ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും കഷ്ടപ്പാടുകള്‍ തുടര്‍ച്ചയായി നേരിടേണ്ടി വരുമ്പോഴും ദൈവം നമ്മെ ഉറ്റുനോക്കിയിരിക്കുന്നുവെന്ന് നാം അറിയണം. അങ്ങനെ ബോധ്യപ്പെടുന്ന വ്യക്തിക്ക് നിരാശത ഒരിക്കലും അനുഭവപ്പെടുകയില്ല. എന്നാല്‍ ദൈവസാന്നിധ്യബോ ധ്യം ഇല്ലാത്തവര്‍ പരാജയങ്ങളെ ദൈവശിക്ഷയായി കാണുകയും ദൈവാശ്രയബോധ്യത്തില്‍ നിന്ന് പിന്തിരിയുകയും ചെയ്യും. ജീവിതം സ്വയം നശിപ്പിക്കുവാനുള്ള ആഗ്രഹവും വര്‍ദ്ധിക്കും. ജീവിതം വ്യര്‍ത്ഥമല്ലെന്നുള്ള ചിന്ത മനസില്‍ അങ്കുരിപ്പിക്കുന്നത് ശക്തമായ പ്രാര്‍ത്ഥനാവബോധമാണെന്ന് നോമ്പിന്റെ ഈ ആദ്യ ഞായറാഴ്ച തിരിച്ചറിയുക.

നിമില്‍ എന്ന പെണ്‍കുട്ടി. വര്‍ണങ്ങളെയും വസന്തങ്ങളെയും സ്‌നേഹിച്ചവള്‍. ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നവള്‍. സ്വപ്‌നങ്ങളുടെ തേരിലേറി ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ നെയ്തുകൂട്ടിയവള്‍. എന്നാല്‍, എല്ലാ സ്വപ്‌നങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് ജീവിതത്തില്‍ ദുരന്തത്തിന്റെ കരിനിഴല്‍ കടന്നുവന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. 13 വര്‍ഷം മുമ്പായിരുന്നു ദുരന്തം അവളെ വേട്ടയാടിയത്. പ്ലസ്ടു ക്ലാസില്‍ പഠിക്കുമ്പോള്‍ നിസാരമായ പനിയായിരുന്നു തുടക്കം. ഉടന്‍തന്നെ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍ജക്ഷന്‍ എടുത്തപ്പോള്‍ മരുന്ന് മാറിപ്പോയിരുന്നു. ആരോഗ്യവതിയായിരുന്ന അവള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നട്ടെല്ലിന് തളര്‍ച്ച ബാധിച്ച് ശയ്യാവലംബിയായി. എങ്കിലും ഏതാനും ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്ന പ്രതീക്ഷ അവള്‍ക്ക് ധൈര്യം പകര്‍ന്നു. നാളുകള്‍ കടന്നുപൊയ്‌ക്കൊണ്ടേയിരുന്നു. അവളുടെ ആരോഗ്യം ഒട്ടും മെച്ചപ്പെടുന്ന ലക്ഷണം കണ്ടില്ല.

പഠിക്കണമെന്നും ഉയരങ്ങളിലെത്തണമെന്നും സ്വപ്‌നം കണ്ടു നടന്ന നിമിലിന് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മികച്ച ഒരു ഫാഷന്‍ ഡിസൈനറായി തിളങ്ങുക, നിമിലിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പിന്നീട് ചികിത്സകള്‍ വളരെ കാര്യമായി നടന്നു. പ്രശസ്തമായ ആശുപത്രികളിലെ വിദഗ്ധ ചികിത്സകള്‍ അവള്‍ക്ക് തെല്ലും ആശ്വാസം പകര്‍ന്നില്ല. പഠിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ചിന്തയും ഇനിയൊരിക്കലും നടക്കാനാവില്ല എന്ന ചിന്തയും നിമിലിനെ തളര്‍ത്തി. അവളുടെ ഹൃദയത്തില്‍നിന്നും ലോകത്തിന്റേതായ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. പക്ഷേ ആ നാളുകളില്‍ അവളുടെ ഹൃദയാന്തരത്തില്‍ മറ്റൊരു സൂര്യന്‍ ഉദിച്ചു. ചരിത്രപുരുഷനായ ക്രിസ്തുവിന്റെ സ്‌നേഹപ്രകാശം നിമിലിന്റെ ജീവിതത്തിലേക്ക് പതിച്ചു. ആ ദിവ്യപ്രകാശധാരയില്‍ അവള്‍ എല്ലാം മറന്നു. പ്രത്യാശയുടെ ഒളിമങ്ങാത്ത കിരണങ്ങള്‍ ജീവിതത്തെ രൂപാന്തരപ്പെടുത്തി. ക്രിസ്തുസ്‌നേഹത്താല്‍ നിറഞ്ഞ് പ്രകാശം പരത്തുന്ന നിമില്‍ ഓഫ് ജീസസ് (യേശുവിന്റെ നിമില്‍) ആയി രൂപാന്തരപ്പെട്ടു. ഇന്ന് തന്നെ സമീപിക്കുന്ന അനേകായിരങ്ങള്‍ക്ക് പ്രത്യാശയും സന്തോഷവും പ്രദാനം ചെയ്യുന്ന വ്യക്തിയാണ് നിമില്‍.

