പരിശുദ്ധാതമാവിനോടുള്ള പ്രാര്‍ത്ഥന

എല്ലാറ്റിനേയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്‌നേഹത്തിന്റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും ചെയ്യേണമേ. നിത്യവും ഞങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവേ, അനുതാപത്തിന്റെ അരൂപി ഞങ്ങള്‍ക്കു തരണമേ. പാപത്തില്‍നിന്നും പാപസാഹചര്യങ്ങളില്‍നിന്നും ഞങ്ങളെ അകറ്റണമേ. വിജ്ഞാനത്തിന്റെയും, അറിവിന്റെയും റവിടമായ പരിശുദ്ധാത്മാവേ, യേശുവിന്റെ പഠനങ്ങളാല്‍ ഞങ്ങളെ പ്രബുദ്ധരാക്കണമേ. വിശ്വാസത്തില്‍ ഉറപ്പിക്കുകയും പ്രത്യാശയില്‍ നടത്തുകയും ചെയ്യേണമേ.

വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും ദുഃഖിതരെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, അവിടത്തെ സമാശ്വാസത്തിന്റെ ശീതളച്ഛായയില്‍ ഞങ്ങളെ നിര്‍ത്തണമേ. സ്‌നേഹത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. അഗതികളുടെ ആശ്രയവും വരദാനങ്ങളുടെ ഉറവിടവുമായ പരിശുദ്ധാത്മാവേ, അവിടത്തെ അനുഗ്രഹത്തിന്റെ സമൃദ്ധിയാല്‍ ഞങ്ങളുടെ ദാരിദൃം അകറ്റണമേ. മനസ്സിന്റെ ശൂന്യത മാറ്റി ഹൃദയം ഉജ്ജ്വലിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനും മാര്‍ഗ്ഗവുമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ വഴികള്‍ അങ്ങ് നേരെയാക്കുകയും വഴിതെറ്റിപ്പോയവരെ നേര്‍വഴിക്കു തിരിക്കുകയും ചെയ്യേണമേ. സത്യത്തിലും നീതിയിലും ഞങ്ങളെ നടത്തണമേ.

ഐക്യത്തിന്റെ നിദാനമായ പരിശുദ്ധാത്മാവേ, അകന്നുപോയവരെ അടുപ്പിക്കുകയും ഭിന്നതകള്‍ അകറ്റുകയും ചെയ്യണമേ. ഞങ്ങളുടെ നെടുവീര്‍പ്പുകളിലും വിലാപങ്ങളിലും ഞങ്ങളെ ആശ്വസിപ്പിക്കണമേ. ഞങ്ങളുടെ പദ്ധതികളെ അങ്ങു നയിക്കുകയും ഉദ്യമങ്ങളെ വിജയിപ്പിക്കുകയും ചെയ്യേണമേ. ആമ്മേന്‍

ഗാനം
ആത്മാവേ പരിശുദ്ധാത്മാവേ(2)
എന്‍ ഹൃദയത്തില്‍ വാഴും ആത്മാവേ
നിറയണമേ എന്നില്‍ നിറയണമേ
ജീവജലത്തിന്‍ അരൂപിയാല്‍
നിറഞ്ഞു കവിഞ്ഞൊഴുകണമേ
സ്‌നേഹാഗ്നി ജ്വാലയായ്
എന്നില്‍ കത്തിപ്പടരണമേ (ആത്മാവേ)

തിരുവചനം 

നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു (റോമാ 8:26). പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും (അപ്പ.പ്രവര്‍ത്തനങ്ങള്‍ 1:8)

എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്  എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും (യോഹന്നാന്‍ 14:26).

+++