‍ ഈ പ്രാര്‍ത്ഥനെക്കുറിച്ച് വെളുപ്പെടുത്തിയില്ല. മരണം വരെ അവള്‍ ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലിയിരുന്നു. തന്നോട് വെഞ്ചരിച്ച ഒരു മെഴുകുതിരി കൊണ്ടുവരണമെന്ന് പരിശുദ്ധ അമ്മ നിര്‍ദ്ദേശിച്ചതായി മാത്രം ബര്‍ണ്ണര്‍ദീത്താ മററുളളവരോടു പറഞ്ഞു. ഇന്നും ഇവിടെ നിരന്തരമായി മെഴുകുതിരി കത്തിക്കൊണ്ടിരിക്കുന്നു.

ആറാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 21, ഞായറാഴ്ച
അന്ന് പരിശുദ്ധ അമ്മ 'പാപികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം' എന്ന് ബര്‍ണ്ണര്‍ദീത്തായോട് പറഞ്ഞു. അവള്‍ എന്നും അത് അനുസരിച്ചിരുന്നു. അന്നേ ദിവസം വളരെ ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. ലൂര്‍ദ്ദിലെ പ്രഗല്‍ഭനായ ഭിഷഗ്വരന്‍ ഡോക്ടര്‍ ഡോസസ്സ് അവിടെ സന്നിഹിതനായിരുന്നു. അയാള്‍ ജനത്തോട് പറഞ്ഞു. ബര്‍ണ്ണര്‍ദീത്താ ഈ അവസരത്തില്‍ തികച്ചും ആരോഗ്യവതിയായിരുന്നു. അവളുടെ നാഡിമിടിപ്പ് സാധാരണഗതിയിലായിരുന്നു. 'സമനില തെററിയ രീതിയിലുളള ശാരീരിക അവസ്ഥ ആയിരുന്നില്ല. ' പരിശുദ്ധ അമ്മ അവളോടു സംസാരിക്കുന്ന സമയത്ത് എന്നു കൂടി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇതേ തുടര്‍ന്ന് പല മീററിങ്ങുകളും ഇതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കപ്പെട്ടു. പല ഭിന്നാഭിപ്രായങ്ങളും ഈ ദര്‍ശനങ്ങളെക്കുറിച്ച് ഉണ്ടായി. ഇങ്ങനെ ജനക്കൂട്ടം തിങ്ങി കൂടുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ യം ഡ്യൂട്ടര്‍ എന്ന ഭരണാധികാരിയെ അറിയിച്ചു. ബര്‍ണ്ണര്‍ദീത്തായെ ഗ്രോട്ടോയില്‍ പോകുന്നത് വിലക്കുവാന്‍, അവര്‍ ആവശ്യപ്പെട്ടു. താന്‍ പരിശുദ്ധ അമ്മയോട് അവിടെ ചെല്ലുമെന്ന്  വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, അത് മുടക്കുവാന്‍ പററില്ലെന്നും അവള്‍ പറഞ്ഞു. ഭരണാധിപന്‍ രണ്ട് ഉദ്യോഗസ്ഥരെ ഇതിനെപററി പഠിക്കാന്‍ നിയോഗിച്ചു. പോലീസ് മുഖ്യന്‍ യം ജാക്കോമെററും, യം.എസ്.ട്രേയ്ഡും ബര്‍ണ്ണര്‍ദീത്തായും പോലീസ് സൂപ്രണ്ടും തമ്മിലുളള സംഭാഷണം സുഹൃത്തായ യം.എസ്. ട്രേയ്ഡ് റെക്കോര്‍ഡ് ചെയ്തു. പോലീസ് മുഖ്യന്‍ മന:പൂര്‍വ്വം ബര്‍ണ്ണര്‍ദീത്തായുടെ ദര്‍ശനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷേ, പരാജയപ്പെട്ടു. പിന്നീട് പോലീസ് അവളെ അവളുടെ പിതാവിന് വിട്ടുകൊടുത്തു. ഇനി അവളെ ഗ്രോട്ടോയിലേക്കു വിടരുതെന്ന് ആവശ്യപ്പെട്ടു. 

