നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന
നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് നിന്നോടുകൂടെ, സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.നിന്റെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.  പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍.

ഈ പ്രാര്‍ത്ഥന വി. ലൂക്കായുടെ  സുവിശേഷം 1:28, 1:42, 1:43 വചനങ്ങളാണ്. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ നമ്മെ വിശുദ്ധീകരിക്കുകയും, സ്വതന്ത്രരാക്കുകയും ചെയ്യുന്നു. എാന്നല്‍ ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വ്വശക്തിയുമെടുത്ത് പൊരുതും. കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണിത്. ഈ വചനങ്ങള്‍ക്ക് പരി. അമ്മ 'ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എില്‍ നിറവേറട്ടെ' (ലൂക്ക 1:38) എന്നു പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത്. മനുഷ്യന്റെ പതനത്തില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീയും സാത്താന്‍ പറഞ്ഞത് അനുസരിച്ചു. എന്നാല്‍ ദൈവത്തിന്റെ രക്ഷാകരകര്‍മ്മത്തില്‍ രണ്ടാം ആദമായ ഈശോയോട് സഹകരിക്കുന്ന സഹരക്ഷകയും രണ്ടാം ഹവ്വായും ആണ് പരി. മറിയം.

ഈ കാരണങ്ങളാല്‍ സാത്താന്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് എതിരായും, പരിശുദ്ധ മറിയത്തിന് എതിരായും പല വ്യക്തികളിലൂടേയും, ചില സഭാവിഭാഗങ്ങളിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ പറയുത് യേശു മറിയത്തെ സ്ത്രീയെ എന്നു വിളിച്ചു എന്നാണ്. ദൈവശാസ്ത്രപരമായി വലിയ അര്‍ത്ഥം സ്ത്രീ എന്ന വാക്കിനുണ്ട്. ഈ സമയങ്ങളില്‍ പരി. മറിയത്തിന്റെ സ്ഥാനം ഈശോയുടെ അമ്മ മാത്രമായിട്ടല്ല. ദൈവത്തിന്റെ രക്ഷാകരകര്‍മ്മത്തില്‍ യേശുവിനോടു സഹകരിക്കുന്ന സഹരക്ഷക കൂടിയായിട്ടാണ്. ദൈവമഹത്ത്വീകരണം രക്ഷാകരമാണ്. ഈ മഹത്ത്വീകരണത്തില്‍ യേശുവിനോടു സഹകരിക്കുന്ന സ്ത്രീയാണ് മാതാവ്. ഒരാള്‍ക്ക് രണ്ടു സ്ഥാനം ഉണ്ടെങ്കില്‍ നമ്മള്‍ ആ വ്യക്തിയെ അഭിസംബോധന ചെയ്യുന്നത് ആ സമയത്തുള്ള സ്ഥാനം അനുസരിച്ചായിരിക്കും.

ജപമാല പ്രാര്‍ത്ഥന തികച്ചും വചനാധിഷ്ടിതം
ജപമാല പ്രാര്‍ത്ഥന ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന അല്ല. അമ്മവഴി സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടാണ് പ്രാര്‍ത്ഥിക്കുന്നത്. തുടക്കം തന്നെ അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന കര്‍ത്താവേ... എന്നാണ്. പരി. മറിയമേ തമ്പുരാന്റെ അമ്മേ... പ്രാര്‍ത്ഥന അവസാനിക്കുത് 'തമ്പുരാനോട് അപേക്ഷിക്കണമേ' എന്നാണ്. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതു മുതല്‍ യേശുവിന്റെ ജനനം, ബാല്യം, പരസ്യജീവിതം, സുവിശേഷ പ്രഘോഷണം, അത്ഭുതങ്ങള്‍, അടയാളങ്ങള്‍, കുരിശുമരണം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, പന്തക്കുസ്താ അനുഭവം, പരി. അമ്മയുടെ സ്വര്‍ഗ്ഗാരോപണം, സ്വര്‍ഗ്ഗപ്രാപ്തിയും കിരീടധാരണവും വരെയുള്ള ബൈബിളിലെ സംഭവങ്ങള്‍ ക്രമത്തില്‍ ധ്യാനിക്കന്നുതാണ് ജപമാലയിലെ 20 രഹസ്യങ്ങള്‍.

