നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും (എസെക്കിയേല്‍ 34:16).

നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് (ലൂക്കാ 19:10).

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.  അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും (ജറെമിയാ 29:11-12).

ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു (ഹബക്കുക്ക് 1:5).

ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു (1 സാമുവല്‍ 1:27).

നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? (മത്തായി 18:12).

യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ് (മത്തായി 19:26).

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ (റോമാ 8:28).
 
സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചു തന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? (റോമാ 8:32).

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജറെമിയാ 32:27).

ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല (ഹബക്കുക്ക് 2:3).

എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും (സങ്കീര്‍ത്തനങ്ങള്‍ 120:1). 

കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക (സങ്കീര്‍ത്തനങ്ങള്‍ 37:7).

രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക (വിലാപങ്ങള്‍ 2:19).