സ്‌നേഹം എന്ത്? പ്രേമം എന്ത്?

സ്‌നേഹബന്ധങ്ങള്‍ പ്രേമബന്ധമായി അധഃപതിക്കരുത്. ബന്ധങ്ങള്‍ ബന്ധനങ്ങളാകരുത്. സ്‌നേഹബന്ധം ദൈവീകമാണ്. ഈ ദൈവീകമായ സ്‌നേഹബന്ധത്തെ നശിപ്പിക്കാന്‍ പിശാച് വിതയ്ക്കുന്ന തിന്മയുടെ വിത്താണ് പ്രേമം. എല്ലാ വികാരങ്ങളെയും വിവേകത്താല്‍ നിയന്ത്രിക്കുക....നയിക്കുക...

സ്‌നേഹം എന്ത്? പ്രേമം എന്ത്?
സ്‌നേഹം ദൈവീകമാണ് പ്രേമം മാനുഷികമാണ്
സ്‌നേഹം സ്വര്‍ഗ്ഗീയമാണ് പ്രേമം പൈശാകിമാകാം(അതുകൊണ്ടാണല്ലോ പ്രേമനൈരാശ്യത്തില്‍ കാമുകി കാമുകന്മാര്‍ വിഷം കുടിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും)
സ്‌നേഹം ബന്ധങ്ങളെ
ശക്തിപ്പെടുത്തുന്നു.
പ്രേമം ബന്ധങ്ങള്‍ തര്‍ക്കുന്നു.(മാതാപിതാക്കളുമായുള്ള ബന്ധം, ദൈവവുമായുള്ള ബന്ധം, മറ്റു കൂട്ടുകാരുമായുള്ള ബന്ധം, പഠനവുമായുള്ള ബന്ധം)
സ്‌നേഹം ധൈര്യം നല്‍കുന്നു  പ്രേമം ഭയം ജനിപ്പിക്കുന്നു. (ആരെങ്കിലും അറിയുമോ, പ്രേമം വിജയിപ്പിക്കുമോ, ചതിക്കുമോ.)
സ്‌നേഹം ഹൃദയത്തിലെ ദൈവാരാധനയാണ്.  പ്രേമം ഹൃദയം കൊണ്ടുള്ള വ്യഭിചാരമാണ്.
സ്‌നേഹം ദൈവിക പദ്ധതികള്‍ നടപ്പിലാക്കുന്നു.  പ്രേമം സ്വന്തം പദ്ധതികള്‍ നടപ്പിലാക്കുന്നു.
സ്‌നഹം പ്രത്യാശയില്‍ നിലനില്‍ക്കുന്നു.   പ്രേമം നിരാശയില്‍ അവസാനിക്കുന്നു.
സ്‌നേഹം വിവേകമാണ്. പ്രേമം വികാരമാണ്. (ഒരു തരം ഭ്രമമാണത്. ഒരു തരം ഇഷ്ടമാണത്. ഇഷ്ടങ്ങള്‍ അവസാനിക്കും.)
സ്‌നേഹം സ്വാതന്ത്ര്യമാണ്.   പ്രേമം അടിമത്വമാണ്. (കുറ്റിയില്‍ കെട്ടിയ കാളയെപ്പോലെ)
സ്‌നേഹം ഹൃദയത്തെ വലുതാക്കുന്നു.  പ്രേമം ഹൃദയത്തെ ചെറുതാക്കുന്നു. (ഞാനും ആ വ്യക്തിയും മാത്രം)
സ്‌നേഹം ഹൃദയത്തെ നിര്‍മ്മലമാക്കുന്നു.  പ്രേമം ഹൃദയത്തെ മലിനമാക്കുന്നു.
സ്‌നേഹം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി. പ്രേമം നരകത്തിലേക്കുള്ള സാധ്യത കൂട്ടുന്നു.
സ്‌നേഹം ആന്തരിക സൗന്ദര്യം കണ്ടാണ്. പ്രേമം ശാരീരിക സൗന്ദര്യവും ചില പ്രത്യേക കഴിവും കണ്ടിട്ടാണ്.
സ്‌നേഹം വിവാഹശേഷം കൂടുതല്‍ വിശ്വാസം, സന്തോഷം, നല്‍കുന്നു. പ്രേമം  വിവാഹശേഷം ചിലപ്പോള്‍ സംശയം, ദുഃഖം, അകല്‍ച്ച, മടുപ്പ്, നല്‍കുന്നു. (വിവാഹത്തിന് മുന്‍പ് എല്ലാം നല്‍കി തീര്‍ന്നു. വിവാഹത്തിനുശേഷം ഒന്നും നല്‍കാനില്ല.)
സ്‌നേഹം പരിശുദ്ധമാണ്. (പരിശുദ്ധിയില്‍  തുടങ്ങുന്ന ബന്ധങ്ങള്‍ പാറമേല്‍ വീടു പണിയുന്നപോലെ.)  പ്രേമം പാപമാണ്. (പാപത്തില്‍ ആരംഭിക്കുന്ന ബന്ധം ശാശ്വതമാവില്ല.)
മണലില്‍ പണിത ഭവനം പോലെ സ്‌നേഹം അടുത്ത തലമുറയെ വിശുദ്ധിയില്‍ വളര്‍ത്തുന്നു.  പ്രേമം അടുത്ത തലമുറയെ അശുദ്ധിയില്‍ വളര്‍ത്തുന്നു. (പ്രേമവിവാഹത്തിലൂടെ ഉണ്ടാകുന്ന മക്കള്‍ പ്രേമത്തിലേക്ക് വീഴാന്‍ സാധ്യതയേറുന്നു. അവരെ തിരുത്താന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വരുന്നു.)
സ്‌നേഹം കുടുംബത്തിന് സന്തോഷം നല്‍കുന്നു പ്രേമം കുടുംബത്തിന്റെ ഹൃദയത്തെ മുറിക്കുന്നു. കുടുംബാംഗങ്ങളില്‍ അസ്വസ്ഥതയും അസമാധാനവും വിതയ്ക്കുന്നു.
സ്‌നേഹം ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ ചെയ്യാന്‍ പ്രചോദനം നല്‍കുന്നു. പ്രേമം ഉത്തരവാദിത്വബോധം നഷ്ടപ്പെടുത്തുന്നു. (പഠനം, ലക്ഷ്യബോധം, ജോലി... ഇവയിലുള്ള ശ്രദ്ധയെ നശിപ്പിക്കുന്നു.)
സ്‌നേഹം ഹൃദയാനന്ദമാണ്. പ്രേമം ഹൃദയവ്യഥയാണ്.

