ഗാരബന്താള്‍ നോര്‍ത്തേണ്‍ സ്‌പെയിനിലെ മനോഹരമായ ഗ്രാമമാണ്. സാന്‍ സെബാസ്റ്റിയന്‍ ഓഫ് ഗാരബന്താള്‍ എന്നാണ് മുഴുവന്‍ പേര്. അതാണ് ഗാരബന്താള്‍ മാത്രമായി അറിയപ്പെടുന്നത്. കടല്‍നിരപ്പില്‍ നിന്ന് അറുനൂറ് മീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. മുന്നൂറിലധികം ആളുകള്‍ മാത്രമായിരുന്നു അക്കാലത്ത് ഇവിടെ താമസിച്ചിരുന്നത്. രോഗം വന്നാല്‍ ചികിത്സിക്കാനായി ഒരു ഡോക്ടറില്ല. ഇടവകപള്ളിയില്‍ സ്ഥിരമായി അച്ചനുമില്ല. അടുത്ത നഗരത്തില്‍ വൈദികന്‍ എത്തിവേണമായിരുന്നു ഞായറാചകളില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നത്.

വര്‍ഷം 1961 ജൂണ്‍ 18. നാലു പെണ്‍കുട്ടികല്‍ അവിടെ കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മേരി ലോലി മാസോന്‍. ജസീന്ത ഗോണ്‍സാല്‍വസ്, മേരി ക്രൂസ് ഗോണ്‍സാല്‍വസ്, കോണ്‍ചിറ്റ് ഗോണ്‍സാല്‍വസ്. മേരി ക്രൂസിന് പതിനൊന്ന് വയസാണ് പ്രായം. മറ്റുള്ളവര്‍ക്ക് പന്ത്രണ്ടും. എല്ലാവരും ദരിദ്ര കുടുംബാംഗങ്ങള്‍. പെട്ടെന്നാണ് ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദം അവര്‍ കേട്ടത്. അസാമാന്യമായ പ്രഭാവലയത്തില്‍ മുഖ്യദൂതനായ മിഖായേലിനെയാണ് അവര്‍ അതിനൊപ്പം കണ്ടത്. അതിനടുത്ത ഏതാനും ദിവസങ്ങളിലും അതേ സ്ഥലത്ത് അവര്‍ക്ക് വീണ്ടും മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടു. അവസാനദിവസം ഒരു വാഗ്ദാനം നല്കിയാണ് മിഖായേല്‍ അപ്രത്യക്ഷമായത്. 

ജൂലൈ രണ്ടാം തീയതി പരിശുദ്ധ മറിയത്തെ അവര്‍ക്ക് കാണാന്‍ കഴിയുമെന്ന് ഗാരബന്താളിലെ അത്ഭുതങ്ങളുടെ ചരിത്രം ഇവിടെ ആരംഭിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ലഭിച്ച ഈ സന്ദേശം അവിടെമെങ്ങും പരന്നു. ജൂലൈ രണ്ട് ഞായറാഴ്ചയായിരുന്നു. പ്രദേശം മുഴുവന്‍ ആളുകളെക്കൊണ്ട് നിറഞ്ഞു. ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരും ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഭിഷഗ്വരന്മാരും വൈദികരും ഉള്‍പ്പെടെയുള്ളവര്‍. സമയം ആറുമണിയായി. മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട അതേ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ പ്രവേശിച്ചു. അതോടെ അവരുടെ മുഖത്ത് അഭൗമമായ ഒരു സന്തോഷം നിറഞ്ഞിരിക്കുന്നതായി ചുറ്റും നില്ക്കുന്നവര്‍ കണ്ടു. 

