പരീക്ഷയ്ക്കു പോകുമ്പോഴുള്ള പ്രാര്‍ത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ,  അങ്ങയുടെ പ്രത്യേക അനുഗ്രഹം സ്വീകരിക്കുവാനായി അവിടത്തെ സന്നിധിയില്‍ അണഞ്ഞിരിക്കുന്ന എന്നെ അങ്ങ് കരുണാപൂര്‍വ്വം അനുഗ്രഹിക്കണമേ. പരീക്ഷ എഴുതുവാനായി പോകുന്ന എന്നേയും എന്റെ എല്ലാ കഴിവുകളേയും അങ്ങേക്കു ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ വലതുകരം നീട്ടി എന്നെ അനുഗ്രഹിച്ചാലും വിശുദ്ധഗ്രന്ഥവും പ്രവചനങ്ങളും ഗ്രഹിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയച്ച് ശ്ലീഹന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്ത കര്‍ത്താവേ, എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യണമേ.  പഠിച്ച കാര്യങ്ങള്‍ വേണ്ടവിധം ഓര്‍ക്കുവാനും ചോദ്യങ്ങള്‍ യഥോചിതം മനസ്സിലാക്കി, കൃത്യമായി ഉത്തരം എഴുതുവാനും ആവശ്യമായ കൃപാവരം അങ്ങെനിക്കു നല്‍കണമേ. അങ്ങയുടെ പ്രത്യേക സംരക്ഷണവും പരിപാലനയും ഈ പരീക്ഷയിലുടനീളം എനിക്കു ലഭിക്കുമാറാകട്ടെ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങേ മഹത്ത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാന്‍ എന്നെ അങ്ങു സഹായിക്കുകയും ചെയ്യണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യാകാമറിയമേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. എന്നെ കാക്കുന്ന കര്‍ത്താവിന്റെ മാലാഖയേ, എനിക്കു കൂട്ടായിരിക്കണമേ, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍.

തിരുവചനം 

എന്നെ വിളിക്കുക. ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും (ജറെമിയ 33:3).

എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. (റോമാ9.16) മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ   ദയയാണ്  എല്ലാറ്റിന്റെയും അടിസ്ഥാനം.  (ഏശയ്യാ 65.24) വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും , പ്രാര്‍ത്ഥിച്ചു തീരുംമുമ്പേ ഞാന്‍ അതു കേള്‍ക്കും (യോഹന്നാന്‍ 15:5).

നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ അവന് അതു ലഭിക്കും കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന് (യാക്കോബ് 1:5) .

ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനം ചെയ്തു (1.രാജാക്കന്മാര്‍ 4:29).

+++