പരമദുഷ്ടനോ മൂഢനോ ആകരുത്. കാലമെത്താതെ നീ മരിക്കുന്നതെന്തിന്? (സഭാപ്രസംഗകന്‍ 7:17).
അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതുപോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെതേടും; പക്‌ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്ന് ഓടിയകലും (വെളിപാട് 9:6).

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിന്‍ (എസെക്കിയേല്‍ 18:32).
ഞാന്‍ മരിക്കുകയില്ല, ജീവിക്കും; ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും (സങ്കീര്‍ത്തനങ്ങള്‍ 118:17).

നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വം പീഡിപ്പിക്കുകയോ അരുത്.  ഹൃദയാനന്ദം ഒരുവന്റെ ജീവനും സന്തോഷം അവന്റെ ആയുസ്‌സും ആണ്. ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ് (പ്രഭാഷകന്‍ 30:21-23).

നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനുവലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു (ഹെബ്രായര്‍ 10:35).
ആകയാല്‍, നിന്റെ ദൈവത്തിന്റെ സഹായത്തോടെ തിരിച്ചുവരുക. നീതിയും സ്‌നേഹവും മുറുകെപ്പിടിക്കുക. നിന്റെ ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുക (ഹോസിയാ 12:6).

പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും (യാക്കോബ് 1:12). ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു (യാക്കോ 1:15). സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു (യാക്കോ 5:7-8). പീഡ സഹിക്കുന്നവരെ ഭാഗ്യവാന്‍മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ (യാക്കോ 5:11).

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി (ജറെമിയാ 29:11).

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍തന്നെ (1 കോറിന്തോസ് 3:16-17). നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ (1 കോറി 6:19-20)
അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം (1 പത്രോസ് 1:6-7).
ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല (മത്തായി 18:14). ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1:37)

അതിനാല്‍, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: തിരിച്ചുവന്ന് സ്വസ്ഥമായിരുന്നാല്‍ നിങ്ങള്‍ രക്ഷപെടും. സ്വസ്ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം. എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കുകയില്ല (ഏശയ്യാ 30:15).
യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ് (ഏശയ്യാ 43:1). 

കാര്‍മേഘംപോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു (ഏശയ്യാ 44:22). 

രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല (ഏശയ്യാ 59:1). 

ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു (ഏശയ്യാ 61:2).
    
അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും (സങ്കീര്‍ത്തനങ്ങള്‍ 50:15). ഉരുകിയ മനസ്‌സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല (സങ്കീര്‍ത്തനങ്ങള്‍ 51:17).