ആ നിമിഷം പരിശുദ്ധ ദൈവമാതാവ് അവിടെ പ്രത്യക്ഷപ്പെട്ടു. രണ്ട് മാലാഖമാര്‍ക്കൊപ്പം. അതില്‍ ഒരു മാലാഖ മിഖായേലായിരുന്നു. വെള്ള വസ്ത്രമായിരുന്നു മാതാവിന്റേത്. നീല മേലങ്കി. സ്വര്‍ണ്ണനക്ഷത്രങ്ങളുള്ള കിരീടം. ലോലമായ കൈകള്‍, വലതുകൈയില്‍ ബ്രൗണ്‍ കളറിലുള്ള ഉത്തരീയം. ആ കൈകളില്‍ തന്നെ ഉണ്ണീശോയും. നീണ്ട മുഖവും മനോഹരമായ നാസികയും. വദനം അതിസുന്ദരവും ചുണ്ടുകള്‍ നേര്‍ത്തുമെല്ലിച്ചതും. പതിനെട്ടു വയസ് തോന്നിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ പോലെ തോന്നിച്ചു മാതാവ്. ലോകത്ത് മറ്റൊരു യുവതിയെയും അതുപോലെ കണ്ടിട്ടില്ല. ആ സ്വരവും മുഖവും അതുപോലെ മറ്റൊരിടത്തുമില്ല. കാര്‍മ്മല്‍ മാതാവാണ് താന്‍ എന്നാണ് മാതാവ് പരിചയപ്പെടുത്തിയത്. ഇത് മാതാവിന്റെ ആദ്യ പ്രത്യക്ഷപ്പെടലായിരുന്നു.  

1961-നും 1962-നും ഇടയ്ക്ക് പരിശുദ്ധ അമ്മ പലതവണ ഇതുപോലെ ആഴ്ചതോറും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നാലുപേര്‍ക്കും കൂടി ഒരുമിച്ച് മാതാവ് ദര്‍ശനം നല്കിയിട്ടില്ലായിരുന്നു. ചിലപ്പോള്‍ ഒരാള്‍ക്കായിരിക്കും ദര്‍ശനം. മറ്റ് ചിലപ്പോള്‍ രണ്ട് പേര്‍ക്കോ മൂന്നുപേര്‍ക്കോ. രാത്രികാലങ്ങളിലും വെളുപ്പാന്‍ കാലത്തുമെല്ലാം മാതാവ് ദര്‍ശനം നല്കിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന ശബ്ദങ്ങളോടെയായിരുന്നു ദര്‍ശനങ്ങളെല്ലാം. മൂര്‍ച്ചയുള്ള പാറക്കല്ലുകളില്‍ മുട്ടുകുത്തി നിന്നാണ് ഇവര്‍ ദര്‍ശനങ്ങള്‍ സ്വീകരിച്ചിരുന്നത്. ഈ സമയത്തെല്ലാം അവരുടെ മുഖം അസാധാരണയായ സൗന്ദര്യത്താല്‍ നിറഞ്ഞുനിന്നിരുന്നു. വാക്കുകള്‍ക്ക് അതീതമായിരുന്നു അവരുടെ ഭാവം എന്ന് മറ്റ് സാക്ഷികള്‍ പറയുന്നു. ബാഹ്യലോകത്തു നിന്ന് പൂര്‍ണ്ണമായും വിട്ടുനില്ക്കുന്ന വിധത്തിലായിരുന്നു അവര്‍. ഈ ആനന്ദാനുഭൂതി ചിലപ്പോള്‍ ഏതാനും നിമിഷങ്ങളിലേക്കോ മണിക്കുറുകളിലേക്കോ നീണ്ടുപോയിരുന്നു.

ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയവര്‍ കുട്ടികളുടെ കൈയില്‍ കൊന്തയും ബൈബിളും കുരിശുരൂപവും വിവാഹമോതിരവും കൊടുത്തുവിടാറുണ്ടായിരുന്നു. മാതാവിന്റെ ചുംബനം വാങ്ങുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇപ്രകാരം അനേകരില്‍ നിന്ന് കിട്ടുന്നവ തിരികെ കൊടുക്കുമ്പോള്‍ ആള് മാറിപ്പോകാതിരിക്കാന്‍ മാതാവ് കുട്ടികള്‍ക്ക് നിര്‍ദ്ദേശവും നല്കിയിരുന്നു. ദര്‍ശനവേളയില്‍ അനേകര്‍ക്ക് മാനസാന്തര അനുഭവവുമുണ്ടായിക്കൊണ്ടിരുന്നു.

