ജീവിതത്തില്‍ ഇരുട്ടു വീഴ്ത്തുന്ന സംഭവങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാകുമ്പോള്‍ നാം സ്വയം നിരവധി ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. തിങ്കളാഴ്ച്ച കാസാ സാന്താ മരിയയിലെ ദിവ്യബലിയിലെ പ്രഭാഷണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അത്തരം സന്ദര്‍ഭങ്ങളെ പ്രതിപാദിച്ചാണ് സംസാരിച്ചത്. 

ഭവനരഹിതനായ ഒരാള്‍ റോമിലെ തെരുവില്‍ തീവ്രശൈത്യത്തില്‍ മരിച്ചുവീണു; യെമനിലെ ആക്രമണത്തില്‍, നന്മ മാത്രം ചെയ്തു ജീവിച്ചിരുന്ന കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു; ഇറ്റലിയിലെ 'ഠൃശമിഴഹല ീള ഉലമവേ'ല്‍ വന്‍തോതില്‍ വിഷവസ്തുക്കള്‍ കത്തിച്ചുണ്ടാകുന്ന പുക ശ്വസിച്ച് കാന്‍സറും മറ്റു ദുരിതങ്ങളുമായി ജനങ്ങള്‍ ജീവിക്കുന്നു. 'ഇവരൊന്നും സ്വന്തം തെറ്റുകള്‍ കൊണ്ടല്ല ദുരിതത്തിനും മരണത്തിനും ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നത്. ഇവിടെയെല്ലാം 'എന്തുകൊണ്ട്?' എന്ന ചോദ്യം ഉയരുന്നുണ്ട്. ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. ദൈവത്തില്‍ വിശ്വസിക്കുക!' പിതാവ് പറഞ്ഞു. 

ദാനിയേലിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായത്തിലെ സൂസന്നയുടെ കഥ അദ്ദേഹം ആവര്‍ത്തിച്ചു. ധര്‍മ്മിഷുയായ ഒരു സ്ത്രീയായിരുന്നു അവള്‍. രണ്ട് ന്യായാധിപന്മാര്‍ അവളെ മോഹിച്ചു. ന്യായം ലഭിക്കാന്‍ വേണ്ടി അവര്‍ക്ക് വഴങ്ങി കൊടുക്കാന്‍ അവള്‍ തയ്യാറായില്ല. പകരം അവള്‍ ദൈവത്തില്‍ ആശ്രയിച്ചു. ദൈവത്തിന്റെ കരങ്ങളില്‍ നമ്മെ ഏല്‍പ്പിച്ചു കൊടുത്താല്‍ നമുക്ക് തിന്മയെ ഭയപ്പെടേണ്ട കാര്യമില്ല, പിതാവ് പറഞ്ഞു. 

ഭക്ഷണമില്ലാതെ മനുഷ്യര്‍ മരിക്കുന്നു; യുദ്ധത്തിന്റെ കെടുതികള്‍; അംഗഭംഗം വന്ന കുട്ടികള്‍; ഇതെല്ലാം കണ്ട് പകച്ചു നില്‍ക്കുന്ന മനുഷ്യന്‍ ചോദിക്കുന്നു: 'ദൈവം എവിടെ?' സൂസന്ന ചോദിച്ചു; നമ്മള്‍ ചോദിക്കുന്നു; ലോകത്തിന് സ്‌നേഹ സാന്തനങ്ങളേകി ജീവിച്ചിട്ടും വിദ്വേഷത്തിന്റെ മതഭ്രാന്തന്മാരാല്‍ കൊല ചെയ്യപ്പെട്ട ആ കന്യാസ്ത്രീകളും ചോദിക്കുന്നു; പട്ടിണിയം ശൈത്യവും സഹിച്ച് അടഞ്ഞ വാതിലിനു പുറത്തു നില്‍ക്കുന്ന അഭയാര്‍ത്ഥികളും ചോദിക്കുന്നു, 'ദൈവമെ, അങ്ങെവിടെ?'. നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ സഹനത്തിന് ന്യായീകരണം ഉണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണവ. 

ദൈവപുത്രന്‍ മനുഷ്യനായി പിറന്നുകൊണ്ടാണ് പീഠനങ്ങളും കുരിശുമരണവും നേരിട്ടത്. മനുഷ്യനായി തന്നെയാണ് തന്റെ പിതാവായ ദൈവത്തില്‍ വിശ്വസിച്ചത്. ആ സഹനം എന്തിനു വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ നമുക്ക് മനസിലാകുന്നു. സഹനവും തിന്മയും ഒന്നിന്റെയും അന്ത്യമല്ലെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. 'ദൈവത്തിന് സ്വയം ഏല്‍പ്പിച്ചു കൊടുക്കുന്നവര്‍ക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല.' നമ്മുടെ ജീവിതം ദുരിതത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മെ സ്വയം ദൈവത്തിന് ഏല്‍പ്പിച്ചു കൊടുക്കുക. 'നിങ്ങളുടെ സഹനവും നിങ്ങള്‍ക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയില്‍ പെട്ടതാണ് എന്ന് മനസിലാക്കുക.' 

നമുക്ക് ദൈവത്തോട് ഇപ്രകാരം പറയാം 'ദൈവമമെ! അവിടുത്തെ നീതി എനിക്കു മനസിലാകുന്നില്ല. അത് മനസിലാക്കാതെ തന്നെ, ഞാന്‍ എന്നെ അവിടുത്തെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു.!' പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. 

കടപ്പാട് : pravachakasabdam.com