കുടുംബ വിശുദ്ധീകരണ പ്രാര്‍ത്ഥന

കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്ക്  നല്‍കിയിട്ടുള്ള ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ഞങ്ങള്‍ മനസ്തപിക്കുന്നു. അവയ്ക്കു ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ ഭവനത്തില്‍ അങ്ങ് വാസമുറപ്പിക്കേണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവ്യത്തികളും വ്യാപാരങ്ങളും അങ്ങു നിയന്ത്രിക്കേണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തേണമേ. പരസ്പരസ്‌നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് നല്‍കേണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കേണമേ.

ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബങ്ങളില്‍നിന്ന് പ്രേഷിതരെ വിളിക്കേണമേ. രോഗികളേയും ആസന്നമരണരേയും കാത്തുപരിപാലിക്കേണമേ. പാപസാഹചര്യങ്ങളിലും അപകടങ്ങളിലുംനിന്ന് ഞങ്ങളെ ഓരോരുത്തരേയും കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നു മരിച്ചുപോയിട്ടുള്ളവര്‍ക്കു സ്വര്‍ഗ്ഗഭാഗ്യം നല്‍കേണമേ. ഞങ്ങളുടെ അയല്‍ക്കാരേയും ചാര്‍ച്ചക്കാരേയും സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളെല്ലാവരും അവസാനം അങ്ങയോടൊന്നിച്ചു സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യേണമേ. ആമ്മേന്‍.

തിരുവചനം 

കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും (അപ്പ.പ്രവര്‍ത്തനങ്ങള്‍ 16:31).

കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയുംചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ (സംഖ്യ 6:24 -26).

+++