കട്ടപ്പനയ്ക്കടുത്ത് കൊച്ചു തോവാള സെന്റ് ജോസഫ് ഇടവകാംഗങ്ങളായ കാവില്‍പുരയിടത്തില്‍ സെബാസ്റ്റ്യന്‍ – റോസമ്മ ദമ്പതികളുടെ മകളാണ് നിമില്‍. പ്രാര്‍ത്ഥനാപൂര്‍ണമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന വ്യക്തികൂടിയാണ് നിമില്‍. അതുകൊണ്ടുതന്നെയായിരിക്കാം കര്‍ത്താവ് അവളെ ആഴമായി സ്‌നേഹിച്ചത്. സഹനത്തിന്റെ വഴികളിലൂടെ മുന്നേറുവാന്‍ കര്‍ത്താവ് അവള്‍ക്ക് കൃപ നല്‍കി. സഹനത്തെ സ്‌നേഹത്തോടെ സ്വീകരിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. ദൈവസ്‌നേഹത്താല്‍ നിറഞ്ഞാല്‍ മാത്രമേ ഇതു സാധിക്കൂ. ഇതിനോടകം പത്ത് ഓപ്പറേഷനുകള്‍ക്ക് വിധേയയായ നിമില്‍ സഹനത്തിന്റെ ആഴങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കാഴ്ചയില്‍ വലിയ അസുഖമൊന്നും തോന്നുകയില്ല. എന്നാല്‍ പല സമയങ്ങളിലും അതികഠിനമായ വേദനകള്‍ അവളെ അലട്ടിക്കൊണ്ടിരിക്കുന്നു.

എല്ലാ വേദനകളും അവള്‍ കര്‍ത്താവിന് സമര്‍പ്പിക്കുന്നു. ലോകത്തിന്റെ പാപ പരിഹാരത്തിനായും തന്നെ സമീപിക്കുന്നവരുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കുംവേണ്ടി തന്നെത്തന്നെ ഒരു സ്‌നേഹയാഗമായി അവള്‍ ദൈവപിതാവിന് സമര്‍പ്പിക്കുന്നു. അവളുടെ പ്രാര്‍ത്ഥന വഴിയായി അനേക ജീവിതങ്ങള്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. സഹനത്തിന്റെ തീച്ചൂളയിലും പ്രത്യാശയോടും സന്തോഷത്തോടുംകൂടി എല്ലാവരോടും സംസാരിക്കുന്നതുതന്നെ അനേകരെ അത്ഭുതപ്പെടുത്തുകയും മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. തന്നെക്കാള്‍ കഷ്ടത അനുഭവിക്കുന്നവരെ കര്‍ത്താവ് പല അവസരങ്ങളിലും അവള്‍ക്ക് നേരിട്ട് കാണിച്ചുകൊടുത്തു. ഉയരങ്ങളിലുള്ളവരെക്കാള്‍ താഴെയുള്ളവരെ നോക്കുമ്പോള്‍ നമുക്ക് പ്രത്യാശ താനേ ഉണ്ടാകുമെന്നാണ് നിമില്‍ പറയുന്നത്. ലോകത്ത് നമ്മെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ ഉണ്ടെന്ന് മനസിലാകുമ്പോള്‍ ദൈവം നമ്മെ കരുതുന്നുവെന്ന തിരിച്ചറിവ് ലഭിക്കും.

