നമ്മുടെ രക്ഷകനായ ഈശോയോടുള്ള ജപമാല

(ഞായറാഴ്ചകളില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കു ചൊല്ലാവുന്നത്)

പ്രാരംഭ പ്രാര്‍ത്ഥന

അനന്ത നന്മസ്വരൂപനായ സര്‍വ്വേശ്വരാ, കര്‍ത്താവേ, നിസ്സാരരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ നിസ്സീമപ്രതാപവാനായ അങ്ങയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ കരുണയില്‍ ശരണപ്പെട്ടുകൊണ്ട്, അങ്ങയുടെ പ്രിയസുതനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോയുടെ സ്തുതിക്കായി ഈ ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കര്‍ത്താവേ, ഞങ്ങളെ സഹായിക്കണമേ.

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

സര്‍വ്വശക്തനും പിതാവുമായ ദൈവമേ, അങ്ങ് പരമസത്യമായിരിക്കയാല്‍ അങ്ങില്‍ ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസമെന്ന പുണ്യത്തില്‍ വളരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങുന്ന് ദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാകയാല്‍ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. ശരണമെന്ന പുണ്യത്തില്‍ വളരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ. 

അനന്ത നന്‍മ സ്വരൂപനും രക്ഷയുടെ വാഗ്ദാനവുമായ പരിശുദ്ധാത്മാവേ, അങ്ങയെ  ഞാന്‍ പൂര്‍ണ്ണഹൃദയത്തോട സ്‌നേഹിക്കുന്നു. സ്‌നേഹമെന്ന പുണ്യത്തില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ,  1 ത്രി.

ഒന്നാം രഹസ്യം
നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍ (മത്താ 5:48) എന്ന് അരുളിച്ചെയ്തുകൊണ്ട് നമ്മെ പരിപൂര്‍ണ്ണതയിലേക്കു ക്ഷണിക്കുന്ന ഈശോയെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. ഈശോയുടെ ഈ ക്ഷണം സ്വീകരിച്ച് അവിടുത്തെ മാതൃക പിഞ്ചെന്നുകൊണ്ട് പരിപൂര്‍ണ്ണതയില്‍ വളരുവാന്‍ വേണ്ട അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. (1 സ്വര്‍ഗ്ഗ)

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ. (10 പ്രാവശ്യം) , 1 ത്രിത്വ.

ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 

രണ്ടാം രഹസ്യം
ഞാന്‍നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ (യോഹ 13:34) എന്നരുളിച്ചെയ്ത ഈശോയെക്കുറിച്ച് നമുക്കു ധ്യാനിക്കാം.

ഈശോയുടെ ഈ കല്‍പ്പന പാലിച്ചുകൊണ്ട് ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരുവാന്‍ വേണ്ട കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. 1 സ്വര്‍ഗ്ഗ

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ  (10 പ്രാവശ്യം) , 1 ത്രിത്വ.
                      
ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 

മൂന്നാം രഹസ്യം
നിങ്ങളുടെ കര്‍ത്താവും ഗുരവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകുവിന്‍ (യോഹ 13:14) എന്ന് അരുളിചെയ്ത നമ്മുടെ ഗുരുവും നാഥനുമായ ഈശോയെക്കുറിച്ചു നമുക്കു ധ്യാനിക്കാം.

ഈശോയുടെ മാതൃക പിഞ്ചെന്നുകൊണ്ട് മറ്റുളളവര്‍ക്കു ശുശ്രൂഷ ചെയ്യുവാന്‍ വേണ്ട നല്ല മനോഭാവം ലഭിക്കുവാന്‍വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. 1 സ്വര്‍ഗ്ഗ 

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ  (10 പ്രാവശ്യം) , 1 ത്രിത്വ.                    

ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 

നാലാം രഹസ്യം
നിങ്ങള്‍ നിങ്ങളുടെ സഹോദരരുടെ തെറ്റുകള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവും ക്ഷമിക്കുകയില്ല (മത്താ 6:15) എന്നരുളിച്ചെയ്ത ഈശോയെക്കുറിച്ചു നമുക്കു  ധ്യാനിക്കാം.

