യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ ജീവത്യാഗം ചെയ്ത കന്യാസ്ത്രീകളെ 'ഇന്നത്തെ രക്തസാക്ഷികള്‍' എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. 'അവര്‍ വിദ്വേഷത്തിന്റെ രക്തസാക്ഷികളാണ്. നമ്മുടെ വിശ്വാസത്തോടുള്ള വിദ്വേഷത്തിന്റെ രക്തസാക്ഷികള്‍!' അറേബ്യന്‍ പെനിസുലയുടെ അപ്പോസ്തലിക് വികാരിയായ പോള്‍ ഹിന്‍ഡര്‍ അഭിപ്രായപ്പെടുന്നു. ആ സന്യാസിനീസമൂഹത്തിന്റെ ദൈനംദിനമുള്ള പ്രാര്‍ത്ഥന അദ്ദേഹം വിവരിച്ചു. 'ദൈവമെ, എന്നെ ഔദാര്യ മനസ്‌ക്കയാക്കണമെ! അവിടുത്തേക്ക് സേവനം ചെയ്യുവാന്‍ എന്നെ പ്രാപ്തയാക്കണമെ! വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍, ലാഭേച്ഛയില്ലാതെ കര്‍മ്മം ചെയ്യുവാന്‍ എനിക്ക് കഴിവ് തരണമെ!' 

ദിശാബോധം നഷ്ടപ്പെട്ട ചില മത തീവ്രവാദികളാണ് വെള്ളിയാഴ്ച്ചത്തെ ദുരന്തത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് െ്രെകസ്തവ സന്യാസിനികള്‍ അവിടെ തുടരുന്നത് ചില മത തീവ്രവാദികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ കൂട്ടക്കൊല നടത്തിയത് അല്‍ ഖൊയ്ദയോ ഇസ്ലാമിക് സ്‌റ്റേറ്റോ ആണെന്ന് കരുതപ്പെടുന്നു. ഈ തീവ്രവാദ ചിന്താഗതി യെമനിലെ പൊതുജനങ്ങള്‍ പങ്കുവെയ്ക്കുന്നില്ല എന്നത് ആശ്വസകരമാണ് എന്ന് അദ്ദേഹം പറഞ്ഞു. 'െ്രെകസ്തവ സഹോദരിമാരുടെ നിസ്വാര്‍ത്ഥമായ സേവനം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് യെമനിലെ പൊതുജനങ്ങള്‍. വെള്ളിയാഴ്ച്ചയിലെ ക്രൂരകൃത്യം നിര്‍വ്വഹിച്ചവര്‍ പൈശാചികതയുടെ അനുയായികളാണ്,' അദ്ദേഹം പറഞ്ഞു . 

മദര്‍ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി യെമനില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1973ലാണ്. യെമനിലെ ഗവണ്‍മെന്റ് ഔദ്യോഗികമായി തന്നെ മിഷിനറീസ് ഓഫ് ചാരിറ്റിയെ തങ്ങളുടെ രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ക്ഷണിക്കുകയായിരുന്നു. യെമനിലെ സന്യാസിനികളുടെ മന്ദിരം തുറന്നത് 1992ലാണ്. അഭ്യന്തര യുദ്ധം നടക്കുന്ന യെമനില്‍ ഇതിനകം 6000 ത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു എന്ന് ഡച വിലയിരുത്തുന്നു. അഭ്യന്തര യുദ്ധത്തിന്റെ മറവില്‍ അല്‍ ഖെയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ മുസ്ലിം ഭീകരസംഘടനകള്‍ രാജ്യത്ത് ചുവടുറപ്പിച്ചു വരികയാണ്. രാജ്യം വിട്ടു പോകാത്ത കത്തോലിക്കര്‍ പ്രത്യാശ കൈവിടാതെ, ആശുപത്രികളിലും അഗതിമന്ദിരങ്ങളിലുമെല്ലാം പ്രവര്‍ത്തനനിരതരാണ്. 

'ഗാഗുല്‍ത്ത ഒരു അവസാനമല്ല, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആരംഭമാണ്!' അപ്പോസ്തലിക് വികാരി പറഞ്ഞു. സന്യാസിനി മന്ദിരത്തിലെ അക്രമങ്ങള്‍ക്കിടയ്ക്ക് തട്ടികൊണ്ടു പോകപ്പെട്ട സലേഷ്യന്‍ പുരോഹിതന്‍ ഫാദര്‍ റ്റോം ഉഴുന്നല്ലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് അദ്ദേഹം അറിയിച്ചു. ബാംഗ്‌ളൂരിലെ സാലേഷ്യന്‍ സഭാംഗമായ ഫാദര്‍ ഉഴുന്നല്ലില്‍ 2012 മുതല്‍ ഒരു മിഷിനറിയായി യെമനില്‍ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അദ്ദേഹം സേവനമനുഷ്ടിച്ചിരുന്ന പള്ളി തകര്‍ക്കപ്പെട്ടതിനു ശേഷം, മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിലാണ് കഴിഞ്ഞിരുന്നത്. അവിടെ വച്ചാണ് അദ്ദേഹം ഭീകരരുടെ പിടിയില്‍ പെട്ടത്. 

29 വര്‍ഷങ്ങളായി സലേഷ്യന്‍ സഭ യെമനില്‍ സജീവമാണ്. ഫാദര്‍ ഉഴന്നല്ലില്‍ മുസ്ലീം തീവ്രവാദികളുടെ പിടിയില്‍ പെട്ടുവെന്ന കാര്യം ബാംഗ്‌ളൂരിലെ സാലേഷ്യന്‍ സഭയുടെ സെക്രട്ടറി ഫാദര്‍ വളര്‍ക്കോട്ട് മാത്യു സ്ഥിരീകരിച്ചു. 'അദ്ദേഹത്തിന്റെ തിരിച്ചുവരവിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്.' ഫാദര്‍ മാത്യു പറഞ്ഞു. 

കടപ്പാട് : pravachakasabdam.com