പരി.അമ്മ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നു
പരിശുദ്ധാത്മാവിന്റെ ശക്തി ആവസിച്ച മറിയം (ലൂക്ക 1:35) എലിസബത്തിനെ സന്ദര്‍ശിച്ച് അഭിവാദനം ചെയ്തു. (1:40) മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി (1:41). അവള്‍ ഉദ്‌ഘോഷിച്ചു. നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ  ഉദരഫലവും അനുഗ്രഹീതം (1:42). എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്? (1:43). ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി (1:44). ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും (1:48).

ജപമാല പ്രാര്‍ത്ഥന വി. കുര്‍ബാനയുടെ ഒരു പുനഃസ്മരണിക
നമ്മുടെ കര്‍ത്താവിന്റെ ജനനത്തിന്റെയും, പീഡാനുഭവത്തിന്റെയും, ഉയിര്‍പ്പിന്റെയും സുപ്രധാനവും സജീവവുമായ സ്മരണികയായ വിശുദ്ധബലി കഴിഞ്ഞാല്‍പ്പിന്നെ, നമ്മുടെ കര്‍ത്താവിന്റെ ജീവിതത്തിന്റെയും, പീഡാനുഭവത്തിന്റെയും, ഉയിര്‍പ്പിന്റെയും ഒരു പുനഃസ്മരണികയും ചിത്രീകരണവുമാണ് ജപമാലപ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ കടന്നുവരുന്ന വേഗതയെ നിയന്ത്രിക്കുക. എത്രയും വേഗത്തില്‍ ജപമാല ചൊല്ലിതീര്‍ക്കാതെ വാക്കുകള്‍ യഥാവിധം ഉച്ചരിച്ചുകൊണ്ട് എല്ലാ ദിവ്യരഹസ്യങ്ങളും ധ്യാനാല്‍മകമായി ചൊല്ലുക.

പരി. അമ്മയുടെ ജീവിക്കുന്ന ഒരു സക്രാരിയാണ്. വാഗ്ദാന പേടകമാണ്
പഴയനിയമത്തില്‍ വാഗ്ദാന പേടകത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്: ദൈവം പറഞ്ഞു കൊടുത്തതനുസരിച്ച് മനുഷ്യര്‍ നിര്‍മ്മിച്ച ഒരു പേടകമായിരുന്നു അത്. അതിനുള്ളില്‍ ദൈവമായിരുന്നില്ല. ദൈവത്തിന്റെ ഉടമ്പടി പത്രികയായിരുന്നു. എന്നിട്ടും വാഗ്ദാന പേടകത്തിനു നേരെ കൈനീട്ടിയ ഉസാ എന്ന മനുഷ്യനെ ദൈവം വധിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. (1 ദിനവൃത്താന്തം 13:10).

പുതിയ നിയമത്തിലെ ജീവിക്കുന്ന വാഗ്ദാന പേടകമാണ് പരിശുദ്ധ മറിയം. അമ്മയുടെ ഉള്ളില്‍ ദൈവത്തിന്റെ ഉടമ്പടി പത്രികയല്ല. ദൈവം തന്നെയായിരുന്നു വസിച്ചിരുന്നത്. അതുകൊണ്ട് ദൈവത്തിന്റെ സജീവ വാഗ്ദാനപേടകമായ ദൈവമാതാവിനെതിരെ കരങ്ങളോ, നാവോ ഉയര്‍ത്തുവര്‍ ഇനിയെങ്കിലും പരിശുദ്ധ മറിയത്തെ ആദരിക്കുകയും, സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക.

യേശു നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍
അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു. അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു. സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു. അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ (യോഹന്നാന്‍ 2:35).

പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്  നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു (ലൂക്കാ 2:51). പരി. അമ്മ മകന്റെ എല്ലാ ആഗ്രഹങ്ങളും, സ്വഭാവങ്ങളും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പരി. അമ്മ പറഞ്ഞത്. അവന്‍ പറയുന്നത് ചെയ്യുവിന്‍ (യോഹാന്‍ 2:5). ഈ വചനം നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ ആത്മപരിശോധന ചെയ്യുക.

യേശു പരി. അമ്മയെ നമ്മുക്കു നല്‍കി
യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു. സ്ത്രീയേ, ഇതാ നിന്റെ മകന്‍, അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു. ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു'. (യോഹന്നാന്‍ 19:26-27).

