ഈശോയുടെ തിരുഹൃദയ ജപമാല

(വെള്ളിയാഴ്ച ദിവസങ്ങളിലെ കുടുംബപ്രാര്‍ത്ഥനയില്‍ തിരുഹൃദയജപമാലയുടെ ആഘോഷമായ ഈ ക്രമം ഉപോയോഗിക്കുന്നത് അഭികാമ്യമായിരിക്കും).

പ്രാരംഭപ്രാര്‍ത്ഥന
അനന്ത നന്‍മസ്വരുപനായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, നിസ്സാരരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ നിസ്സീമപ്രതാപവാനായ അങ്ങയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു.  എങ്കിലും അങ്ങയുടെ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട്, അങ്ങയുടെ പ്രിയസുതനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ഈ ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.  ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കര്‍ത്താവേ, ഞങ്ങളെ സഹായിക്കണമേ.

 മിശിഹായുടെ ദിവ്യാത്മാവേ
എന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേ
എന്നെ രക്ഷിക്കണമേ
മിശിഹായുടെ തിരുരക്തമേ

എന്നെ ലഹരി പിടിപ്പിക്കണമേ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ
എന്നെ  കഴുകേണമേ
മിശിഹായുടെ കഷ്ടാനുഭവമേ
എന്നെ ധൈര്യപ്പെടുത്തണമേ
നല്ല ഈശോയെ എന്റെ അപേക്ഷ കേള്‍ക്കേണമെ
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍

എന്നെ മറച്ചുകൊള്ളേണമെ
അങ്ങയില്‍നിന്നും പിരിഞ്ഞുപോകുവാന്‍
എന്നെ അനുവദിക്കരുതേ

ദുഷ്ടശത്രുക്കളില്‍ നിന്ന് 
എന്നെ കാത്തുകൊള്ളേണമേ
എന്റെ മരണനേരത്ത്
എന്നെ അങ്ങേപ്പക്കലേക്കു വിളിക്കണമേ

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ നിത്യമായി അങ്ങേ സ്തുതിക്കുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ. ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോയെ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

ഒന്നാം രഹസ്യം
മനുഷ്യരെ ഇത്രയധികം സ്‌നേഹിക്കുന്ന എന്റെ ഹൃദയം കണ്ടാലും! എന്നാല്‍ മനുഷ്യര്‍ എന്നെ എത്ര തുച്ഛമായി മാത്രം സ്‌നേഹിക്കുന്നു എന്നു വി.മര്‍ഗ്ഗരീത്ത മറിയത്തോട് അരുളി ചെയ്ത ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചു നമുക്കു ധ്യാനിക്കാം. 
ഈശോയുടെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് അവിടുത്തെ സ്‌നേഹത്തില്‍ വളരുവാന്‍ വേണ്ട അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ഓരോ ചെറിയ മണിക്ക്
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ! 
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ   (10 പ്രാവശ്യം)
(ഓരോ ദശകത്തിന്റെയും അവസാനം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ!
എന്റെ രക്ഷയായിരിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ!
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതായിരിക്കണമേ

രണ്ടാം  രഹസ്യം
എനിക്ക് ഈ ജനത്തോട് അനുകമ്പ തോന്നുന്നു എന്നരുളിച്ചെയ്തുകൊണ്ട് മനുഷ്യരോടുള്ള അനന്തമായ ദയയും കാരുണ്യവും കാണിച്ച ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചു നമുക്കു ധ്യാനിക്കാം. 
നമ്മുടെ സഹജീവികളോട് അനുകമ്പയുള്ളവരായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ! 
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ (10 പ്രാവശ്യം)

മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ!
എന്റെ രക്ഷയായിരിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ!
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതായിരിക്കണമേ

മൂന്നാം രഹസ്യം
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നരുളിച്ചെയ്ത ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചു നമുക്കു ധ്യാനിക്കാം. 
മറ്റുള്ളവരുടെ ദു:ഖങ്ങളില്‍ അവരെ ആശ്വസിപ്പിക്കാന്‍ വേണ്ട മനോഭാവം വളര്‍ത്തിയെടുക്കുവാന്‍വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ!
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ (10 പ്രാവശ്യം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ! 
എന്റെ രക്ഷയായിരിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതായിരിക്കേണമേ. 

