മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്നും മോചിതരാകുന്നവരോടൊപ്പം കരുണയുടെ വെള്ളിയാഴ്ച്ച ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ 

മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഫാ.മാരിയോ പിച്ചി സോളിടാരിറ്റി സെന്റര്‍ സന്ദര്‍ശിച്ച് കൊണ്ട് പരിശുദ്ധ പിതാവ് കരുണയുടെ വെള്ളിയാഴ്ച്ച അവസ്മരിണീയമാക്കി. അവിടെ ചികിത്സയിലിരിക്കുന്ന 60 അതിഥികളുമായി സമയം പങ്കിട്ടു കൊണ്ട് അവര്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു കൊടുക്കുക്കാനും അദ്ദേഹം സമയം കണ്ടെത്തി. 1979ല്‍ ഫാദര്‍ പിച്ചി സ്ഥാപിച്ച ഈ കേന്ദ്രത്തില്‍ മയക്കുമരുന്നിനുള്ള ചികിത്സ ഉള്‍പ്പടെ നിരവധി ചെറുപ്പക്കാരെയും കുടുംബങ്ങളേയും സാമൂഹ്യ ബഹിഷ്‌ക്കരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള അനവധി പദ്ധതികള്‍ നടത്തി വരുന്നു. 

മാര്‍പാപ്പ അപ്രതീക്ഷിതമായി വാതില്‍ തുറന്ന് സ്ഥാപനത്തിലേക്ക് കയറിയപ്പോള്‍ അതിഥികള്‍ അത്ഭുതപ്പെട്ട് നിന്നു പോയതായി കേന്ദ്രത്തിന്റെ പ്രസിഡന്റ് റോബര്‍ട്ട് മിന്യോ ഫെബ്രുവരി 26 നു ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. പിതാവ് തന്റെ സഹജമായ ശൈലിയില്‍, പരിവാരങ്ങളൊന്നുമില്ലാതെയാണ് കേന്ദ്രത്തില്‍ എത്തിയത്. സുവിശേഷ പ്രഘോഷണത്തിന്റെ പൊന്തിഫിക്കല്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. സ്വന്തം വീട്ടിലെന്നപോലെയാണ് പരിശുദ്ധ പിതാവ് ജോലിക്കാരോടും സന്നദ്ധ സേവകരോടും രോഗികളോടും പെരുമാറിയതെന്ന് മിന്യോ അറിയിച്ചു. ഓരോ രോഗികളെയും ആലിംഗനം ചെയ്തു കൊണ്ട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്തേവാസികളില്‍ ചിലര്‍ അദ്ദേഹത്തെ അവരുടെ കുടുംബങ്ങളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. 

പുനരധിവാസ കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനവേള വികാരഭരിതമായിരുന്നുവെന്ന് വത്തിക്കാന്റെ അറിയിപ്പില്‍ ആര്‍ച്ച് ബിഷപ്പ് ഫിച്ചെല്ല സൂചിപ്പിച്ചു. ചെറുപ്പക്കാരോടൊപ്പം അദ്ദേഹം ധാരാളം സമയം ചിലവഴിച്ചു. ഇനിയും മയക്കുമരുന്നിന്റെ മായിക ലോകത്ത് പെട്ടു പോകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കാനും അദ്ദേഹം മറന്നില്ല. ഇവിടെ നിന്നും ഒരു പുതിയ അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കുമെന്ന്! പിതാവ് അവരെ ഓര്‍മിപ്പിച്ചു. ഇതിനിടെ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് തങ്ങള്‍ പിതാവിന് ഒരു എഴുത്ത് അയച്ചിരുന്നുവെന്ന് മിന്യോ വെളിപ്പെടുത്തി. മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രം ചെയ്യുന്ന സേവനങ്ങള്‍ പ്രസ്തുത എഴുത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ, കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, അഭയാര്‍ത്ഥികളും പീഢീതരായ സ്ത്രീകളും തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതാണ് എന്ന് പിതാവിനുള്ള എഴുത്തില്‍ സൂചിപ്പിച്ചിരുന്നു. 

ഡിസംബര്‍ 19ന് കേന്ദ്രം സന്ദര്‍ശിച്ച വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍ മുഖേനയാണ് കേന്ദ്രത്തിന്റെ എഴുത്ത് മാര്‍പാപ്പയ്ക്ക് ലഭിക്കുന്നത്. രണ്ടു മാസം മുമ്പ് അയച്ച എഴുത്ത് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് വഴിയൊരുക്കും എന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലയെന്ന് മീന്യോ പറഞ്ഞു. കരുണയുടെ വര്‍ഷത്തില്‍ എല്ലാ മാസത്തിലെയും വെള്ളിയാഴ്ചകളിലേക്കു പരിശുദ്ധപിതാവ് പദ്ധതി തയാറാക്കിയിട്ടിട്ടുണ്ട്. കഴിഞ്ഞ മാസത്തിലെ വെള്ളിയാഴ്ച്ച പിതാവ് റോമിലെ രണ്ട് ആതുരസേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രായമായ 33 പേരെ സംരക്ഷിക്കുന്ന ബ്രൂണോ ബുസോസ്സി റിട്ടയര്‍മെന്റ് ഹോമാണ് പിതാവ് ആദ്യം സന്ദര്‍ശിച്ചത്. റിട്ടയര്‍മെന്റ് ഹോമിലെ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്ക് തിരിച്ചു പോകുന്ന വഴി അദ്ദേഹം കാസ്സ ഇര്‍ഡ് സന്ദര്‍ശിച്ചു. 
മരണാസന്നരായ ആറു പേര്‍ കുടുംബത്തോടൊത്ത് താമസിക്കുന്ന ഒരു ആതുരാലയമായിരിന്നു അത്. ഇവയെല്ലാം, ഈ വെള്ളിയാഴ്ച്ചത്തെ സന്ദര്‍ശനം പോലെ തന്നെ, അപ്രഖ്യാപിതവും അപ്രതീക്ഷിതവും ആയിരുന്നു. വളരെ രഹസ്യമായി നടന്ന ഈ സന്ദര്‍ശന യാത്രകളെല്ലാം ദിവസങ്ങള്‍ കഴിഞ്ഞാണ് ലോകമറിഞ്ഞത്.

കടപ്പാട് : pravachakasabdam.com