തിരുവചനം ഏറ്റു പറഞ്ഞുള്ള പ്രാര്‍ത്ഥന
കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1:18). നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല (ഏശയ്യാ 43:25). അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (ലൂക്കാ 1:50).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ 
 
കര്‍ത്താവ് ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയുംകഷ്ടതയുടെ ദിനങ്ങളില്‍രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു (പ്രഭാഷകന്‍ 2:11). അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല (ഹെബ്രായര്‍ 8:12)
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ 
 
പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നുനിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ (1 പത്രോസ് 1:18-19). സ്വന്തം രക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാന്‍ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു (ഹെബ്രായര്‍ 13:12).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ 
 
സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു (കൊളോസോസ് 1:20). നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രായര്‍ 9:22).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ 
 
ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു  തരുകയും ചെയ്യും (യോഹന്നാന്‍ 14:16).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്കു നല്‍കണമേ 
 
സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്. സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്. (യാക്കോബ് 1:68) 
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ 
 
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത് (യോഹന്നാന്‍ 14:27). ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും (യോഹന്നാന്‍ 16:24).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു സമാധാനവും സന്തോഷവും നല്‍കണമേ 
 
നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല (നിയമാവര്‍ത്തപനം 31:6).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു സമാധാനവും സന്തോഷവും നല്‍കണമേ 
 
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല (ഏശയ്യാ 54:10). 
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു സമാധാനവും സന്തോഷവും നല്‍കണമേ 
 
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തി്‌ക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1 പത്രോസ് 5:6)
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കണമേ 
 
ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും (യോഹന്നാന്‍ 14:18). നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെ തന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും (ഏശയ്യാ 46:4).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കണമേ 
 
ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍. എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ഥങ്ങള്‍ വരുത്തിയവന്‍ തന്നെ നിങ്ങള്‍ക്കു  രക്ഷയും നിത്യാനന്ദവും നല്‍കും (ബാറൂക്ക് 4:28). 
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കണമേ 
 
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും (ഏശയ്യാ 41:10).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ ധൈര്യപ്പെടുത്തണമേ 
മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു  നല്‍കും (1 കോറിന്തോസ് 10:13).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ 
 
ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും (2 രാജാക്കന്മാര്‍ 20:5). അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1 പത്രോസ് 2:24).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളെ സൌഖ്യപ്പെടുത്തണമേ 
 
അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി. തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ (2 കോറിന്തോസ്  8:9).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ഇടപെടണമേ 
 
കര്‍ത്താപവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും (അപ്പ.പ്രവര്‍ത്തനങ്ങള്‍16:31).
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 
 
നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു. അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. (വെളിപാട് 2: 4-5). 
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു അനുതാപം നല്‍കണമേ 
 
നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന്. (യാക്കോബ് 1:5). എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും (ജറെമിയാ 33:3). യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക്  ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ് (മത്തായി 19:26)
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു ജ്ഞാനവും ബുദ്ധിയും നല്‍കണമേ 
 
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ (2 കോറിന്തോസ് 13:13)
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു കൃപ നല്‍കണമേ
 
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ് (എഫേസോസ് 2:8). പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ് (റോമാ 6:14)
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു കൃപ നല്‍കണമേ
 
നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും (2 കോറിന്തോസ് 12:9)
ഈ തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ക്കു കൃപ നല്‍കണമേ

+++