പള്ളിയില്‍  വീട്ടിലെ മീനാക്ഷിയമ്മ കുഞ്ഞിന് ചോറൂട്ട് കര്‍മ്മം നടത്തുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം മട്ടാഞ്ചേരിയിലേക്ക്  വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു . സമയം  നാലുമണി കഴിഞ്ഞിരുന്നു വഞ്ചി രാമന്‍തുരുത്ത് തെക്കുപടിഞ്ഞാറ് എത്തിയപ്പോഴേക്കും പ്രകൃതിയുടെ മട്ടും ഭാവവും മാറി. ശക്തമായ കാറ്റില്‍ വഞ്ചി ആടിയുലഞ്ഞു. വഞ്ചിയില്‍ നിലവിളികള്‍ ഉയര്‍ന്നു. അതിനും മീതെയെന്നോണം ഓളങ്ങള്‍ ഉയര്‍ന്നു. അടുത്ത നിമിഷം വഞ്ചി തലകീഴായ്  മറിഞ്ഞു. കായലിലേക്ക് പതിയുന്നതിന് മുമ്പ് മീനാക്ഷിയമ്മയുടെ അധരങ്ങളില്‍ നിന്ന് ഒരു നിലവിളി ഉയര്‍ന്നു. 

വല്ലാര്‍പാടത്തമ്മേ രക്ഷിക്കണേ...വഞ്ചിയിലുണ്ടായിരുന്ന എല്ലാവരും ഏതൊക്കെയോ വിധത്തില്‍ രക്ഷപ്പെട്ടു. മീനാക്ഷിയമ്മയെയും കുഞ്ഞിനെയും മാത്രം കണ്ടില്ല. പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. അന്നുരാത്രി വല്ലാര്‍പാടം പള്ളി വികാരി ഫാ. മിഗുവേല്‍ കൊറയ്ക്ക് ഒരു സ്വപ്നമുണ്ടായി. വല്ലാര്‍പാടത്തമ്മ മുമ്പില്‍ വന്ന് നിന്ന് പറയുന്നു മീനാക്ഷിയെയും കുഞ്ഞിനെയും രക്ഷിക്കണം. വെറും സ്വപ്നമെന്ന് കരുതി അതിനെ അച്ചന്‍ അവഗണിക്കുകയാണ് ചെയ്തത്.

പിറ്റേന്ന് കായലില്‍ മീനാക്ഷിയമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. പക്ഷേ അപ്പോഴും മൃതദേഹം പോലും കിട്ടിയില്ല. അന്നുരാത്രിയും  വികാരിയച്ചന് വല്ലാര്‍പാടത്തമ്മയുടെ ദര്‍ശനമുണ്ടായി. അമ്മ ആവശ്യപ്പെട്ടത് അതേ കാര്യം തന്നെ. മീനാക്ഷിയമ്മയേയും കുഞ്ഞിനെയും രക്ഷിക്കണം. പിന്നെ അച്ചന് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ദിവ്യബലിക്കിടെ അച്ചന്‍ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് വിശ്വാസികളോട് പറഞ്ഞു. ഈ വാക്കിനെ അനുസരിച്ച് ആളുകള്‍ വലയും വഞ്ചിയുമായി കായലിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞു. എല്ലാവരും കരുതിയത് മൃതദേഹം എങ്കിലും കിട്ടുമല്ലോ എന്നാണ്. പക്ഷേ മൃതദേഹവും കിട്ടിയില്ല. നിരാശരായി തിരികെ പോകും നേരത്ത് ഒരു കൂട്ടര്‍ വഞ്ചിമറിഞ്ഞ ഭാഗത്ത് ഒരിക്കല്‍ കൂടി വലയെറിഞ്ഞു. വല വലിച്ചു കയറ്റാന്‍ സാധിക്കാത്തവിധത്തിലുള്ള ഭാരം അവര്‍ക്ക് അനുഭവപ്പെട്ടു.

അവര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് വല വലിച്ചു അപ്പോഴതാ വലയില്‍  മീനാക്ഷിയമ്മയും കുഞ്ഞും. അതും ജീവനോടെ. എന്തൊരു അത്ഭുതം! വല്ലാര്‍പാടത്തമ്മേ എന്ന് അവര്‍ വിളിച്ചുപോയി. കരയ്‌ക്കെത്തിയ മീനാക്ഷിയമ്മ കുഞ്ഞിനെയും  എടുത്ത് കരഞ്ഞുകൊണ്ട് പള്ളിയിലേക്കാണ് ആദ്യം ഓടിയത്. വല്ലാര്‍പാടത്തമ്മയുടെ മുമ്പില്‍ സാഷ്ടാംഗം വീണ് മീനാക്ഷിയമ്മ അമ്മയ്ക്ക് നന്ദിയര്‍പ്പിച്ചു. മീനാക്ഷിയമ്മയും കുഞ്ഞും മൂന്നുദിവസം കായലില്‍ കഴിഞ്ഞിട്ടും ജീവനോടെ രക്ഷപെട്ടു എന്ന വിവരമറിഞ്ഞ് പള്ളിയിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായെത്തി. 
 
അവരോട് മീനാക്ഷിയമ്മ ആ അത്ഭുതം പറഞ്ഞു. കായലിലേക്ക്  മറിഞ്ഞപ്പോള്‍ മീനാക്ഷിയമ്മ വല്ലാര്‍പാടത്തമ്മേ എന്നാണല്ലോ വിളിച്ചത്.  ജീവനോടെയിരുന്നാല്‍ അമ്മയ്ക്ക്  ഞാനും കുഞ്ഞും അടിമയായി കഴിഞ്ഞുകൊള്ളാം എന്നും കാറ്റിലും കോളിലും ആടിയുലയുന്ന വഞ്ചിയിലിരുന്ന്  മീനാക്ഷിയമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. അടുത്ത നിമിഷമാണത്രെ വഞ്ചി മറിഞ്ഞത്. പിന്നെ വെള്ളത്തില്‍ വച്ച് അത്യത്ഭുതകരമായ ഒരു കാഴ്ച മീനാക്ഷിയമ്മ കണ്ടു. മനോഹരമായ ഒരു പൂന്തോട്ടം അതിന്റെ നടുവില്‍ സുന്ദരിയായ ഒരമ്മ മകനേയും കൈയിലെടുത്തുപിടിച്ചു നില്‍ക്കുന്നു. ആ അമ്മയുടെ നോട്ടം മീനാക്ഷിയിലും കുഞ്ഞിന്റെ നോട്ടം  മീനാക്ഷിയമ്മയുടെ കുഞ്ഞിലുമായി.  അത് വല്ലാര്‍പാടത്തമ്മയായിരുന്നു. ഞങ്ങളെ രക്ഷിച്ചത് വല്ലാര്‍പാടത്തമ്മയാണ്. ഇനിയെന്നും ഞങ്ങള്‍ വല്ലാര്‍പാടത്തമ്മയുടെ അടിമകളായിരിക്കും, മീനാക്ഷി പറഞ്ഞു.

വല്ലാര്‍പാടത്തമ്മേ ഞങ്ങള്‍ക്കുവേണ്ടി എന്നും അപേക്ഷിക്കണേ.