ദിവ്യകാരുണ്യാത്ഭുതങ്ങളും ഈ കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം സ്വര്‍ണ്ണക്കാസയുമായി മാലാഖ തങ്ങള്‍ക്ക് മുമ്പിലെത്തി കുമ്പസാരത്തിനുള്ള ജപം ചൊല്ലാന്‍ ആവശ്യപ്പെടുകയും ദിവ്യകാരുണ്യം നല്കുകയും ചെയ്തതായി ഈ കുട്ടികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാവരും വിശ്വസിക്കുന്നതിനായി 1962 ജൂലൈ 18 ന് ഇതേ സംഭവം ആവര്‍ത്തിക്കുകയും ചെയ്തു. പാതിരാത്രിയിലായിരുന്നു ഈ സംഭവം. ആത്മീയാനുഭൂതിയില്‍ ലയിച്ചിരുന്ന കോണ്‍ചിറ്റ ഗോണ്‍സാവല്‍സ് വീടിനുള്ളില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായി വീടിനുചുറ്റും നിന്നിരുന്ന ജനങ്ങള്‍ക്ക് നടുവിലായി ഭയഭക്തിബഹുമാനദരവുകളോടെ കോണ്‍ചിറ്റ മുട്ടുകുത്തി. പിന്നെ നാവുനീട്ടി. വിളക്കുകള്‍ അവളുടെ മുഖത്തിന് നേരെ പ്രകാശിച്ചു.

ആ വെളിച്ചത്തില്‍ തിരുവോസ്തി അവളുടെ നാവിന്‍ത്തുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് എല്ലാവരും കണ്ടു. ഏതാനും നിമിഷനേരത്തേക്ക് ആ അനുഭവം നീണ്ടുനിന്നു. അനേകര്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. 1965 ജനുവരി ഒന്നിന് കോണ്‍ചിറ്റയ്ക്ക് മാതാവിന്റെ പുതിയൊരു ദര്‍ശനമുണ്ടായി. ജൂണ്‍ 18 ന് ഒരു സന്ദേശം നല്കുമെന്നായിരുന്നു അത്. വെളിപാടുകള്‍ ലഭിച്ചതിന്റെ നാലാം വാര്‍ഷികം കൂടിയായിരുന്നു അത്. ലോകത്തിന് മുഴുവനായി താനൊരു അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് മാതാവ് പറഞ്ഞതായി കോണ്‍ചിറ്റ വെളിപ്പെടുത്തിയിട്ടുണ്ട്. 

ലോകത്തിന്റെ പാപങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിധത്തിലുള്ള ശിക്ഷയായിരിക്കുമത്രെ അത്. രാത്രി 8.30 ന് ആയിരിക്കും ഇത് സംഭവിക്കുക. ഇത് ഏതു ദിവസം സംഭവിക്കും എന്ന കാര്യം കോണ്‍ചിറ്റ ലോകത്തെ അറിയിച്ചിട്ടില്ല. മാതാവ് ആ ദിവസം പ്രഖ്യാപിക്കാന്‍ തന്നെ അനുവദിച്ചിട്ടില്ല. എന്നാണ് കോണ്‍ചിറ്റ പറയുന്നത്. പക്ഷെ അത് സംഭവിക്കുന്നതിന് മുമ്പ് ചില മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കും. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ശേഷമുള്ള ഏറ്റവും ശക്തികൂടിയ ഒരു സന്ദേശമായിരിക്കും ഇത് എന്ന് ചില വിശ്വാസികള്‍ അഭിപ്രായപ്പെടുന്നുണ്ട്. അതനുസരിച്ച് 2017 ഏപ്രില്‍ 13 ന് ആയിരിക്കും മാതാവ് വെളിപ്പെടുത്തിയ അത്ഭുതം സംഭവിക്കുക എന്ന് ചിലര്‍ പറയുന്നു. 

