വത്തിക്കാന്‍ സിറ്റി: സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന പാപിനിയായ സ്ത്രീ പാപികളായ നമ്മുടെ ഒരോരുത്തരുടെയും പ്രതിനിധിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപിനിയായ സ്ത്രീയുമായി യേശുവിന്റെ പക്കലെത്തിയവര്‍ തങ്ങളുടെതന്നെ പാപത്തെക്കുറിച്ച് അവബോധമുള്ളവരായാണ് മടങ്ങുന്നതെന്നും ത്രികാലജപത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പൊതുജനങ്ങളോട് പാപ്പ പങ്കുവച്ചു. സുവിശേഷത്തില്‍ കാണുന്നതുപോലെ നമ്മുടെ പാപങ്ങളെക്കുറിച്ചുള്ള അവബോധം നമുക്കുണ്ടാകണം. മറ്റുളളവരെ എറിയാന്‍ ലക്ഷ്യം വച്ചിരിക്കുന്ന കല്ലുകള്‍ നിലത്തിടാനുള്ള ധൈര്യമുണ്ടാകണം. അപ്പോഴാണ് നമ്മള്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നത്. പാപ്പ തുടര്‍ന്നു.

എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ യേശുവും സ്ത്രീയും മാത്രമാണ് അവശേഷിച്ചത്. ദുരിതവും കരുണയും തമ്മില്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടുകയാണവിടെ. ഇന്നത്തെ സാഹചര്യത്തില്‍ പാപത്തെക്കുറിച്ചുള്ള അപമാനഭാരത്താല്‍ കുമ്പസാരക്കൂടണയുന്ന പാപിയുടെ അവസ്ഥയാണിത്. നമ്മുടെ ദുരിതപൂര്‍ണമായ അവസ്ഥ ബോധ്യപ്പെടുമ്പോള്‍ നാം ദൈവത്തോട് കരുണ യാചിക്കുന്നു. യേശുവിന്റെ വിശ്വസ്തതയെ വഞ്ചിച്ച പാപികളായ നമ്മുടെ സ്ഥാനത്താണ് പാപിനായ സ്ത്രീ നില്‍ക്കുന്നത്. അവള്‍ക്ക് ലഭിച്ച അനുഭവം തന്നെയാണ് നാമോരോരുത്തര്‍ക്കുമായി ദൈവം കരുതി വച്ചിരിക്കുന്നത്. ശിക്ഷയല്ല, മറിച്ച് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയാണത്; പാപ്പ വിശദീകരിച്ചു.

തുടര്‍ന്ന് നടന്ന മരിയന്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ എല്ലാവര്‍ക്കും ലൂക്കായുടെ സുവിശേഷം വിതരണം ചെയ്തു. വോളന്റിയര്‍മാരുടെ സഹായത്തോടെ റോമിലെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരുമാണ് സുവിശേഷം വിതരണം ചെയ്തത്. കുട്ടികളിലേയ്ക്ക് വിശ്വാസം പകര്‍ന്ന് നല്‍കുന്ന വോയധികരെ മാര്‍പാപ്പ അഭിനന്ദിച്ചു. കരുണയുടെ ഏഴ് ശാരീരിക പ്രവൃത്തികളും ആത്മീയ പ്രവൃത്തികളും അടങ്ങുന്ന ബുക്ക്‌ലെറ്റുകളും സുവിശേഷത്തോടൊപ്പം വിതരണം ചെയ്തിരുന്നു. ഈ പ്രവൃത്തികള്‍ പ്രാവര്‍ത്തികതലത്തില്‍ കൊണ്ടുവരുന്നതിനായി അവ കാണാതെ പഠിക്കുന്നത് നല്ലതാണെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.

അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?. അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത് (യോഹന്നാന്‍ 8:7-11).

കടപ്പാട് : us.sundayshalom.com