ഈശോയ്ക്കുവേണ്ടി താന്‍ ജീവിക്കും എന്ന ബോധ്യം ലഭിച്ചപ്പോള്‍ ഭൗതികമായ എല്ലാത്തിനെയും അവള്‍ ഉപേക്ഷിച്ചു. രോഗാവസ്ഥയിലും പഠിക്കണമെന്ന ചിന്ത അവള്‍ക്കുണ്ടായിരുന്നു. ലോകത്തിന്റേതായ അറിവുകള്‍ക്കുവേണ്ടിയുള്ള ദാഹം നശിച്ചപ്പോള്‍ ദൈവികജ്ഞാനം നിറയാന്‍ തുടങ്ങി. തന്റെ കഴിവുകളും പരിമിതികളും ദൈവിക പദ്ധതികള്‍ക്ക് തടസമല്ലെന്ന് നിമില്‍ മനസിലാക്കി. 

ഒരിക്കല്‍ നിമിലിന് ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ധിച്ചു. അക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പറ്റാതെ വന്നു. വലിയൊരു അത്ഭുതത്തിന് ഈ അവസ്ഥ നിമിത്തമായി. എല്ലാ ദിവസവും തൊട്ടടുത്തുള്ള ദേവാലയത്തില്‍നിന്നും വൈദികന്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ എത്തി. വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ യാതൊരു വേദനയും ഉണ്ടാകാറില്ല. മറ്റു ഭക്ഷണങ്ങള്‍ അക്കാലത്ത് കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ നീണ്ട 11 മാസം വിശുദ്ധ കുര്‍ബാന മാത്രം ഭക്ഷിച്ച് ഈ പെണ്‍കുട്ടി ജീവിച്ചു. ഏതെങ്കിലും ദിവസം കുര്‍ബാന ലഭിക്കാന്‍ വൈകിയാല്‍ മുഖത്ത് ക്ഷീണം ദൃശ്യമായിരുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ സാധാരണ വ്യക്തികളെക്കാള്‍ മുഖത്ത് പ്രകാശവും പ്രസരിപ്പും ദൃശ്യമായിരുന്നു. ഒരു ഗ്രാം ഭാരമുള്ള തിരുവോസ്തിയും അല്പം തിരുരക്തവുംകൊണ്ട് ഒരു വര്‍ഷത്തോളം ജീവിക്കുക എന്ന ദിവ്യകാരുണ്യ അത്ഭുതമാണ് ഇവിടെ സംഭവിച്ചത്. ഇത് നിമിലിന്റെ സഹനജീവിതത്തിന് കര്‍ത്താവ് നല്‍കിയ പ്രോത്സാഹന സമ്മാനമായിരുന്നു. കൂടുതല്‍ സഹനങ്ങളെ ധൈര്യപൂര്‍വം സ്വീകരിക്കാന്‍ നിമിലിന് ഈ കാലഘട്ടം ഉപകരിച്ചു.

ആ നാളുകളില്‍ പരിശോധനയില്‍ ബ്ലഡ് കൗണ്ട് കുറവാണെന്ന് മനസിലായി. നാലുകുപ്പി രക്തം ശരീരത്തില്‍ കയറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അപ്പോള്‍ നിമില്‍ പ്രാര്‍ത്ഥിച്ചു. 'ദിവസവും ഞാന്‍ സ്വീകരിക്കുന്ന തിരുരക്തത്തിന്റെ ശക്തിയാല്‍ രക്തത്തിന്റെ അളവിനും രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്കും കുറവുണ്ടാകാതെ നിന്റെ മഹത്വം പ്രകടിപ്പിക്കണമേ' എന്ന്. തിരുവോസ്തിയുടെ ഒപ്പമുള്ള ഒരു തുള്ളി രക്തത്താല്‍ എന്റെ ശരീരത്തിന്റെ എല്ലാ കുറവുകളെയും നികത്തണമേ എന്നുള്ള അവളുടെ നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ പ്രാര്‍ത്ഥന മറ്റൊരു അത്ഭുതത്തിന് കാരണമായി. രണ്ടാമത് പരിശോധിച്ചപ്പോള്‍ അവളുടെ ശരീരത്തില്‍ ആവശ്യത്തിന് രക്തവും രക്തത്തിലെ ഘടകപദാര്‍ത്ഥങ്ങളും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