കുരിശിന്‍ ചുവട്ടില്‍ അവസാന നിമിഷം വരെ യേശുവിനെ അനുഗമിച്ച പ്രിയ ശിഷ്യന് യേശു നല്‍കിയ അവസാന സ്‌നേഹസമ്മാനമാണ് പരി.അമ്മ. നമ്മുക്ക് വേണ്ടപ്പെട്ടവര്‍ ഈ ലോകത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോകുമ്പോള്‍ അവസാനമായി നമ്മോട് ആവശ്യപ്പെടുന്നത് നമ്മുക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ ജപമാലയുടെ നാഥയാകുന്നു. ദിവസവും നിങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. എന്ന് പരിശുദ്ധ മാതാവ് ഫാത്തിമാ ദര്‍ശനത്തില്‍ ആഹ്വാനം ചെയ്തിരുന്നു. അനേകം വിശുദ്ധര്‍ ഈ ജപമാല പ്രാര്‍ത്ഥനയിലൂടെയാണ് അവരുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ നിരന്തരം ദൈവത്തോട് അടുത്തു നിന്നിരുന്നത്.

ആത്മീയ യുദ്ധത്തിലെ ആയുധങ്ങളായ കുരിശും ജപമാലയും അത്ഭുതകരമായ ശക്തിയുടെ പ്രതീകങ്ങളാണ്. ജപമാല പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ടാല്‍ ഒരു ഛിദ്രശക്തിക്കും നമുക്കെതിരെ നിലനില്‍ക്കാന്‍ കഴിയുകയില്ല. ആകുലതകളിലും വ്യാകുലതകളിലും പെട്ട് നീറുന്ന മനസ്സുകള്‍ക്കും തകര്‍ന്ന കുടുംബങ്ങള്‍ക്കും പുതുജീവന്‍ പകരാന്‍ ജപമാലയ്ക്കു കഴിയും.

അമ്മ നിനക്കും എനിക്കും വേണ്ടി എത്ര സഹിച്ചവള്‍
നിന്റെ രക്ഷകന്‍ അവളുടെ ഉദരത്തില്‍ ഒരു ഭ്രൂണമായി വിടരവേ
ഏറ്റ അപവാദത്തിന്റെ, സംശയത്തിന്റെ കുന്തമുനകള്‍..
നിറവയറുമായി... നീണ്ട അലച്ചിലുകള്‍...
എത്രമുട്ടിയിട്ടും തുറക്കാതെ പോയ വാതിലുകള്‍
പിന്നെ മരംകോച്ചുന്ന തണുപ്പില്‍ കാലിചാണകത്തിന്റെ
ദുര്‍ഗന്ധം പേറുന്ന അന്തരീക്ഷത്തില്‍....
ഒരു വയറ്റാട്ടിയുടെ പോലും സഹായമില്ലാതെ അവന്റെ പിറവി...
പിന്നെ  നീളുന്ന വാള്‍ത്തലപ്പുകളില്‍ നിന്ന്
അവനെ സംരക്ഷിക്കുവാനായി... പ്രാണന്‍ പൊള്ളും പാലായനങ്ങള്‍
ആള്‍ക്കൂട്ടത്തിലെവിടെയോ കൈവിട്ടു പോയ
ആ കുഞ്ഞുവിരല്‍തുമ്പ് എത്രമേല്‍ കരയിച്ചിട്ടുണ്ടാകും അവളേ..
പിന്നെ അവന്റെ യൗവനത്തില്‍ എത്രയോ രാവുകളില്‍
അവള്‍ വഴിക്കണ്ണുമായി ... പിടയുന്ന ഹൃദയമോടെ കുരിശു യാത്ര
രക്തമൊഴുകി തളം കെട്ടിയ വഴിയിലൂടെ
ഇടറുന്ന പാദങ്ങളോടെ...
ഉയരുന്ന ചമ്മട്ടിയുടെ ശബ്ദം... തകര്‍ന്നു പോയ ഹൃദയം
ഏകമകന്‍ കൊടും കുറ്റവാളിപോലെ
കാല്‍വരികുന്നില്‍ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വരുക...
ഒടുവില്‍ ... മകന്റെ വികൃതമായ ശവശരീരം മടിയില്‍ കിടത്തി
നീ ചങ്കുതകര്‍ന്ന് കരഞ്ഞതോര്‍ക്കുമ്പോള്‍...
അമ്മേ എന്റെ കണ്ണുകളും ഈറനണിയുന്നു

ഈ അമ്മയെ സ്‌നേഹിച്ചില്ലെങ്കില്‍ പിന്നെ ആരെ സ്‌നേഹിക്കും നമ്മള്‍ ഈ ഭൂമിയില്‍