വത്തിക്കാന്‍ സിറ്റി: കരുണ കാണിക്കാതെ ആര്‍ക്കും കരുണ ലഭിക്കില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവത്തിന്റെ കരുണാര്‍ദ്രമായ ഇടപെടല്‍ ആഗ്രഹിക്കുന്ന ഏവരും മറ്റുള്ളവരോട് കരുണ കാണിക്കുവാന്‍ സന്നദ്ധരാകണം, ഡിവൈന്‍ മേഴ്‌സി ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. നാം എത്രയധികമായി കരുണ സ്വീകരിക്കുന്നുവോ അത്രയധികമായി മറ്റുള്ളവരോട് കരുണ കാണിക്കണം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കൂടിയിരുന്നവരോട് പാപ്പ പറഞ്ഞു. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ഡിവൈന്‍ മേഴ്‌സി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ്. 2000 മുതലാണ് ആരംഭിച്ചത്. വിശുദ്ധ ഫൗസ്റ്റീനയുടെ നാമകരണവുമായി ബന്ധപ്പെട്ടായിരുന്നു അത്.

ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തോടൊപ്പം വന്ന കരുണാദിനം എന്ന പ്രത്യേകതയും ഈ ഞായറാഴ്ചയ്ക്കുണ്ടായിരുന്നു. 'കരുണ നഷ്ടപ്പെട്ട ആടുകളെ തേടിയുളള യാത്രയാണ്. അതിനെ കണ്ടെത്തിക്കഴിയുമ്പോള്‍ പങ്കുവയ്ക്കപ്പെടാനാവാത്ത ഒരു സന്തോഷം എല്ലാവരിലും നിറയുന്നു. മറ്റുള്ളവരുടെ കണ്ണുകളിലേക്ക് ആര്‍ദ്രതയോടെ നോക്കുവാന്‍ കരുണ നമ്മെ പ്രാപ്തരാക്കുന്നു.' പാപ്പ പറഞ്ഞു. കരുണ കാണിക്കുന്നവര്‍ക്ക് കരുണ ലഭിക്കുമെന്നും, ഇളവുകൊടുത്ത ജോലിക്കാരന്‍ തന്റെ താഴെയുള്ളവരോട് ക്രൂരത കാണിച്ചപ്പോള്‍ അയാളെ ജയിലിലടച്ച ബൈബിള്‍ ഭാഗവും ഏശയ്യാ പ്രവാചകന്റെ വാക്കുകളും ഉദ്ധരിച്ചായിരുന്നു പാപ്പയുടെ പ്രബോധനം. ദൈവം മനുഷ്യകുലത്തോടും നാമോരോരുത്തരോടും വലിയ കാരുണ്യം കാണിക്കുന്നു. നമ്മുടെ ബലഹീനതകളെ അവിടുന്ന് ഗൗനിക്കുന്നില്ല. അതിനാല്‍തന്നെ പരസ്പരം വിധിക്കുവാനും കാരുണ്യമില്ലാതെ പ്രവര്‍ത്തിക്കുവാനും നാം തുനിയരുത്. കരുണയുള്ളതിനാലാണ് ദൈവം നമ്മിലൊരുവനായത്.

അപ്പസ്‌തോലന്മാരില്‍ ഒരുവനായ തോമ്മാശ്ലീഹാ ഈശോയുടെ മുറിവുകളില്‍ വിരലുകള്‍ ഇടുവാന്‍ ആഗ്രഹിച്ചു. അതാണ് യഥാര്‍ത്ഥ വിശ്വാസം. ക്രിസ്തുവിന്റെ മുറിവുകള്‍ തകര്‍ക്കപ്പെടുന്ന മനുഷ്യരാണ്. വേദനിക്കുന്ന സമൂഹമാണ്. അവര്‍ക്കുവേണ്ടി നമ്മുടെ വിരലുകള്‍ ചലിപ്പിക്കുവാന്‍ നമുക്കാവണം. മുറിവുകളില്‍ സ്വാന്തനം പകരാനാകാത്ത വിശ്വാസം നിര്‍ജീവമാണ്. ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

കടപ്പാട് : in.sundayshalom.com