പക്ഷേ, ബര്‍ണ്ണര്‍ദീത്തായുടെ ഉള്‍വിളി അത്ര ശക്തമായിരുന്നു. ബാഹ്യമായ ഒരു ശക്തിയും അവളെ പിന്‍തിരിപ്പിക്കാനായില്ല. 1858 ഫെബ്രുവരി 22 തിങ്കളാഴ്ച സ്‌കൂള്‍ വിട്ട് അവള്‍ ഗ്രോട്ടോയിലെത്തി. ഇത് കണ്ട രണ്ട് പോലീസുകാര്‍ അവളെ പിന്തുടര്‍ന്നു. കൂടെ ജനക്കൂട്ടവും. അവള്‍ പതിവു സ്ഥലത്ത് മുട്ടുകുത്തി. എഴുന്നേററപ്പോള്‍ പോലീസ് അവളോടു ചോദിച്ചു. 'ഇന്നും നീ ആ യുവതിയെ കണ്ടോ?' എന്ന്. അവള്‍ പറഞ്ഞു : 'ഞാന്‍ കണ്ടില്ല.' 'പോലീസിനെ കണ്ടപ്പോള്‍ യുവതി പേടിച്ച് സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തു പോയിട്ടുണ്ടാകും' എന്നു പറഞ്ഞ് ജനം കളിയാക്കി.

ഏഴാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 23, ചൊവ്വാഴ്ച
ഈ സമയം ഏകദേശം ഇരുന്നൂറോളം ആളുകള്‍ സന്നിഹിതരായിരുന്നു. ബര്‍ണ്ണര്‍ദീത്തായ്ക്ക് ഈ സമയത്തുണ്ടായ രൂപാന്തരീകരണങ്ങള്‍ കണ്ട് ജനം തങ്ങളുടെ തൊപ്പി ഊരി മുട്ടിന്മേല്‍ നിന്നു. അവള്‍ ഇടയ്ക്കിടെ തല കുമ്പിട്ടു വണങ്ങി ഗൗരവമായി എന്തോ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് ജനം കണ്ടു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഈ ദര്‍ശനത്തിനൊടുവില്‍ അവള്‍ റോസാച്ചെടി നിന്നിരുന്ന ഭാഗത്തേക്കു തിരിഞ്ഞ് തറയില്‍ ചുംബിച്ചു. എന്താണ് പരിശുദ്ധ അമ്മ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ 'മൂന്നു രഹസ്യങ്ങള്‍ അമ്മ എനിക്കു വെളിപ്പെടുത്തി' എന്നു പറഞ്ഞു. പക്ഷേ, അവള്‍ അത് അവര്‍ക്കു വെളിപ്പെടുത്തിയില്ല.

എട്ടാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 24, ബുധനാഴ്ച
ദര്‍ശനസമയത്ത് നാനൂറോളം വരുന്ന ജനത്തോട് ബര്‍ണ്ണര്‍ദീത്താ മൂന്നു തവണ 'പശ്ചാത്തപിക്കുക, പശ്ചാത്തപിക്കുക, പശ്ചാത്തപിക്കുക' എന്നു പറഞ്ഞു.

ഒമ്പതാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 25, വ്യാഴാഴ്ച
ദര്‍ശനസമയം ബര്‍ണ്ണര്‍ദീത്തായോട് പരിശുദ്ധ അമ്മ ഉറവയില്‍ നിന്ന് കുടിക്കാനും, കുളിക്കാനും പറഞ്ഞു. അവിടെ അങ്ങനെ ഒരു ഉറവയേ ഇല്ലായിരുന്നു. ചിന്താക്കുഴപ്പത്തിലായിരുന്ന അവളുടെ താഴെ പെട്ടെന്ന് നനവും ഊറി വരുന്നതും വെളളകുമിളകള്‍ സാവധാനത്തില്‍ പ്രത്യക്ഷപ്പെടുന്നതും അവള്‍ കണ്ടു. അവള്‍ വെളളമെടുത്ത് കുടിക്കുകയും മുഖം കഴുകുകയും ചെയ്തു. അടുത്ത ദിവസം വെളളം കൂടാന്‍ തുടങ്ങി. അത് ഒരു വലിയ അരുവിയായി തീര്‍ന്നു. പരിശുദ്ധ അമ്മയുടെ നേരിട്ടുളള ആജ്ഞപ്രകാരം ഉടലെടുത്തതാണ് ആ അരുവി. ഗ്രോട്ടോയില്‍ നിന്നും ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന വിശുദ്ധജലം ദൈവകൃപയുടെ നീര്‍ച്ചാലായി ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

പത്താമത്തെ ദര്‍ശനം  1858 ഫെബ്രുവരി 27
ഈ സമയത്ത് പരിശുദ്ധ അമ്മ പാപികള്‍ക്കുവേണ്ടി ഈ ഭൂമിയെ ചുംബിക്കാന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ അങ്ങനെ ചെയ്യുന്നത് കണ്ട് ജനക്കൂട്ടവും അത് ആവര്‍ത്തിച്ചു.