   
ദൈവം അനുവദിച്ച്, അനുഗ്രഹിച്ച്, മാതാപിതാക്കള്‍ ആലോചിച്ച് നടത്തുന്ന വിവാഹത്തില്‍ പ്രശ്‌നങ്ങളില്ലേ....? ആ പ്രശ്‌നങ്ങള്‍ ദൈവം തരുന്നതല്ല. മറിച്ച് ദൈവഹിതമോ ദൈവവചനമോ ഇല്ലാതെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നതുകൊണ്ടാണ്. കൂടാതെ സ്വന്തം സ്വാര്‍ത്ഥതയും പാപവും ദാമ്പത്യത്തെ തകര്‍ക്കാം. ഒരു കാര്യം മനസ്സിലാക്കുക. കര്‍ത്താവ് യോജിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ പ്രത്യേക പദ്ധതി ഉണ്ടാകും. ആ പദ്ധതി തിരിച്ചറിഞ്ഞ് ജീവിച്ചാല്‍ ദാമ്പത്യം തകരുകയില്ല. 1 കോറി 7:13 ല്‍ പറയുന്നു. ''അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും അവിശ്വാസിയായ ഭാര്യ ഭര്‍ത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു.'' ദൈവവചനംപാലിച്ചാല്‍ അറേഞ്ച്ഡ് മാര്യേജ് ഒരിക്കലും തകരില്ല. 
ഇന്ന് ലോകം പ്രേമത്തെയും സ്‌നേഹത്തെയും ഒന്നായി കാണുന്നു. അതു ശരിയല്ല, ലോകത്തിന് വചനം അറിയില്ല. ഈശോ പറഞ്ഞു: വിശുദ്ധ വചനങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നത്? (മാര്‍ക്കോ. 12:24)

പ്രേമത്തെക്കുറിച്ച് വി. ബൈബിളില്‍ എന്തു പറയുന്നു?

ഉത്തമഗീതം 8:6-ല്‍ പറയുന്നു: ''പ്രേമം മരണത്തെപ്പോലെ ശക്തമാണ്'.
(റോമ 6/22)-ല്‍ പറയുന്നു: 'പാപത്തിന്റെ വേതനം മരണമത്രേ.''
ഉത്തമഗീതം 8:4-ല്‍ പറയുന്നു: ''ജറുസലേം പുത്രിമാരെ ഞാന്‍ കെഞ്ചുന്നു.
സമയമാകും  മുമ്പേ നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ. ഇളക്കിവിടരുതേ''
. വിവാഹം കഴിഞ്ഞ് ഉണരേണ്ട സ്‌നേഹം
വിവാഹത്തിനു മുമ്പേ പ്രേമമായി ഇളക്കിവിടരുത്. തട്ടിയുണര്‍ത്തരുത്.
പ്രഭാഷകന്‍ 25:21-ല്‍ പറയുന്നു : ''സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങിപോകരുത്.''
പ്രഭാഷകന്‍ 42:12-ല്‍ പറയുന്നു: ''ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്.
പുരുഷന്‍ സ്ത്രീയുടെ സൗന്ദര്യവും ആകാരഭംഗിയും നോക്കിയിരിക്കുമ്പോഴാണ് പ്രേമമെന്ന മോഹപാപം ഹൃദയത്തില്‍
ഗര്‍ഭം ധരിക്കുന്നത്.
സുഭാഷിതങ്ങള്‍ 6:5-ല്‍ പറയുന്നു: ''അവളുടെ സൗന്ദര്യം നീ മോഹിക്കരുത്.
കടാക്ഷവിക്ഷേപം കൊണ്ട് നിന്നെ പിടിയിലമര്‍ത്താന്‍ അവളെ അനുവദിക്കയുമരുത്.''

