വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷങ്ങളില്‍ അശരണരുടെയും അംഗഹീനരുടെയും പാദങ്ങള്‍ കഴുകി പെസഹാ വ്യാഴാഴ്ച എളിമയുടെ ഉദാത്ത മാതൃക കാട്ടി ക്രിസ്തുമനസ്സ് പിന്‍ചെന്ന ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം കഴുകുന്നത് അഭയാര്‍ത്ഥികളുടെ പാദങ്ങള്‍. റോമില്‍നിന്ന് 18 മൈല്‍ അകലെ കാസല്‍നുവോവോ ഡി പോര്‍ട്ടോയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് എത്തുന്ന പാപ്പ അഭയാര്‍ത്ഥികളുടെ സംഘമായ കാരയിലെ അംഗങ്ങളുടെ കാലുകള്‍ കഴുകുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ചുമണിക്ക് സ്ഥലത്തെത്തുന്ന പാപ്പ പെസഹാദിന ദിവ്യബലി അര്‍പ്പിക്കും. 900 അഭയാര്‍ത്ഥികളും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും ബലിയില്‍ പങ്കെടുക്കും. ഈ അഭയാര്‍ത്ഥികളില്‍ മിക്കവരും മുസ്ലീം വിശ്വാസികളാണെന്നത് മറ്റൊരു സവിശേഷത. ക്രിസ്ത്യാനികള്‍ പലരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും.

പതിനൊന്ന് അഭയാര്‍ത്ഥികളുടെയും ഒരു സന്നദ്ധ പ്രവര്‍ത്തകന്റെയും പാദങ്ങളാണ് പാപ്പ കഴുകുന്നത്. അവരില്‍ നാലുപേര്‍ നൈജീരിയയില്‍നിന്നുള്ള കത്തോലിക്കാ യുവാക്കള്‍, എരിത്രേയയില്‍നിന്നുള്ള മൂന്ന് കോപ്റ്റിക് യുവതികള്‍, മൂന്ന് പേര്‍ മുസ്ലീംവിശ്വാസികള്‍, പിന്നെയൊരാള്‍ ഇന്ത്യയില്‍നിന്നുള്ള ഹിന്ദുമത വിശ്വാസിയും. വത്തിക്കാന്‍ പത്രമായ ലൊസര്‍വത്തോറെ റൊമാനോയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ആര്‍ച്ച് ബിഷപ് റിനോ ഫിഷെല്ലയാണ് വാര്‍ത്തയുടെ വിശദാംശങ്ങള്‍ നല്‍കിയത്. ന്യൂ ഇവാന്‍ജെലൈസേഷന്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണ് അദ്ദേഹം.

മുന്‍ വര്‍ഷങ്ങളിലും പെസഹാവ്യാഴം കാല്‍കഴുകുന്ന ശുശ്രൂഷ വ്യത്യസ്തമായി ചെയ്യാന്‍ പാപ്പ ശ്രദ്ധിച്ചിരുന്നു. എളിമയുടെ മാതൃക കാട്ടുവാനാണ് ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അപ്രകാരം ചെയ്യുവാന്‍ ശിഷ്യന്മാരെ പ്രബോധിപ്പിക്കുകയും ചെയ്തത്. ഒരു വര്‍ഷം പാപ്പ യുവാക്കളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ജയില്‍ അതിനായി തിരഞ്ഞെടുത്തു. അടുത്തവര്‍ഷം അംഗഹീനര്‍ക്കായും പിന്നീട് റോമിലെ വലിയൊരു ജയിലും.

ഇറ്റലിയിലെ പ്രമുഖ അഭയാര്‍ത്ഥി ക്യാംപുകളില്‍ ഒന്നാണ് കാര. അഭയാര്‍ത്ഥികളില്‍ മിക്കവരും ആഫ്രിക്കയില്‍നിന്നുള്ളവര്‍. അഭയാര്‍ത്ഥി പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശ്‌നമായിരിക്കുന്ന സമയത്താണ് പാപ്പയുടെ ഈ വ്യത്യസ്തമായ തീരുമാനം. അവര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്താനും പാപ്പ മടികാണിക്കാറില്ല.

കടപ്പാട് : in.sundayshalom.com