ഒന്നോര്‍ത്തു നോക്കുക, നമ്മുടെ കുടുംബങ്ങളില്‍ എത്രയോ വര്‍ഷമായി നമ്മുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരുമൊക്കെ നമുക്കായി ഭക്ഷണം പാകം ചെയ്തു വിളമ്പുന്നു. നാം എത്ര പ്രാവശ്യം അവരുടെ പാചകം ഭംഗിയായിരിക്കുന്നെന്ന് പറഞ്ഞ് അഭിന്ദിച്ചിട്ടുണ്ട്? പല കുടുംബങ്ങളിലും പാചകം ഇഷ്ടമില്ലാത്ത സ്ത്രീകളെ കാണാന്‍ കഴിയും. ഇതിന്റെ കാരണങ്ങളില്‍ പ്രധാനപ്പട്ടത് അടുക്കളയിലെ അധ്വാനം കുടുംബത്തില്‍ ആദരിക്കപ്പെടുന്നില്ല എന്നതാണ്. അടുക്കളപ്പണി ഒരു ജോലിയായി പൊതുവേ പുരുഷന്മാരും കണക്കാക്കാറില്ല. വാസ്തവത്തില്‍ കുടുംബത്തിന്റെ സംതൃപ്തിക്കും കൂട്ടായ്മയ്ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണമൊരുക്കല്‍. തന്റെ കഷ്ടപ്പാടുകളും അധ്വാനവും കുടുംബാംഗങ്ങള്‍ മാനിക്കുന്നു എന്നറിയുന്ന വീട്ടമ്മമാര്‍ക്കേ പാചകത്തില്‍ സംതൃപ്തി കണ്ടെത്താനാകൂ. 

കുടുംബങ്ങള്‍ നരകമായിത്തീരുന്നതിന്റെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നിരന്തരമായ കുറ്റപ്പെടുത്തലാണ്. കുറവുകളും തെറ്റുകളും ആരിലും ഏതു കുടുംബത്തിലുമുണ്ട്. പരസ്പരം തിരുത്തിക്കൊടുക്കാനുള്ള അവകാശവും കുടുംബാംഗങ്ങള്‍ക്കുണ്ട്. പക്ഷേ, ഏതു സമയവുമുള്ള കുറ്റപ്പെടുത്തലുകള്‍ മനുഷ്യന്റെ ആത്മവിശ്വാസം കെടുത്തും. കുടുംബാന്തരീക്ഷത്തില്‍നിന്നും സ്‌നേഹം നീക്കുകയും ചെയ്യും. എന്നാല്‍ അഭിന്ദനവും പ്രോത്സാഹനവും കുടുംബങ്ങളുടെ വ്യക്തിത്വത്തെ വികസിപ്പിക്കുക മാത്രമല്ല, എല്ലാവരേയും പരസ്പരസ്‌നേഹത്തില്‍ വളര്‍ത്തുകയും ചെയ്യും.  

അനേകം മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ, ഇവരില്‍ പലരും അവരറിയാതെ അവരുടെ കുഞ്ഞുങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ക്കറിഞ്ഞുകൂടാ. എന്നാല്‍, കുറ്റപ്പെടുത്തുന്നതില്‍ അവര്‍ക്കതിയായ മിടുക്കാണുതാനും. നിരന്തരം കുറ്റംകേട്ട് വളരുന്ന കുഞ്ഞുങ്ങള്‍ സ്വയം സ്‌നേഹിക്കാനും തന്നെത്തന്നെ അംഗീകരിക്കാനും കഴിവില്ലാതാകുന്നു. സ്വന്തം നന്മകളും കഴിവുകളും തിരിച്ചറിയാനാകാത്തതിനാല്‍ അവരുടെ ആത്മവിശ്വാസം കെട്ടുപോകും. ദൈവം വളരെയധികം കഴിവുകളും നന്മകളും നല്‍കിയിട്ടും പലര്‍ക്കും ജീവിതത്തില്‍ വളരാനോ സന്തോഷം കണ്ടെത്താനോ കഴിയാതെ പോയതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. 

