വത്തിക്കാന്‍ സിറ്റി: വേശ്യാവൃത്തിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിച്ചിരിക്കുന്ന റോമിലെ ജോണ്‍ ഇരുപത്തി മൂന്നാമന്‍ കമ്യൂണിറ്റി സെന്റര്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന 'കരുണയുടെ വെള്ളിയാഴ്ച്ച'യിലാണ് ശരീരത്തിലും മനസിലും ഒരേ പോലെ മുറിവേറ്റ 20 സ്ത്രീകളെ കാണുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് എത്തിയത്. ശാരീരികമായും മാനസികമായും മുറിവേറ്റ്, സമൂഹത്തില്‍ എല്ലാവരാലും തഴയപ്പെട്ട് കിടന്നിരുന്ന 20 സ്ത്രീകള്‍ക്കും പാപ്പയുടെ സന്ദര്‍ശനം മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മയായി. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ട സ്ത്രീകളാണ് സെന്ററില്‍ താമസിക്കുന്നത്. റോമാനിയ, അല്‍ബേനിയ, നൈജീരിയ, ട്യുണേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ അധിവസിപ്പിച്ചിരിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും 30 വയസ്സിനടുത്ത പ്രായമുള്ളവരാണ്. മനുഷ്യകടത്തിനെതിരെ സഭ എന്നും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതിനെ ഒരിക്കല്‍ കൂടി അടിവരയിടുകയാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 

സ്ത്രീകളുടെ ശരീരം വില്‍പ്പന വസ്തുവായി കാണുകയും അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നത് മാരകമായ പാപമാണ്. 'സമകാലിക മനുഷ്യത്വത്തിന്റെ ശരീരത്തില്‍ ഏറ്റ ഒരു മഹാവ്യാധി; ക്രിസ്തുവിന്റെ ശരീരത്തില്‍ വീണ്ടും ഏല്‍ക്കപ്പെടുന്ന ഒരു മുറിവ് ശരീരം വ്യാപാരം ചെയ്യുന്നതിനെ സംബന്ധിച്ചും, മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അന്തസിന് വിലകല്‍പ്പിക്കാതെ നടക്കുന്ന മനുഷ്യകടത്തിനെ കുറിച്ചും ഈ വാചകങ്ങളിലൂടെയാണ് പാപ്പ തന്റെ ശക്തമായ പ്രതികരണം അറിയിച്ചതെന്ന്! വിജ്ഞാപനത്തില്‍ പറയുന്നു. 

സെന്ററിന്റെ ജനറല്‍ മാനേജര്‍ ജോണ്‍ പോള്‍ റമോണ്ട, ചാപ്ലിന്‍ ഡോണ്‍ ആല്‍ഡോ തുടങ്ങിയ ചുമതലക്കാരും മാര്‍പാപ്പയുടെ സന്ദര്‍ശന സമയം സെന്ററില്‍ ഉണ്ടായിരുന്നു. കരുണയുടെ വര്‍ഷത്തില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച ഒരു പുണ്യപ്രവര്‍ത്തിയെങ്കിലും ചെയ്യുക എന്നതാണ് പാപ്പ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പോളണ്ടിലെ ജൂതകൂട്ടക്കുരുതി നടന്ന സ്ഥലത്തും, അഭയാര്‍ത്ഥി ക്യാമ്പില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പവും, വൃദ്ധമന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമെല്ലാം, ഇതിനു മുമ്പുള്ള കരുണയുടെ വെള്ളിയാഴ്ചകളില്‍ മാര്‍പാപ്പ സമയം കണ്ടെത്തിയിരുന്നു. 

കടപ്പാട് : pravachakasabdam.com