അമേരിക്കയില്‍ നിന്നെത്തിയ ഒരു ഗ്രൂപ്പിനോട് കോണ്‍ചിറ്റ പറഞ്ഞത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും ഇത്തരമൊരു അത്ഭുതം നടക്കുക എന്നാണ്. 2017 ലെ പെസഹാ വ്യാഴം ഏപ്രില്‍ 13 ആണ്. മാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം നല്കിയതിന് നൂറുവര്‍ഷം തികയുന്ന വര്‍ഷം കൂടിയാണ് 2017. കോണ്‍ചിറ്റ പറഞ്ഞതിലെ സൂചനകള്‍ അനുസരിച്ച് മറ്റ് ചിലര്‍ പറയുന്നത് 2020 ഏപ്രില്‍ 9 ന് ആയിരിക്കും ഇത് സംഭവിക്കുക എന്നാണ്. 2022 ഏപ്രില്‍ 14 എന്നും 2028 ഏപ്രില്‍ 13 എന്നും മറ്റ് ചില അഭ്യൂഹങ്ങളുമുണ്ട്. കോണ്‍ചിറ്റ എഴുതുന്നു. ദൈവത്തില്‍ നിന്നുള്ളതായിരിക്കും ഈ മുന്നറിയിപ്പ്. ലോകത്തിലുള്ള എല്ലാവര്‍ക്കും ഇത് കാണാന്‍ കഴിയും. ഇത് നമ്മുടെ പാപത്തിന്റെ വെളിപ്പെടുത്തല്‍ പോലെയായിരിക്കും ആകാശത്തിലായിരിക്കും ഇത് സംഭവിക്കുക അത് നമ്മെ കൊലപ്പെടുത്തുകയില്ല. അത് നമ്മുടെ മനസ്സാക്ഷിയുടെ തിരുത്തലായിരിക്കും. വരാന്‍ പോകുന്ന ശിക്ഷകള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമായിരിക്കും അത്.

മഹത്തായ അത്ഭുതം സംഭവിക്കുന്നതിന് മുമ്പ് ലോകത്തെ വിശുദ്ധീകരിക്കാനുള്ള വഴിയായിരിക്കും ഇത്. മുന്നറിയിപ്പ് കിട്ടി ഒരു വര്‍ഷം കഴിഞ്ഞേ അത്ഭുതം സംഭവിക്കുകയുളളു എന്ന് ജസീന്ത പറയുന്നു. ഏതു തരത്തിലുള്ള ശിക്ഷയായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്ന് തനിക്കറിയില്ല എന്നും കോണ്‍ചിറ്റ പറയുന്നു. ദൈവം നേരിട്ട് നടത്തുന്ന ഇടപെടല്‍ ആയിരിക്കും അത്. എല്ലാ കത്തോലിക്കരും ആ ശിക്ഷയ്ക്ക് മുമ്പായി കുമ്പസാരിക്കണം. മറ്റുള്ളവര്‍ പാപങ്ങളോര്‍ത്ത് മനസ്തപിക്കണം. ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍ മാതാവിന്റെ മുഖം വളരെ ദു:ഖപൂരിതമായിരുന്നു. ഇത്രയും ദു:ഖത്തോടെ അമ്മയുടെ മുഖം ഞങ്ങള്‍ കണ്ടിട്ടില്ല. കുട്ടികള്‍ രേഖപ്പെടുത്തി. 1965 ജൂണ്‍ 18 ന് മാതാവ് നല്കിയ സന്ദേശത്തില്‍ വൈദികരോടു തനിക്കുള്ള മാതൃസഹജമായ വാത്സല്യവും സ്‌നേഹവും മാതാവ് വ്യക്തമാക്കി. ത്യാഗങ്ങള്‍ അനുഷ്ഠിക്കുക. ഈശോയുടെ പീഡാസഹനങ്ങളെ ധ്യാനിക്കുക. മാതാവ് ആവശ്യപ്പെട്ടു.