കുഞ്ഞുങ്ങളുടെ നന്മയാഗ്രഹിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട മേഖലയാണിത്. കുഞ്ഞുങ്ങള്‍ക്ക് അവരുടെ പഠനത്തിലും ജോലിയിലും നന്മപ്രവര്‍ത്തികളിലും അംഗീകാരവും പ്രോത്സാഹനവും നല്‍കണം. കുടുംബ പ്രാര്‍ത്ഥനയുടെ സമയത്ത് മക്കളുടെ നന്മകള്‍ എടുത്തുപറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നത് നല്ലതാണ്. തങ്ങളെ ജോലികളില്‍ സഹായിച്ചതിനെ ഓര്‍ത്ത്, പരീക്ഷയില്‍ വിജയിച്ചതിനെപ്രതി മാതാപിതാക്കള്‍ ദൈവത്തിന് നന്ദി പറയുമ്പോള്‍ അതിലൂടെ മക്കള്‍ക്ക് കൂടുതല്‍ പ്രത്യാശയും ആത്മധൈര്യവും നന്മയില്‍ വളരാനുള്ള ആവേശവും കിട്ടും. 

വര്‍ഷങ്ങള്‍ക്കുമുമ്പ് 'റീഡേഴ്‌സ് ഡൈജസ്റ്റില്‍' വായിച്ച കഥയാണിത്. ഒരു സായിപ്പും മദാമ്മയുമാണ് കഥാനായകര്‍. ഒരു ദിവസം ഊണ് കഴിക്കാന്‍ സായിപ്പ് വീട്ടിലെത്തി. മേശയുടെ മുന്നിലിരുന്ന ഉടനെ ഭാര്യ ഒരു പ്ലേറ്റില്‍ വൈക്കോല്‍ ഭംഗിയായി ചുരുട്ടിവെച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ വിളമ്പി. ദേഷ്യം കൊണ്ട് വിറച്ച സായിപ്പ് ചാടിയെഴുന്നേറ്റ് ആക്രോശിച്ചു: ഞാനെന്താ പോത്താണോ വൈക്കോല്‍ തിന്നാന്‍. നീയെന്നെ മനപുര്‍വ്വം അപമാനിക്കുകയാണ്. ദേഷ്യം തീരുംവരെ സായിപ്പ് പലതും വിളിച്ചുപറഞ്ഞു. എന്നാല്‍, മദാമ്മ ഒരക്ഷരം മിണ്ടാതെ പുഞ്ചിരിയോടെ ഇതെല്ലാം കേട്ടുകൊണ്ടുനിന്നു. ഒടുവില്‍ സായിപ്പ് ശാന്തനായപ്പോള്‍ അവര്‍ പറഞ്ഞു: 'കഴിഞ്ഞ 12 വര്‍ഷമായി നിങ്ങളെ എങ്ങനെയാ തൃപ്തിപ്പെടുത്തേണ്ടതെന്നറിയാതെ ഓരോ നേരവും ഓരോതരം ഭക്ഷണമുണ്ടാക്കി ഞാന്‍ വിളമ്പിത്തന്നു. പക്ഷേ, ഇത്രയും കാലമായിട്ടും ഭക്ഷണത്തെക്കുറിച്ച് നിങ്ങളൊന്നും പറഞ്ഞില്ല. അതുകൊണ്ട് ഞാന്‍ വിചാരിച്ചു, വൈക്കോലു തന്നാലും നിങ്ങള്‍ തിന്നുമെന്ന്.' ഇതു കേട്ടപ്പോഴാണ് ഭര്‍ത്താവിന് കാര്യം മനസ്സിലായത്. ഇളിഭ്യനായ അയാള്‍ സായിപ്പായിരുന്നതുകൊണ്ട് ഉടനടി സോറി പറഞ്ഞു. ഒരു പക്ഷേ, കേരളത്തിലെ ഏതെങ്കിലും നസ്രാണി കടുംബത്തിലായിരുന്നു ഈ സംഭവമെങ്കില്‍ അന്ത്യം വേറൊരു വിധത്തിലായേനേ! 

