ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍േറതല്ല; പ്രത്യുത, ലോകത്തിന്‍േറതാണ്. ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു (1 യോഹന്നാന്‍ 2:15-17).

ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു (യാക്കോബ് 4:4). 

ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്‌സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളില്‍ മനസ്‌സുവയ്ക്കുന്നു. ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും (റോമാ 8:5-6) കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും (റോമാ 10:13). നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും (റോമാ 12:2).

നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍ (1 പത്രോസ് 5:8-9)

പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത് (2 പത്രോസ് 3:8).

ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍ (എഫേസോസ് 5:16).

എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു (യോഹന്നാന്‍ 9:4).

ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച. പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ. ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത് (പ്രഭാഷകന്‍ 5:3-5) ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്; കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത് (പ്രഭാ 16:11)

നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ (ഹെബ്രായര്‍ 4:15). സത്യത്തെ സംബന്ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ (ഹെബ്രായര്‍ 10:26-27).

തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന്കരുണ ലഭിക്കും. (1 കോറിന്തോസ് 10:12) ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ (സുഭാഷിതങ്ങള്‍ 28:13).

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും (1 കോറിന്തോസ് 10:13).

നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹന്നാന്‍ 8:32). 
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ
എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍ (ജോയേല്‍ 2:12).

ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്‌സിലാക്കണമേ! വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 139:23-24).