വേശ്യകളുമായി ഇടപഴകുന്നവനു വീണ്ടുവിചാരം നഷ്ടപ്പെടുന്നു. വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും (പ്രഭാഷകന്‍  19:2-3). വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണ്. വിവാഹിത കാമുകര്‍ക്കു ശവപ്പുരയാണ് (പ്രഭാ 26:22).

അസന്‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1കോറിന്തോസ് 6:9).

സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗിക വൈകൃതമാണ് (ലേവ്യര്‍ 18:23). 

അവളില്‍ നിന്ന് അകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത് (സുഭാഷിതങ്ങള്‍ 5:8). അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരം ക്ഷയിച്ച് എല്ലുംതോലുമായി നീ ഞരങ്ങിക്കൊണ്ടു പറയും: ഞാന്‍ എത്രമാത്രം ശിക്ഷണം വെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു! (സുഭാ 5:11-12). വേശ്യയ്ക്ക് ഒരപ്പക്കഷണം മതി കൂലി. വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു (സുഭാ 6:26). അതുപോലെ, അയല്‍ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്‍ക്കാതിരിക്കുകയില്ല (സുഭാ 6:29). വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചു മാറ്റപ്പെടുകയില്ല (സുഭാ 6:32-33). തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും (സുഭാ 28:13).

ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്ധീകരണത്തിനു വേണ്ടി നീതിക്ക് അടിമകളായി സമര്‍പ്പിക്കുവിന്‍ (റോമാ 6:19). ഇച്ഛിക്കുന്ന നന്‍മയല്ല, ഇച്ഛിക്കാത്ത തിന്‍മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത് (റോമാ 7:19). ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും(റോമാ 8:6). പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ, മദ്യലഹരിയിലോ, അവിഹിതവേഴ്ചകളിലോ, വിഷയാസക്തിയിലോ, കലഹങ്ങളിലോ, അസൂയയിലോ വ്യാപരിക്കരുത് (റോമാ 13:13).

എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേ ണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട്. നീതിമാനായ യേശുക്രിസ്തു . (1 യോഹന്നാന്‍ 2:1)  പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ 3:4). 

നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല (1 കോറിന്തോസ് 6:15). വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.  നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.  നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ (1 കോറി 6:18-20). ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ (1 കോറി 3:17)

തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ കര്‍ത്താവിനെ അറിയുന്നുമില്ല (ഹോസിയാ 5:4).

വ്യഭിചാരംചെയ്യരുത് എന്നു കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ (മത്തായി 5:27). 

ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു (യാക്കോബ് 1:15).  

ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത് (ഗലാത്തിയാ 5:16). 

നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം; ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത് (1 തെസലോനിക്കാ 4:4-5).