നമ്മുടെയൊക്കെ കുടുംബങ്ങള്‍ സന്തോഷമുള്ളതായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; കഷ്ടപ്പെടുന്നു. പക്ഷേ, പലപ്പോഴും കുടുംബങ്ങളില്‍ സമാധാനം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് കുടുംബാംഗങ്ങളുടെ അധ്വാനവും നന്മകളും പരസ്പരം ആദരിക്കപ്പെടുന്നില്ല എന്നതാണ്. ഈ പരിത്യക്താവസ്ഥ മനസ്സില്‍ സൃഷ്ടിക്കുന്ന മുറിവുകളും ദുഃഖങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലേക്ക് കുടുംബത്തെ നയിക്കും. പലപ്പോഴും പ്രശ്‌നങ്ങളുടെ അടിവേര് കണ്ടെത്താന്‍ ശ്രമിക്കാതെ ധ്യാനങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും അത്ഭുതംവഴിയായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനാണ് പലരും ആഗ്രഹിക്കുന്നത്. ദൈവം അസാധ്യകാര്യങ്ങളുടെ ദൈവമാണ്; അവിടുന്ന് നമുക്കായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ, ഒരു കാര്യത്തില്‍ ദൈവം നിസ്സഹായനാണ്. ദൈവത്തെ തള്ളിപ്പറയാന്‍വരെ സ്വാതന്ത്ര്യം നല്കപ്പെട്ടിട്ടുള്ള മനുഷ്യന്റെ മാനസാന്തരം, അത് നമ്മുടെ ഉത്തരവാദിത്വമാണ്. നാം മാറാതെ, നമ്മുടെ പെരുമാറ്റരീതികളിലും കാഴ്ചപ്പാടുകളിലും മാറ്റം വരുത്താതെ ദൈവത്തിന് നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തുക പ്രയാസമാണ്. 

കുംടുബനാഥന്മാരാണ് ഈക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത്. എന്നാല്‍, വളരെ പ്രധാനപ്പെട്ട മറ്റൊരുകാര്യം കൂടിയുണ്ട്. കുടുംബനാഥനും ഒരു മനുഷ്യനാണ്. അയാള്‍ക്കും അംഗീകാരവും പ്രോത്സാഹനവും കൂടിയേതീരു. കുടുംബത്തിനുവേണ്ടിയുള്ള കഷ്ടപ്പാടുകളെയും കുടുംബനാഥനിലൂടെ കിട്ടുന്ന സംരക്ഷണയേയും സ്‌നേഹത്തെയും എടുത്തുപറഞ്ഞ് കുടുംബാംഗങ്ങള്‍ ദൈവത്തെ സ്തുതിക്കണം. കുടുംബത്തിനുവേണ്ടി സ്വയം മറന്നു കഷ്ടപ്പെട്ടിട്ടും ഭാര്യയോ മക്കളോ അതു മനസ്സിലാക്കുന്നില്ല എന്നത് എത്രയോ കുടുംബനാഥന്മാരുടെ ഹൃദയവേദനയാണെന്നോ? അഭിനന്ദനത്തിന് അധ്വാനത്തിന്റെ തളര്‍ച്ച എടുത്തുനീക്കാനുള്ള ശക്തിയുണ്ട്; അംഗീകാരത്തിന് ജീവിതത്തെ മുന്നോട്ടു കുതിപ്പിക്കാനുള്ള ശക്തിയും. മറ്റുള്ളവരിലെ നന്മകള്‍ അംഗീകരിക്കുകയും അതിനെ പ്രശംസിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയാണ്. കാരണം, എല്ലാ നന്മകളുടെയും ഉറവിടം ദൈവം തന്നെയാണ്. അപരനിലെ നന്മ വാസ്തവത്തില്‍ നന്മസ്വരൂപനായ ദൈവത്തിന്റെ പ്രവൃത്തിയാണ്. തന്മൂലം മറ്റുള്ളവരെ അഭിന്ദിക്കുമ്പോള്‍ നാം ദൈവത്തെയാണ് മഹത്വപ്പെടുത്തുന്നത്. ഇക്കാരണംകൊണ്ടുതന്നെ ആത്മീയ ശക്തിയും സന്തോഷവും നമ്മിലേക്ക് ഒഴുകിയെത്തുന്നതിനും ഇത് കാരണമാകും. 