പുരുഷന്റെ/സ്ത്രീയുടെ സൗന്ദര്യം മോഹിക്കാന്‍ പോലും പാടില്ല എന്ന് തിരുവചനം പറയുമ്പോള്‍ പിന്നെ എങ്ങനെ സ്വന്തമാക്കും. അന്യന്റെ മകനെയോ മകളെയോ/ ഭാര്യയെയോ മോഹിക്കാന്‍ പോലും പാടില്ല എന്ന് തിരുവചനം പറയുമ്പോള്‍ പിന്നെ എങ്ങനെ സ്വന്തമാക്കും. ജോബ് 31:1-ല്‍ പറയുന്നു.''ഞാന്‍ എന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞാന്‍ എങ്ങനെ ഒരു കന്യകയെ നോക്കും. തെറ്റായ ചിന്തയോടെ സ്ത്രീയോ/ പുരുഷനോ നോക്കുന്നത് പോലും പാപമാണെന്ന് വചനം പറയുന്നു. യേശു പറഞ്ഞു.''ആസക്തിയോടെ സ്ത്രീയെ/ പുരുഷനെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവനുമായി / അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു.'' (മത്താ. 5:27).

പ്രഭാഷകന്‍ 9:5-ല്‍ പറയുന്നു: ''കന്യകയുടെ മേല്‍ കണ്ണു വയ്ക്കരുത്. നീ കാലിടറി വീഴും. പരിഹാരം ചെയ്യേണ്ടി വരും..... പ്രഭാഷകന്‍ 9:7-ല്‍ പറയുന്നു: നഗരവീഥികളില്‍ അങ്ങുമിങ്ങും നോക്കി നടക്കരുത്. ആളൊഴിഞ്ഞ കോണില്‍ അലയരുത്. രൂപവതിയില്‍ കണ്ണു പതിയരുത്.'' പ്രഭാഷകന്‍ 9:8-ല്‍ പറയുന്നു.''മറ്റൊരുവന് സ്വന്തമായ സൗന്ദര്യത്തെ അഭിലഷിക്കരുത്. സ്ത്രീ സൗന്ദര്യം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്.''

സ്ത്രീയെയും/ പുരുഷനെയും തെറ്റായ ചിന്തയോടെ നോക്കുന്നതും മോഹിക്കുന്നതും വലിയ പാപമാണെന്ന് ഈശോ പഠിപ്പിക്കുമ്പോള്‍ പ്രേമബന്ധത്തിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും സ്വന്തമാക്കുന്നതും എത്രയോ വലിയ പാപമാണ്.'' ഏശയ്യ 30:1-ല്‍ പറയുന്നു: ''എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടുന്ന അനുസരണമില്ലാത്ത സന്തതികള്‍ക്ക് ദുരിതം.''

അറിയുക
പ്രേമബന്ധങ്ങളിലൂടെ - ദൈവത്തിന്റെ പദ്ധതികള്‍ക്ക് വിരുദ്ധമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
പ്രേമബന്ധങ്ങളിലൂടെ - സ്വന്തം ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെടുത്തി നിങ്ങള്‍ വഴി തെറ്റുന്നു.
പ്രേമബന്ധങ്ങളിലൂടെ - ക്രിസ്തു രക്തം ചിന്തി വീണ്ടെടുത്ത ക്രിസ്തുവിന്റെ മക്കളെ പ്രേമത്തിലൂടെ നശിപ്പിക്കുന്നു.

മാതാപിതാക്കള്‍ കഷ്ടപ്പെട്ടു വളര്‍ത്തിയ അവരുടെ മക്കളെ നിന്റെ പ്രേമം കൊണ്ട് നശിപ്പിക്കരുത്. മാതാപിതാക്കളെ വേദനിപ്പിക്കരുത്. യേശു പറഞ്ഞു: ''ഈ ചെറിയവരില്‍ ഒരുവനു (പ്രേമത്തിന്റെ) ദുഷ്‌പ്രേരണ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരിക്കല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും'' (മത്താ. 18:6). യേശു പറഞ്ഞു.''പ്രലോഭനഹേതുവാകുന്നവനു ദുരിതം. നിന്റെ കൈയ്യോ കാലോ നിനക്കു പാപഹേതുവാകുന്നുവെങ്കില്‍ അത് വെട്ടി എറിഞ്ഞു കളയുക.'' (മത്താ. 18/8). ഒരിക്കലും ആരുടെയും പ്രലോഭനത്തിന് വഴങ്ങരുത്. ഒരിക്കലും ആര്‍ക്കും പ്രലോഭനത്തിന് കാരണമാകരുത്.

1 തെസ 4:3-8 ലൂടെ തിരുവചനം പറയുന്നു: ''നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയും കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്. ഈ വിഷയത്തില്‍ നിങ്ങള്‍ വഴി പിഴക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്''. ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കര്‍ത്താവ്. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിച്ചിരിക്കുന്നത്.''