കുടുംബജീവിതം സ്വഭാവത്താല്‍ത്തന്നെ സന്താനോല്‍പ്പാദനത്തിനും സന്താനങ്ങളെ വളര്‍ത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാര്‍ത്ഥത്തില്‍ വിവാഹത്തിന്റെ ഉത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാര്‍ക്ക് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും. ''മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല'' (ഉല്പ 2:18) എന്ന് അരുളിചെയ്തവനും ''ആദിമുതല്‍ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചവനും'' (മത്താ 19:4) ആയ ദൈവംതന്നെ, തന്റെ സൃഷ്ടിപരമായ പ്രവൃത്തിയില്‍ ഒരു പ്രത്യേക ഭാഗഭാഗിത്വം പകര്‍ന്നു നല്‍കാന്‍ ആഗ്രഹിച്ചുകൊണ്ട്, പുരുഷനെയും സ്ത്രീയെയും അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു.''സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍'' (ഉല്പ. 1:28).

വൈവാഹിക സ്‌നേഹത്തിന്റെ ശരിയായ പാലനവും അതില്‍ നിന്നുളവാകുന്ന കുടുംബ ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥവും ലക്ഷ്യം വയ്ക്കുന്നതും ഇതാണ്; ദൈവം അവിടുത്തെ സ്വന്തമായ കുടുംബത്തെ ദമ്പതികള്‍ വഴി നാള്‍ക്കു നാള്‍ വിപുലവും സമ്പന്നവുമാക്കുന്നതിന് ദൈവത്തിന്റെയും രക്ഷകന്റെയും സ്‌നേഹത്തോട് ആത്മധൈര്യത്തോടുകൂടി സഹകരിക്കാന്‍ ദമ്പതികളെ പ്രാപ്തരാക്കുക.

ദമ്പതികള്‍ തങ്ങളുടെ സ്വന്തം ദൗത്യവുമായി പരിഗണിക്കേണ്ട, മനുഷ്യജീവന്‍ പകര്‍ന്നുകൊടുക്കുകയും മക്കള്‍ക്കു പരിശീലനം നല്‍കുകയും ചെയ്യുന്ന ജോലിയില്‍ തങ്ങള്‍ സൃഷ്ടാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ സഹകാരികളാണെന്നും അതിന്റെ ഇടനിലക്കാരെപ്പോലെയാണെന്നും മനസ്സിലാക്കണം. അതുകൊണ്ട് മാനുഷികവും ക്രിസ്തീയവുമായ അവരുടെ കടമകള്‍ അവര്‍ നിറവേറ്റുകയും, ദൈവത്തോടുള്ള ശുഷ്‌കാന്തിനിറഞ്ഞ ആദരവോടുകൂടി, കൂട്ടായ ആലോചനയും പരിശ്രമവും വഴി ശരിയായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യണം. അതില്‍ സ്വന്തം നന്മയും ജനിച്ചവരും ഭാവിയില്‍ ജനിക്കാനിരിക്കുന്നതുമായ മക്കളുടെ നന്മയും കരുതി, കാലങ്ങളുടെയും ജീവിതാന്തസ്സിന്റെയും ഭൗതികവും ആത്മീകവുമായ പരിത:സ്ഥിതികള്‍ കണക്കിലെടുത്ത് കുടുംബ സമൂഹത്തിന്റെയും ഭൗതിക സമൂഹത്തിന്റെയും സഭയുടെതന്നെയും നന്മ കണക്കിലെടുക്കണം. ഈ നിഗമനം ആത്യന്തികമായി ദമ്പതിമാര്‍തന്നെ ദൈവതിരുസന്നിധിയില്‍ എടുക്കേണ്ടതാണ്.

ക്രിസ്തീയ ദമ്പതികള്‍ തങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ തന്നിഷ്ടംപോലെ പോകാന്‍ പാടില്ല എന്നതും ദൈവനിയമത്തിന് എപ്പോഴും വിധേയരായി, അതിനെ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ആധികാരികമായി വ്യാഖ്യാനിക്കുന്ന സഭാ പ്രബോധത്തോട് അനുസരണയുള്ളവരായി നീങ്ങണമെന്നും അവബോധമുള്ളവരായിരിക്കണം. ദൈവനിയമംതന്നെ സമ്പൂര്‍ണ്ണമായ ദാമ്പത്യസ്‌നേഹത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അതിനെ സംരക്ഷിക്കുകയും അതിന്റെ ശരിയായ മാനുഷികപൂര്‍ണ്ണതയ്ക്കുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ക്രിസ്തീയ ദമ്പതികള്‍ ദൈവ പരിപാലനത്തില്‍ ആശ്രയിച്ച് പരിത്യാഗചൈതന്യം പരിശീലിച്ച് സൃഷ്ടാവിനെ മഹത്ത്വപ്പെടുത്തുകയും മിശിഹായില്‍ ഉള്ള പൂര്‍ണ്ണതയിലേക്കു നടന്നടുക്കുകയും ചെയ്തുകൊണ്ട് സന്താനോത്പാദന ജോലി സന്മനസ്സോടെയും മാനുഷികവും ക്രിസ്തീയവുമായ ഉത്തരവാദിത്വത്തോടെയും നിവേറ്റണം. ദൈവം തങ്ങളെ ഭാരമേല്‍പ്പിച്ച ജോലി ഈ രീതിയില്‍ നിര്‍വ്വഹിക്കുന്ന ദമ്പതിമാരില്‍ പ്രത്യേകം എടുത്തുപറയപ്പെടേണ്ടവരാണ് തുറന്നമനസ്സോടുകൂടി വളരെ കൂടുതല്‍ മക്കളെ വളര്‍ത്താന്‍ വിവേകപൂര്‍ണ്ണവും പൊതുവായ ചിന്തയോടുകൂടിയും തയ്യാറാകുന്നവര്‍.

എന്നാല്‍, വിവാഹം സന്താനോത്പാദനത്തിനുവേണ്ടിമാത്രം സ്ഥാപിതമായതല്ല, പ്രത്യുത, വ്യക്തികള്‍ തമ്മിലുള്ള അവിഭാജ്യമായ ഉടമ്പടിയുടെ സ്വഭാവവും മക്കളുടെ നന്മയും ആവശ്യപ്പെടുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹം വേണ്ടവിധം പ്രകടമാക്കണമെന്നും വളര്‍ന്നു പരിപക്വമാകണമെന്നുമാണ്. അതുകൊണ്ട്, ആഗ്രഹിക്കുമ്പോഴെല്ലാം സന്താനലബ്ധി ഉണ്ടായില്ലെങ്കിലും, ജീവിതം മുഴുവന്റെയും സമ്പ്രദായവും കൂട്ടായ്മയുമെന്ന നിലയില്‍ വിവാഹം നിലനില്‍ക്കുകയും അതിന്റെ മൂല്യവും അവിഭാജ്യതയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.