കുടുംബത്തില്‍ നന്മകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അന്തരീക്ഷമുണ്ടെങ്കില്‍ അവിടെ വളരുന്ന കുഞ്ഞുങ്ങള്‍ക്ക് തങ്ങള്‍ കണ്ടുമുട്ടുന്നവരിലേയും തങ്ങളായിരിക്കുന്ന സാഹചര്യങ്ങളിലെയും നന്മകള്‍ കണ്ടെത്താനുള്ള കഴിവു ലഭിക്കും. എവിടേയും നന്മ കാണാന്‍ കഴിയുന്നവര്‍ എപ്പോഴും സന്തോഷമുള്ളവരും ഹൃദയ സ്വാതന്ത്ര്യമുള്ളവരുമായിരിക്കും. അവര്‍ക്ക് മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനും വളരെ എളുപ്പവുമാണ്. എന്നാല്‍, നിരന്തരമുള്ള കുറ്റാരോപണങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ എവിടെ ചെന്നാലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതില്‍ മിടുക്കരായിരിക്കും. ഇക്കാരണത്താല്‍ത്തന്നെ അവര്‍ അസ്വസ്തരും അസ്വസ്ഥതയുണ്ടാക്കുന്നവരും ആയിത്തീരും. 

കുട്ടികളുടെ മനസ്സില്‍ വൈകല്യങ്ങള്‍ സൃഷ്ടിക്കാന്‍വരെ ശക്തമാണ് കുടുംബ വേദിയിലെ വിവേകശൂന്യമായ കുറ്റാരോപണങ്ങളെന്ന് പലരും തിരിച്ചറിയുന്നില്ല. കുട്ടികളുടെ ശാരീരിക, ആത്മീകവളര്‍ച്ചകള്‍പോലെതന്നെ പ്രധാനപ്പെട്ടതാണ് മാനസിക വികാസവും. അതിനുള്ള ചുമതലയും മാതാപിതാക്കള്‍ക്കുണ്ട്. തിന്മനിറഞ്ഞ ഈ ലോകത്തില്‍ ഒരുപാട് നന്മകളുണ്ട്. അവയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിന്മയിലേക്കു ചായാനുള്ള പ്രേരണ നമ്മില്‍ വര്‍ദ്ധിക്കും. തന്മൂലം അയല്‍പ്പക്കക്കാരുടെയും സഭയുടെയും സമ്മര്‍പ്പിതരുടെയും ബന്ധുക്കളുടെയും നന്മകള്‍ നമ്മുടെ കുടുംബവേദികളില്‍ ചര്‍ച്ചാവിഷയമാകട്ടെ. അതിന്റെയര്‍ത്ഥം ലോകത്തിലുളള തിന്മകളെല്ലാം മൂടിവെച്ച് കപടമായ ഒരു യാഥാര്‍ത്ഥ്യത്തെ കുട്ടികള്‍ക്ക് വരച്ചുകാട്ടണമെന്നല്ല. മറിച്ച്, ആദ്യം നന്മകള്‍ കണ്ടെത്താനുള്ള പരിശീലനം നല്‍കണം എന്നതാണ്. അത് തിന്മയെ വെറുക്കാനും നന്മയോട് പക്ഷംചേരാനും കുഞ്ഞുങ്ങള്‍ക്ക് ശക്തി പകരും.