2002 ജൂണ്‍ പത്തിന് ആരംഭിച്ച നിമിലിന്റെ സഹനജീവിതം ഇന്ന് 13 വര്‍ഷങ്ങള്‍ പിന്നിട്ട് പക്വതയാര്‍ന്ന് മുന്നോട്ടുപോകുന്നു. 30 വയസുള്ള നിമിലിന് ഏറ്റവും സന്തോഷം പകരുന്നത് മാതാപിതാക്കളുടെ സ്‌നേഹത്തോടെയുള്ള ശുശ്രൂഷയാണ്. മറ്റൊരാളുടെ സഹായം കൂടാതെ യാതൊന്നും ചെയ്യാന്‍ അവള്‍ക്കാവില്ല. എങ്കിലും, തന്റെ ഭൗതിക ആവശ്യങ്ങള്‍ക്ക് യാതൊരു മുടക്കവും ഇന്നോളം ഉണ്ടായിട്ടില്ല. നേരിട്ടും ഫോണ്‍ വഴിയും ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ആശ്വാസവും സാന്ത്വനവും അവള്‍ നല്‍കി വരുന്നു. അനേകര്‍ ജീവിത തകര്‍ച്ചകളില്‍നിന്നും ആത്മഹത്യയില്‍നിന്നും മാനസികവ്യഥയില്‍നിന്നും അപകര്‍ഷതാബോധത്തില്‍ നിന്നുമെല്ലാം മോചനം പ്രാപിച്ചത് നിമിലിന്റെ പുഞ്ചിരിയും സൗമ്യവചസുകളും വഴിയാണ്. പുറമേ രോഗാവസ്ഥ ദൃശ്യമല്ലാത്തതിനാല്‍ മനോബലമില്ലാത്തതുകൊണ്ട് എഴുന്നേല്‍ക്കാത്തതാണെന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കണമെന്നും ചിലരെങ്കിലും പറയാറുണ്ട്. സഹനമുളവാക്കുന്ന ഇത്തരം വാക്കുകളെ റോസപ്പൂക്കള്‍പോലെ ഈശോയ്ക്ക് സമര്‍പ്പിക്കും. വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്തതാണ് നിമിലും ഈശോയുമായുള്ള ബന്ധം. കാലത്തിന്റെ പൂര്‍ണതയില്‍ അവ ലോകത്തിന് വെളിപ്പെടുമ്പോള്‍ ഈ വരികള്‍ ഒരു ആമുഖം മാത്രം.

ദൈവത്തിനുവേണ്ടിയുള്ള യഥാര്‍ത്ഥ സമര്‍പ്പണത്തിന്റെ അഭാവം മൂലമാണ് ദൈവേഷ്ടം അന്വേഷിക്കുന്ന ഒരു മനസ്സ് നമുക്കില്ലാതെ പോകുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഇഷ്ടങ്ങളും മറ്റുള്ളവരുടെയും ലോകത്തിന്റെയും താല്പര്യങ്ങളുമാണ് എന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതെങ്കില്‍ ഞാനിനിയും ക്രിസ്തുവിനുവേണ്ടി ജീവിക്കുവാന്‍ ആരംഭിച്ചിട്ടില്ലെന്ന് ഈ നോമ്പ് ദിനത്തിലെ ഞായറാഴ്ച നിമില്‍ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ ദൈവത്തില്‍ പ്രത്യാശ വെച്ച ദാവീദിനെപ്പോലെയും എല്ലാ പ്രതിസന്ധികളിലും ദൈവത്തില്‍ അഭയം കണ്ടെത്തിയ ജോബിനെപ്പോലെയും ദൈവത്തില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് ശ്രമിക്കാം. ദൈവം അതിന് നമ്മെ സഹായിക്കട്ടെ...

കടപ്പാട്: in.sundayshalom.com