റോം, ഇറ്റലി: സിനഡ് പിതാക്കന്മാര്‍ നടത്തുന്ന എല്ലാ വാഗ്വാദങ്ങളെക്കാളും കൂടുതലായി അവരെ ഇരുത്തി ചിന്തിപ്പിച്ച ഒരു കത്തിനെപ്പറ്റിയാണ് ഈ വാര്‍ത്ത. കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്ന 100 പ്രശസ്തരായ വ്യക്തികള്‍ ഒപ്പിട്ട ഒരു രേഖ കഴിഞ്ഞ ദിവസം സിനഡ് പിതാക്കന്മാര്‍ക്കും പരിശുദ്ധ പിതാവിനും ലഭിക്കുകയുണ്ടായി. പ്രശസ്ത എഴുത്തുക്കാരനും വാഗ്മിയുമായ സ്‌കോട്ട് ഹാന്‍, ജോണ്‍ ഫിന്നിസ്, 'ദ ത്രില്‍ ഓഫ് ദ ചേയ്‌സ്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവും ബ്രിട്ടീഷ് ബയോ എത്തിസിസ്റ്റുമായ ഡോണ്‍ ഈഡന്‍, ടെക്‌സസ് സര്‍വ്വകലാശാല പ്രൊഫസര്‍ മാര്‍ക് റെജെനേറുസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമൂഹമാണ് കത്ത് തയ്യാറാക്കിയത്.കത്തോലിക്കാ സഭയ്ക്ക് പുറത്തായിരുന്നപ്പോള്‍ തങ്ങള്‍ ഇവിടെ കണ്ടെത്തിയ പവിഴങ്ങളെക്കുറിച്ചുള്ള വിചിന്തനമാണിത്. അതുപോലെ, കത്തോലിക്കാ സഭയില്‍നിന്ന് വിഭിന്നമായി പഠിപ്പിച്ച സമൂഹങ്ങള്‍ക്ക് സംഭവിച്ച അപചയത്തിന്റെ നേര്‍ക്കാഴ്ചകളും.

കത്തിന്റെ ഉള്ളടക്കം ചുരുക്കത്തില്‍;''കത്തോലിക്കാ സഭയിലേക്ക് തങ്ങള്‍ മടങ്ങിവന്നത് ഇവിടെ വിവാഹത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും അങ്ങനെ പലവിധ വിഷയങ്ങളെക്കുറിച്ചും കറയില്ലാത്തവിധം പഠിപ്പിക്കുന്നതുകൊണ്ടുകൂടിയാണ്. മാത്രമല്ല, മുമ്പ് ഞങ്ങള്‍ ആയിരുന്ന സഭാവിഭാഗങ്ങളില്‍ സ്വവര്‍ഗവിവാഹം, വിവാഹമോചനം തുടങ്ങിയവ അനുവദിക്കപ്പെട്ടപ്പോള്‍ അവിടെ തകര്‍ച്ചകള്‍ ആരംഭിക്കുകയും കത്തോലിക്കാ സഭയില്‍ യഥാര്‍ത്ഥ സത്യമുണ്ടെന്ന് അനുഭവത്തിലൂടെ പഠിക്കുകയും ചെയ്തവരാണ് ഞങ്ങള്‍...ലോകം പറയുന്നത് കേട്ട് ഞങ്ങള്‍ ആയിരുന്ന മുന്‍ സഭാസമൂഹങ്ങള്‍ വിശ്വാസപഠനങ്ങളില്‍ മാറ്റം വരുത്തി. സ്വാതന്ത്ര്യവും സമത്വവുമാണ് വേണ്ടതെന്ന് ഞങ്ങളില്‍ പലരും അന്ന് വിചാരിച്ചു. സ്ത്രീപൗരോഹിത്യം അനുവദിച്ചു., ഭ്രൂണഹത്യയെ ന്യായീകരിച്ചു, സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചു, വിവാഹമോചനത്തില്‍ വിട്ടുവീഴ്ച വരുത്തി...അങ്ങനെ ഞങ്ങള്‍ അവിടെ അടിസ്ഥാനപരമായി തകര്‍ക്കപ്പെടുന്നത് കണ്ടു. അവിടെനിന്ന് നോക്കിയപ്പോള്‍ കത്തോലിക്കാ സഭ ശക്തമായി വളരുന്നു. ഇവിടെ സത്യമുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതിനാല്‍ സിനഡ് പൂര്‍ത്തിയാകുമ്പോള്‍ ഞങ്ങള്‍ക്ക് മുമ്പ് പറ്റിയ അബദ്ധങ്ങള്‍ ഇവിടെ ഉണ്ടാവരുത്. സഭ എല്ലാക്കാലത്തും സത്യത്തിനൊപ്പം നില്‍ക്കണം. ഈ ഓര്‍മ്മപ്പെടുത്തലും അപേക്ഷയും സ്വീകരിക്കണം.''

''കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ ജനകീയമായിരുന്നെങ്കിലും അവ ഞങ്ങളെ ആകര്‍ഷിച്ചു. ജനകീയ തീരുമാനങ്ങളുടെ പരിണിതഫലവും നാശങ്ങളും ഞങ്ങള്‍ കണ്ടു. സത്യത്തിനും നീതിക്കും മനോഹാരിതയുണ്ടെന്ന് ഞങ്ങള്‍ കണ്ടത് കത്തോലിക്കാ സഭയില്‍ നിന്നാണ്. ലൈംഗികതയ്ക്കുള്ള ലൈസന്‍സിനെ മനുഷ്യാവകാശത്തിനൊപ്പം ഉയര്‍ത്തിപ്പിടിക്കുന്ന ലോകമാണിത്. അതിന്റെ വാക്കുകള്‍ക്ക് സഭ ചെവികൊടുക്കരുത്. തെറ്റുപറ്റിപ്പോയ അനുഭവസ്ഥരുടെ വാള്‍ക്കുകള്‍ കേള്‍ക്കുവാന്‍ മനസുണ്ടാകണം.''

യഹൂദനായിരുന്ന ഈഡന്‍ തന്റെ അനുഭവത്തില്‍നിന്നുമാണ് കത്തിന്റെ ഒരു ഭാഗം തയ്യാറാക്കിയിരിക്കുന്നതും.''മാതാപിതാക്കളുടെ വിവാഹമോചനത്തിന്റെയും ചെറുപ്പത്തിലെ വലിച്ചിഴയ്ക്കപ്പെട്ട ലൈംഗിക ചൂഷണത്തിന്റെയും ബാക്കിപത്രമായിരുന്നു എന്റെ ജീവിതം. എന്നാല്‍ ഞാന്‍ സഭയിലേക്ക് വരുവാന്‍ ഒരു കാരണമുണ്ട്. കത്തോലിക്കാ സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്റെ കുടുംബം പാലിച്ചിരുന്നെങ്കില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചവ ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്ന ബോധ്യം എനിക്കുണ്ട്‌.''

സ്വവര്‍ഗ്ഗലൈംഗിക ബന്ധങ്ങളുടെ അതിപ്രസരത്തില്‍നിന്ന് സഭാപഠനങ്ങളുടെ സഹായത്താലും പ്രാര്‍ത്ഥനയുടെ ശക്തിയാലും രക്ഷപ്പെട്ട ഡേവിഡ് പ്രോസണെപ്പോലുള്ളവര്‍ക്കും ഏറെ പറയാനുണ്ട്. സ്വവര്‍ഗ്ഗലൈംഗിക ബന്ധത്തിനുള്ള താല്പര്യം ജീവിതത്തിലലിഞ്ഞുചേര്‍ന്നവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കത്തോലിക്കാ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലദായകത്വം ഉപയോഗപ്പെടുത്തുന്ന വലിയൊരു സംഘടനയുടെ തലവന്‍ കൂടിയാണ് അദ്ദേഹം. കത്തോലിക്കാ സഭ ഇപ്പോള്‍ പഠിപ്പിക്കുന്നത് സത്യമാണെന്നും അതില്‍ തെല്ലിടപോലും വ്യത്യാസം വരുത്തേണ്ടതില്ലെന്നും അനേകരുടെ അനുഭവത്തില്‍നിന്ന് അദ്ദേഹവും പറയുന്നു.

''ഫ്രാന്‍സിസ് പാപ്പയ്ക്കും സിനഡ് പിതാക്കന്മാര്‍ക്കുള്ള തുറന്ന കത്ത്.''എന്ന ശീര്‍ഷകത്തോടുകൂടി വത്തിക്കാനിലെത്തിയിരിക്കുന്ന ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.''ക്രിസ്തു വിഭാവനം ചെയ്ത വിവാഹത്തിന്റെ അലംഘനീയതയും ചരിത്രത്തില്‍ കത്തോലിക്കാ സഭ ഉയര്‍ത്തിപ്പിടിച്ച ധൈര്യപൂര്‍വ്വമുള്ള സാക്ഷ്യവും'' മാറ്റപ്പെടരുതെന്നാണ് കത്തിന്റെ ഉള്ളടക്കം.