നാലാം രഹസ്യം 

ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല.  പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ് എന്നരുളിചെയ്ത ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചു നമുക്കു ധ്യാനിക്കാം. പാപികളോടും കരുണകാണിക്കാനും അവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാനും, പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ! 
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ (10 പ്രാവശ്യം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ! 
എന്റെ രക്ഷയായിരിക്കണമേ
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതായിരിക്കണമേ

അഞ്ചാം രഹസ്യം
പിതാവേ! ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അിറയുന്നില്ല.  ഇവരോട് ക്ഷമിക്കേണമേ എന്നു പ്രാര്‍ത്ഥിച്ച ഈശോയുടെ ദിവ്യഹൃദയത്തെക്കുറിച്ച് നമുക്കു ധ്യാനിക്കാം. നമ്മളോടു തെറ്റു ചെയ്യുന്നവരോടു ക്ഷമിക്കുവാന്‍ വേണ്ട കൃപാവരം ലഭിക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ! 
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ (10 പ്രാവശ്യം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ! 
എന്റെ രക്ഷയായിരിക്കണമേ
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതായിരിക്കണമേ.

കാഴ്ചവയ്പ്
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ!,
ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ
അമലോത്ഭവമറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്റെ നാഥേ ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഈശോയുടെ തിരുഹൃദയം ,
എല്ലായിടത്തും സ്‌നേഹിക്കപ്പെടട്ടെ .
മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ! 
മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കണമേ

ഈശോയുടെ തിരുഹൃദയ ലൂത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റൂ ചൊല്ലുക

സ്വര്‍ഗ്ഗസ്ഥനായ പിതാവേ ദൈവമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ
നിത്യപിതാവിന്റെ തിരുക്കുമാരനായ ഈശോയെ,
ഈശോയുടെ തിരുഹൃദയമേ
കന്യാമറിയത്തിന്റെ ഉദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ
ദൈവഭവനവും മോക്ഷവാതിലുമായ ഇശോയുടെ തിരുഹൃദയമേ
ജ്വലിച്ചെരിയുന്ന സ്‌നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരു ഹൃദയമേ,
നീതിയുടെയും സ്‌നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമെ 
നന്‍മയും സ്‌നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടേയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയുംയോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകലഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍ക്കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ
ദൈവത്വത്തില്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ
നിത്യപിതാവിനു പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്‍മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ
നിത്യപര്‍വ്വതങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ
ക്ഷമയും അധികദയയുമുള്ള ഈശോയുടെ തിരുഹൃദയമേ
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരേയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം  തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ
മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ  ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ
പാപങ്ങള്‍ക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ   
അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ,
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,
ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങയുടെ തിരുഹൃദയത്തിന് അനുയോജ്യമാക്കണമേ

നമുക്കു പ്രാര്‍ത്ഥിക്കാം

സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ ദിവ്യപുത്രന്റെ തിരുഹൃദയത്തെയും  പാപികള്‍ക്കായി അവിടുന്നു ചിന്തിയ തിരുരക്തത്തെയും തൃക്കണ്‍പാര്‍ത്ത് അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ. അങ്ങേയ്ക്ക് അവിടുന്നു സമര്‍പ്പിച്ച സ്തുതികളോടും പരിഹാരപ്രവൃത്തികളോടും ചേര്‍ത്തു ഞങ്ങളുടെ ഈ ജപമാലയെയും അങ്ങുന്ന് സ്വീകരിക്കണമേ.  ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താല്‍ സമ്പന്നരാക്കുകയും ചെയ്യേണമേ. ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍.

+++