ഈശോയുടെ  ഈ ഉപദേശം സ്വീകരിച്ചുകൊണ്ട് സഹോദരരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ വേണ്ട കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. 1 സ്വര്‍ഗ്ഗ

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ (10 പ്രാവശ്യം) , 1. ത്രിത്വ

ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 

അഞ്ചാം രഹസ്യം
ഞാന്‍ ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍നിന്ന് പഠിക്കുവിന്‍ (മത്താ 11:29) എന്ന് അരുളിച്ചെയ്ത ഈശോയെക്കുറിച്ചു നമുക്കു ധ്യാനിക്കാം.

ഈശോയുടെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഹൃദയശാന്തതയിലും എളിമയിലും വളരുവാന്‍ വേണ്ട കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.   1. സ്വര്‍ഗ്ഗ

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ (10 പ്രാവശ്യം) , 1. ത്രിത്വ

ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 

ജപമാല സമര്‍പ്പണം

മുഖ്യദൂതനായ വിശുദ്ധ മിഖായാലേ, ദൈവദൂതന്‍മാരായ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, ശ്ലീഹന്‍മാരായ വിശുദ്ധ  പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമ്മായേ, മഹാത്മാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടുകൂടെ ഒന്നായിച്ചേര്‍ത്ത് ഈശോയുടെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

നമ്മുടെ രക്ഷകനായ ഈശോയുടെ ലുത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമേ,
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ,
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഏകദൈവമായിരിക്കുന്ന  പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ ജീവനും ശരണവുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ നാഥനും സ്‌നേഹിതനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ ഗുരുവും മാതൃകയുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ കര്‍ത്താവും ദൈവവുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
പിതാവായ ദൈവത്തിന്റെ പ്രതിരൂപമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
കന്യാകാമറിയത്തിന്റെ വത്സലപുത്രനായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
നിത്യപ്രകാശത്തിന്റെ ജ്വാലയായ ഈശോയേ
ഞങ്ങളെ അനുഗ്രഹിക്കണമേ
സത്യദൈവവും സത്യമനുഷ്യനുമായഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ദൈവരാജ്യത്തിന്റെ പ്രഘോഷകനും സമാധാനത്തിന്റെ രാജാവുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
മനുഷ്യകുലത്തിന്റെ രക്ഷകനും,     നിത്യപുരോഹിതനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ദരിദ്രരുടെ ആശ്രയവും, പാപികളുടെ സങ്കേതവുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
രോഗികളുടെ ആരോഗ്യവും, ദു:ഖിതരുടെ ആശ്വാസവുമായ ഈശോയേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ബന്ധിതരുടെ മോചനവും, പീഢിതരുടെ രക്ഷകനുമായ ഈശോയേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ലോകത്തിന്റെ പ്രകാശവും, ഭൂമിയുടെ ഉപ്പുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
അനന്തശക്തി പ്രതാപവാനും, കൃപാപൂര്‍ണ്ണനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
വഴിയും സത്യവും ജീവനുമായ ഈശോയേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ദൈവത്തിന്റെ വചനവും,     ജീവന്റെ അപ്പവുമായ ഈശോയേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പാപികളുടെ സ്‌നേഹിതനും, നല്ല ഇടയനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
സ്‌നേഹസ്വരൂപനും ക്ഷമാശീലനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ദയാവത്സലനും കരുണാമയനുമായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ ഈശോയെ
ഞങ്ങളെ അനുഗ്രഹിക്കണമേ
സകലനന്‍മ സ്വരൂപനായ ഈശോയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
തിന്‍മയുടെ എല്ലാ ബന്ധനങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
പിശാചിന്റെ എല്ലാ പരീക്ഷണങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
തിന്‍മചെയ്യാനുള്ള എല്ലാ പ്രലോഭനങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
ദുഷ്ടന്റെ എല്ലാ ഉപദ്രവങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
നിത്യനാശത്തിലും മരണത്തിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ കഷ്ടങ്ങളിലും ദുരിതങ്ങളിലും നിന്ന്,
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ ആപത്തുകളിലും, അപകടങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ രോഗങ്ങളിലും, പകര്‍ച്ചവ്യാധികളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ തെറ്റിദ്ധാരണകളിലും, സംശയങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ പാപങ്ങളിലും കടങ്ങളിലും നിന്ന്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ മനുഷ്യാവതാരത്തെയും, കുരിശുമരണത്തെയും കുറിച്ച്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ പീഢാനുഭവത്തെയും, കുരിശുമരണത്തെയും കുറിച്ച്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ തിരുമുറിവുകളേയും, തിരുരക്തത്തേയും കുറിച്ച്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ തീരുവുത്ഥാനത്തേയും, സ്വര്‍ഗാരോഹണത്തേണയും കുറിച്ച്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ രണ്ടാമത്തെ ആഗമനത്തെയും, അനന്തസാന്നിദ്ധ്യത്തെയും കുറിച്ച്
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

