ലാളിത്യപൂര്‍ണ്ണമായ നിലപാടുകള്‍ക്ക് പേര് കേട്ടയാളാണ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. പ്രവാചകതുല്യമായ ആര്‍ജവത്വത്തോടെ അദ്ദേഹം അത് തുറന്നു പറയുകയും ചെയ്യും. പുതുക്കി പണിത ഇടപ്പളളി ഫൊറോന പളളിയുടെ ആശീര്‍വാദത്തിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ കര്‍ദിനാള്‍ മടി കാണിച്ചില്ല. അമിത ആഡംബരവും അനാവശ്യ ധൂര്‍ത്തുകളും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞത് ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം നടന്ന ചടങ്ങില്‍ തന്നെയെന്നത് ശ്രദ്ധേയമാണ്. വിശ്വാസികളുടെ ക്ഷേമത്തിനായി ചെലവാക്കാവുന്ന പണം അത്യാഢംബരങ്ങള്‍ക്കായി ചെലവാക്കുന്നത് ദൈവതിരുമുമ്പില്‍ പാപമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.