പതിനൊന്നാമത്തെ ദര്‍ശനം  1858 ഫെബ്രുവരി 28, ഞായറാഴ്ച
അന്നു രാവിലെ ഏകദേശം 2000 ആളുകള്‍ അവിടെ കൂടിയിരുന്നു. പരിശുദ്ധ അമ്മ ഗ്രോട്ടോയുടെ സ്ഥാനത്ത് ഒരു പളളി പണിയുവാന്‍ വൈദികനോടു പറയുവാന്‍ അവളോട് ആവശ്യപ്പെട്ടു.

പന്ത്രണ്ടാമത്തെ ദര്‍ശനം  1858 മാര്‍ച്ച് 1, തിങ്കളാഴ്ച  
അന്നേദിവസം ബര്‍ണ്ണര്‍ദീത്താ മറെറാരാളുടെ കൊന്ത കൊണ്ടുപോയി. അത് പരിശുദ്ധ അമ്മ കണ്ടെത്തി അവളോട് ചോദിച്ചു. പൗളിന്‍ സാന്‍സ് അന്നേ ദിവസം തന്റെ കൊന്ത കൊണ്ടുപോകാന്‍ അവളെ നിര്‍ബന്ധിക്കുകയായിരുന്നു.

പതിമൂന്നാമത്തെ ദര്‍ശനം  1858 മാര്‍ച്ച് 2, ചൊവ്വാഴ്ച  
ബര്‍ണ്ണര്‍ദീത്ത അതിരാവിലെ ഗ്രോട്ടോയിലെത്തി പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യത്തില്‍ കൊന്ത ചൊല്ലാന്‍ തുടങ്ങി. സ്തുതിപ്പിന്റെ നേരത്തൊഴികെ മറെറല്ലാ നേരത്തും അമ്മ നിശ്ശബ്ദയായിരുന്നു.

പതിനാലാമത്തെ ദര്‍ശനം  1858 മാര്‍ച്ച് 3, ബുധനാഴ്ച  
വൈദികന്‍ ഒരു പളളി പണിയണമെന്നും അവിടേയ്ക്ക് ജനങ്ങള്‍ റാലിയായി വരണമെന്നും പരിശുദ്ധ അമ്മ പറഞ്ഞു. അവള്‍ക്ക് ഇത് വൈദികനോടു പറയാന്‍ ഭയമായി. വൈദികന്‍ ഇത് പറഞ്ഞപ്പോള്‍ അവളോടു പറഞ്ഞു. പളളി പണിയണമെങ്കില്‍ ആ സുന്ദരിയായ യുവതി തന്നെത്തന്നെ വെളിപ്പെടുത്തി താന്‍ ആരാണെന്ന് പറയണം.

പതിനഞ്ചാമത്തെ ദര്‍ശനം  1858 മാര്‍ച്ച് 4, വ്യാഴാഴ്ച
ബര്‍ണ്ണര്‍ദീത്താ ആ യുവതിയുടെ ഗ്രോട്ടോയിലേക്ക് വരുന്നതിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു അന്ന്. പരിശുദ്ധ അമ്മ അവളോടു വരുവാന്‍ ആവശ്യപ്പെട്ടതിന്റെ അവസാനത്തെ ദിവസമാണ് അതെന്ന് ഫ്രാന്‍സിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇരുപതിനായിരത്തോളം ജനം അവിടെ കൂടിയിരുന്നു. ദര്‍ശനത്തിനൊടുവില്‍ അവള്‍ പറഞ്ഞു. 'യാത്ര പറയുന്ന രീതിയില്‍ ഒന്നും ആ യുവതി പറഞ്ഞില്ല. അതുകൊണ്ട് ഞാന്‍ ഇനിയും ഇവിടെ വരും.'

പതിനാറാമത്തെ ദര്‍ശനം  1858 മാര്‍ച്ച് 25 വ്യാഴാഴ്ച
അന്ന് മംഗളവാര്‍ത്താ തിരുനാളായിരുന്നു. അന്നത്തെ ദര്‍ശനത്തില്‍ ആ യുവതി തന്നെത്തന്നെ വെളിപ്പെടുത്തി. 'ഞാന്‍ അമലോത്ഭവയാണ്'എന്നു പറഞ്ഞു. ഇത് എന്താണെന്ന് അവള്‍ക്കു മനസ്സിലായില്ല. എന്നാല്‍ കൂടുതല്‍ ജനം ലൂര്‍ദ്ദില്‍ തടിച്ചു കൂടാന്‍ തുടങ്ങി. ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ മൂന്നു ഡോക്ടര്‍മാരെക്കൊണ്ട് ബര്‍ണ്ണര്‍ദീത്തായെ പരിശോധിപ്പിച്ചു നോക്കി. ബര്‍ണ്ണര്‍ദീത്താ ശാരീരികമായും മാനസികമായും ആരോഗ്യമുളളവളാണെന്നും, ഇതൊന്നും ഒരു മിഥ്യയല്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തി.

