ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച (പ്രഭാഷകന്‍ 5:3). അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും (പ്രഭാ 6:2). ദുഷിച്ചഹൃദയം അവനവനെത്തന്നെ നശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും (പ്രഭാ 6:4).

അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍ (അപ്പ.പ്രവര്‍ത്തനങ്ങള്‍ 3:19).
നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? (1 കോറിന്തോസ് 4:7). നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ (1 കോറി 6:20).

വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ് (എഫേസോസ് 2:8). മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല (എഫേ 5:4).


നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1 പത്രോസ് 2:24).

കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു (പ്രഭാഷകന്‍ 2:11). കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത് അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും (പ്രഭാഷകന്‍ 5:7).

അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു (ലൂക്കാ 15:7).