ഗാരബന്താളില്‍ കുട്ടികള്‍ക്കൊപ്പം മാതാവിനെ കാണാന്‍ അവസരം ലഭിച്ച ഒരേയൊരു വ്യക്തി സ്‌പെയിന്‍കാരനായ ഈശോസഭ വൈദികന്‍ ഫാ. ലൂയിസ് മേരി ആന്‍ഡ്രു ആയിരുന്നു. നീ ഉടന്‍ തന്നെ എന്നോടുകൂടിയായിരിക്കും എന്നാണ് അമ്മ അച്ചനോട് പറഞ്ഞത്. യാതൊരു അസുഖങ്ങളുമില്ലാതിരുന്ന വൈദികനായിരുന്നു അദ്ദേഹം. അന്നുരാത്രി അദ്ദേഹം സന്തോഷത്തോടെ മരണമടഞ്ഞു. അതും മുപ്പത്തിയെട്ടാം വയസില്‍. അത്ഭുതം നടക്കുന്നതിന്റെ പിറ്റേന്ന് അച്ചന്റെ മൃതദേഹം അഴുകാതെ കാണപ്പെടും എന്നും മാതാവിന്റെ വാഗ്ദാനമുണ്ട്.

കോണ്‍ചിറ്റയ്ക്ക് കിട്ടിയ അവസാന ദര്‍ശനം 1965 നവംബര്‍ 13-ന് ആയിരുന്നു. വിശുദ്ധ പാദ്രെ പിയോ ഗാരബന്താളിലെ ദര്‍ശനങ്ങളെ വിശ്വസിച്ചിരുന്നു. അദ്ദേഹം അവര്‍ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം നല്കാം. പ്രാര്‍ത്ഥിക്കുക മറ്റുള്ളവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുക. കാരണം ലോകം വിനാശത്തിന്റെ ആരംഭത്തിലാണ്. കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും വിനാശത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കൂടെ അനേകം കത്തോലിക്കരുമുണ്ട്. മാതാവും നിങ്ങളുമായുള്ള സഭാഷണത്തെ ആളുകള്‍ വിശ്വസിക്കുന്നില്ല. പക്ഷേ അവര്‍ വിശ്വസിക്കും. അപ്പോഴേയ്ക്കും സമയം കടന്നുപോയിരിക്കും.

1966 ലും 1968 ലും കോണ്‍ചിറ്റയെ വത്തിക്കാനിലേക്ക് ക്ഷണിച്ചിരുന്നു. കര്‍ദിനാള്‍ ഫ്രാന്‍സിസ് സെപേറുമായി കണ്ടുമുട്ടിയതിനുശേഷം പാപ്പയുമായി കണ്ടുമുട്ടി. എന്നാല്‍ അതേക്കുറിച്ച് എന്തെങ്കിലും രേഖപ്പെടുത്തിവയ്ക്കാന്‍ കോണ്‍ചിറ്റ തയ്യാറായിരുന്നില്ല. 1969 ജൂണില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഈ ദര്‍ശനക്കാര്‍ക്ക് ഒരു ക്രൂശിതരൂപം സമ്മാനമായി കൊടുത്തുവിടുകയുണ്ടായിട്ടുണ്ട്. ആല്‍ബെര്‍ച്ചറ്റ് വെബര്‍ ഗാരബന്താളിലെ അത്ഭുതങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും അതിന് ജോണ്‍ പോള്‍ രണ്ടാമന്‍ സന്ദേശം നല്കുകയും ചെയ്തിട്ടുണ്ട്. വളരെ ആധികാരികമായ വെളിപാടുകളാണ് ഗാരബന്താളില്‍ ഉണ്ടായിട്ടുള്ളതെന്ന് മദര്‍തെരേസയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാതാവ് വെളിപ്പെടുത്തിയ ആ അത്ഭുതം എന്നായിരിക്കാം സംഭവിക്കുക. എപ്പോഴായിരിക്കും. എന്തായിരിക്കാം.

പ്രാര്‍ത്ഥനയോടെ കാത്തിരിക്കുക..