വത്തിക്കാന്‍ സിറ്റി: സഭയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ക്രിസ്തുവിലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തു മാത്രമാണ് സഭയുടെ അടിസ്ഥാനമെനന്നും മറ്റൊരു അടിസ്ഥാനം സ്ഥാപിക്കാന്‍ ആരും ശ്രമിക്കരുതെന്നും പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് റോമന്‍ കൂരിയ അംഗങ്ങള്‍ക്കായി അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പങ്കുവച്ചു.

പ്രശ്‌നങ്ങള്‍ സഭയെ കലുഷിതമാക്കുന്ന അവസരങ്ങളില്‍പ്പോലും പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ടതുകൊണ്ട് സഭ മറിഞ്ഞുവീഴില്ലെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ പാപ്പ അനുസ്മരിച്ചു. വാസ്തവത്തില്‍ ക്രിസ്തുവാകുന്ന മൂലക്കല്ലിന്‍മേലാണ് പത്രോസും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന യേശുവിന്റെ ചോദ്യം പത്രോസിനോട് മാത്രമല്ല നിങ്ങള്‍ ഒരോരുത്തരോടുമുള്ള ചോദ്യമാണ്. ആ ചോദ്യം നിറയെ സ്‌നേഹമാണ്. യേശുവിനെ ദൈവപുത്രനും നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവുമായി ഏറ്റുപറഞ്ഞുകൊണ്ട് അവനിലുള്ള വിശ്വാസം പുതുക്കാനുള്ള ക്ഷണമാണത്; കൂരിയ അംഗങ്ങളോട് പാപ്പ വിശദീകരിച്ചു.

യേശുവിന്റെ സഹപ്രവര്‍ത്തകരാകാനാണ് കൂരിയ അംഗങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു. സ്വജീവിതത്തിലൂടെ രൂപാന്തരപ്പെടുത്തുന്ന കൃപയുടെ ശക്തിക്കും നവീകരിക്കുന്ന പരിശുദ്ധാത്മശക്തിക്കും സാക്ഷ്യം നല്‍കുക എന്നതാണ് നമ്മുടെ അടിസ്ഥാന ദൗത്യം. വിശ്വസ്തതയും കരുണയും പരസ്പരപൂരകങ്ങളാണ്. ക്രിസ്തുവിന്റെ ഹൃദയത്തിന് അനുരൂപമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് വിശ്വസ്തത. നല്ലിടയനായ ദൈവത്തിന്റെ മുഖം അജപാലകരെന്ന നിലയില്‍ നിങ്ങളെ പ്രകാശിപ്പിക്കുകയും ശുദ്ധീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും പുനരുദ്ധരിക്കുകയും ചെയ്യട്ടെ. നിങ്ങളെ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും നല്ലിടയന്റെ സ്‌നേഹാര്‍ദ്രമായ പരിഗണന ലഭിക്കട്ടെ. നിങ്ങളെ കണ്ടുമുട്ടുന്ന ആര്‍ക്കും അവഗണിക്കപ്പെട്ടുവെന്ന തോന്നല്‍ ഉണ്ടാകാതിരിക്കട്ടെ; അജഗണങ്ങള്‍ക്ക് മാതൃകയാകാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ കൂരിയ അംഗങ്ങളോട് പങ്കുവച്ചു.

കടപ്പാട് : in.sundayshalom.com