പതിനേഴാമത്തെ ദര്‍ശനം  1858 ഏപ്രില്‍ 7, ബുധനാഴ്ച  
ബര്‍ണ്ണര്‍ദീത്താ മുടങ്ങാതെ കൊണ്ടുവന്നിരുന്ന മെഴുകുതിരി അന്നും കത്തിച്ച് ഗ്രോട്ടോയില്‍ പ്രാര്‍ത്ഥന തുടങ്ങി. അവള്‍ അറിയാതെ ഒരു കൈ തീജ്വാലകള്‍ക്ക് മുകളിലായി കയ്യിലേക്ക് ആളുന്ന തീ, കണ്ട് ജനം ഓളിയിടാന്‍ തുടങ്ങി. എന്നാല്‍ ഇതൊന്നുമറിയാതെ വേദനപോലും അറിയാതെ അവള്‍ പ്രാര്‍ത്ഥനയില്‍ പതിനഞ്ചു മിനിട്ടു കൂടി തുടര്‍ന്നു. പ്രാര്‍ത്ഥന അവസാനിച്ചപ്പോള്‍ ഡോക്ടര്‍ ഡോസസ്സ് അവളറിയാതെ മറെറാരു കത്തിച്ച തിരി അവളുടെ കയ്യില്‍ മുട്ടിച്ചു. പെട്ടെന്ന് അവള്‍ വേദനയാല്‍ കരയാന്‍ തുടങ്ങി. ഇത് എല്ലാവരെയും അതിശയിപ്പിക്കുകയും വിശ്വാസത്തെ വളര്‍ത്തുകയും ചെയ്തു. ഇതോടെ വൈദികന്‍ ഗ്രോട്ടോയുടെ കാര്യങ്ങള്‍ നേരിട്ട് ഏറെറടുക്കുകയും ഗ്രോട്ടോ അടച്ചിടാന്‍ കല്പിക്കുകയും ചെയ്തു.

പതിനെട്ടാമത്തെ ദര്‍ശനം  1858 ജൂലൈ 16, വെളളിയാഴ്ച  
കര്‍മ്മലമാതാവിന്റെ തിരുനാളില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനുശേഷം ഗ്രോട്ടോയിലേക്കു പോകുവാന്‍ അതിയായ പ്രചോദനം ബര്‍ണ്ണര്‍ദീത്തായ്ക്കുണ്ടായി. തന്റെ ആന്റിയോടൊപ്പം പോയ അവള്‍ക്ക്, ഗ്രോട്ടോയുടെ ചുററുമുളള സ്ഥലം കടക്കാനാകാത്തവിധം തടസ്സപ്പെടുത്തിയിരിക്കുന്നതിനാല്‍, പതിവുളള സ്ഥലത്തേക്ക് കടക്കാനായില്ല. എങ്കിലും അവള്‍ പുല്ലില്‍ മുട്ടുകുത്തി. ഒരിക്കല്‍കൂടി അവസാനമായി സുന്ദരിയായ യുവതി അവള്‍ക്കു ദര്‍ശനം നല്‍കി.

ബര്‍ണ്ണര്‍ദീത്താ പിന്നീട് ഉപവി സന്യാസസഭയില്‍ ചേര്‍ന്നു. ജീവിതകാലം മുഴുവന്‍ രോഗിയായിരുന്നിട്ടും അവള്‍ ക്ഷമയോടെ തന്റെ ചുമതലകള്‍ നിറവേററിയിരുന്നു.1879, ഏപ്രില്‍ 16 ന് അവള്‍ മരണമടഞ്ഞു. 34 വയസ്സില്‍ മരണമടഞ്ഞ അവളുടെ ശരീരം ഫ്രാന്‍സിലെ ഉപവിമഠത്തില്‍ സംസ്‌കരിച്ചു. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ കബറിടം തുറന്നു നോക്കിയപ്പോള്‍ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ക്കു വിപരീതമായി അഴുകാതിരിക്കുന്നുണ്ടായിരുന്നു. 1919 സെപ്തംബര്‍ 22 ന് വീണ്ടും കബറിടം തുറന്നു. പത്തുകൊല്ലം മുമ്പു തുറന്നപ്പോഴുണ്ടായ അതേ നിലയില്‍ തന്നെ വീണ്ടും ശരീരം കാണാന്‍ കഴിഞ്ഞു. ഫ്രാന്‍സിലെ സെന്റ് ബര്‍ണ്ണര്‍ദീത്താ ചാപ്പലില്‍ സ്വര്‍ണ്ണമഞ്ചലില്‍ ചില്ലിന്റെ ഉളളിലൂടെ ആ പുണ്യവതിയുടെ ശവശരീരം കാണാന്‍ കഴിയും.