നമുക്കു പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ പ്രിയപുത്രന്റെ മനുഷ്യാവതാരത്തെയും പീഢാനുഭവത്തെയും കുരിശുമരണത്തെയും തൃക്കണ്‍പാര്‍ത്ത് അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ.  അങ്ങേക്ക് തിരുക്കുമാരന്‍ സമര്‍പ്പിച്ച സ്തുതികളോടും പരിഹാരപ്രവൃത്തികളോടും ചേര്‍ത്തു ഞങ്ങളുടെ  ഈ ജപമാല പ്രാര്‍ത്ഥനയും അങ്ങുന്നു സ്വീകരിക്കേണമേ.  ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താല്‍ സമ്പന്നരാക്കുകയും ചെയ്യണമേ.  ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍

എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന്, നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ; കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ട്, നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച്, കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയില്‍ നില്ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമ്മേന്‍.

വി.യൗസേപ്പിതാവിനോടുള്ള ജപം
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവകന്യകയോട് അങ്ങയെ ഒന്നിപ്പിച്ച ദിവ്യസ്‌നേഹത്തെക്കുറിച്ചും, ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും, ഈശോമിശിഹാ തന്റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 
തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്‌നേഹമുള്ള പിതാവേ; അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ. അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്ന് രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയില്‍നിന്നും എല്ലാ ആപത്തുകളില്‍നിന്നും കാത്തുകൊള്ളണമേ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായ്‌പ്പോഴും കാത്തുകൊള്ളണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള ജപം
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ അനുഗ്രഹത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ. 
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ.1 നന്മ 1. ത്രിത്വ ( 5 പ്രാവശ്യം)

സമാപന പ്രാര്‍ത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി ഞങ്ങളെ ഓരോരുരത്തരെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.  ഞങ്ങളുടെ ബലഹീനതകളോടും കുറവുകളോടും കൂടെ ഞങ്ങളെ അങ്ങു സ്വീകരിക്കുകയും അങ്ങേയ്ക്കു പ്രിയങ്കരമായവിധം ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.  ആപത്തുകളില്‍ അഭയവും അപകടങ്ങളില്‍ സംരക്ഷണവും സങ്കടങ്ങളില്‍ ആശ്വാസവും നല്‍കി ഞങ്ങളെ അങ്ങു കാത്തുകൊള്ളേണമേ.  ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ വേദനിപ്പിക്കാന്‍ ഇടയായാല്‍ ഞങ്ങളോടു ക്ഷമിക്കണമേ.  അങ്ങയുടെ നാമത്തില്‍ ആരംഭിക്കുന്ന എല്ലാ ഉദ്യമങ്ങളേയും അങ്ങുന്ന് വിജയിപ്പിക്കണമേ.  ജീവിത്തിന്റെ എല്ലാ നിമിഷങ്ങളിലും അങ്ങേയ്ക്കു പ്രീതികരമാംവിധം ജീവിക്കുവാനും എല്ലാ കാര്യങ്ങളിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റിക്കൊണ്ട്, അങ്ങയെക്കണ്ട് മഹത്വപ്പെടുത്തുവാനും ഞങ്ങളെ അങ്ങു ശക്തരാക്കണേ.  അങ്ങയെക്കണ്ട് ആനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നതുവരെ ഞങ്ങളെ അങ്ങു കാത്തുകൊള്ളുകയും ചെയ്യണമേ.  നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍.  (സമാപനഗാനം)

+++