നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല (1 തിമോത്തേയോസ് 6:7). 

ധനമോഹമാണ് എല്ലാതിന്മ
കളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചു പോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട് (1 തിമോത്തേയോസ് 6:10).

നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക;  അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും (പ്രഭാഷകന്‍ 3:18-19).

മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല (മത്തായി 6:1)

എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നത് എന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനു വേണ്ടി സമ്പത്തു നേടാന്‍ അവിടുന്നാണ് നിങ്ങള്‍ക്കു ശക്തി തരുന്നത് (നിയമാവര്‍ത്തനം 8:17-18).

നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? (1 കോറിന്തോസ് 4:7).

നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍ശും (മത്തായി 6:3-4).

കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക. അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും (സുഭാഷിതങ്ങള്‍ 3:9-12).

ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല.  നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും (മത്തായി 6:19-21).

എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും (ലൂക്കാ 12:20-21)

ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും (സുഭാഷിതങ്ങള്‍ 19:17). ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ ക്ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്ക്കുന്നവനു ശാപത്തിന്‍മേല്‍ ശാപമുണ്ടാകും (സുഭാ 28:27).

മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്ചകളിലുംതന്നെ (മലാക്കി 3:8).

ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു (മലാക്കി 3:10).

കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും (ലൂക്കാ 6:38). 

ധാന്യങ്ങളോ വൃക്ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം കര്‍ത്താവിനുള്ളതാണ്. അതു കര്‍ത്താവിനു വിശുദ്ധമാണ് (ലേവ്യര്‍ 27:30).

വര്‍ഷംതോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വയ്ക്കണം (നിയമാവര്‍ത്തനം 14:22).