അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു (പ്രഭാഷകന്‍ 10:7). അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവുംമുളയെടുക്കുന്നു; അതിനോട് ഒട്ടിനില്‍ക്കുന്നവന്‍മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ് അപൂര്‍വമായ പീഡകള്‍ അയച്ച് അവനെ നിശ്‌ശേഷം നശിപ്പിക്കുന്നു (പ്രഭാ 10:12-13). 

പ്രതികാരം ചെയ്യുന്നവനോട് കര്‍ത്താവ് പ്രതികാരം ചെയ്യും; അവിടുന്ന് അവന്റെ പാപം മറക്കുകയില്ല  അയല്‍ക്കാരന്റെ തിന്‍മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും (പ്രഭാ 28:1-2)

അഹങ്കരിക്കുന്നവരോടു കര്‍ത്താവിന് വെറുപ്പാണ്; അവര്‍ക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച (സുഭാഷിതങ്ങള്‍ 16:5).

എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട് (യാക്കോബ് 3:16).

തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുവിന്‍. സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍. പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു (റോമാ 12:17-19).

ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍ (1 തെസലോനിക്കാ 5:15). 

നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ് കര്‍ത്താവ് (ലേവ്യര്‍ 19:18).

തിന്‍മയ്ക്കു തിന്‍മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനു വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍ (1 പത്രോസ് 3:9). 

ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍ (എഫേസോസ് 4:32).

നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക (മത്തായി 5:23-24). 

ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍ (മത്താ 5:44). മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും (മത്താ 6:14). നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും (മത്താ 18:35).

നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാല്‍, നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറിനടക്കുക? (ജറെമിയാ 4:14).

അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു (ഏശയ്യാ 57:15).