ഭൂമിയില്‍ നമ്മുടെ സന്തോഷങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി വരുന്നു. സന്തോഷവും ഇന്നലെ നമുക്കു ലഭിച്ച അനുഭവങ്ങളും ഇന്ന് ലഭിക്കുമ്പോള്‍ അവയെല്ലാം വ്യത്യസ്തമാണ്. സന്തോഷം തുള്ളിതുള്ളിയായി മാത്രം ലഭിക്കുന്നു. ഒരു ദിവസത്തെ സന്തോഷം ക്ഷണനേരം കൊണ്ട് ആര്‍ക്കും നല്‍കപ്പെടുന്നില്ല. ഒരു ജീവിതകാലം ലഭിക്കേണ്ട സന്തോഷവും അല്‍പ്പാല്‍പ്പമായി മാത്രം നല്‍കപ്പെടുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ അങ്ങനെയല്ല. മാറ്റമില്ലാത്ത, വിഭജിക്കാനാവാത്ത അവിടുത്തെ സത്തയുടെ ലാളിത്യത്തില്‍ ദൈവം തന്നെതന്നെ മുഴുവനായി നല്‍കുന്നു.

ദൈവീകജീവനില്‍ ഉള്‍ച്ചേരുന്ന ആദ്യനിമിഷത്തില്‍ത്തന്നെ വിശുദ്ധരുടെ സന്തോഷം പൂര്‍ണ്ണവും സംതൃപ്തവുമാണ്. ഭാവികാലം അതിനെ ഒരു തരത്തിലും കുറയ്ക്കുന്നില്ലാത്തതുകൊണ്ട് അവര്‍ ഭൂതകാലത്തിലെ യാതൊന്നും ആഗ്രഹിക്കുന്നുമില്ല. ദൈവവചനത്തിന്റെ വ്യക്തതയാല്‍ പ്രകാശിതരായി അവര്‍ ആയിരം വര്‍ഷങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കാര്യങ്ങളും ആയിരം വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളും കാണുന്നു. അറിയുന്നു. വിശുദ്ധ അഗസ്തിനോസ് പറയുന്നതുപോലെ അവര്‍ അനന്തമായ ആനന്ദം അനുഭവിക്കുന്നു. ഓരോ നിമിഷവും സൃഷ്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ദൈവീക പുണ്യങ്ങുടെ ശക്തി ആഗിരണം ചെയ്യുന്നു. ഓരോ നിമിഷവും നിത്യതതയുടെ ശ്രേഷ്ഠതയുടെ, ആനന്ദത്തിന്റെ മഹത്വത്തിന്റെ ലഹരി നല്‍കുന്ന ഉദാത്തമായ ഭാരം അറിയുന്നു.

ഒരു ദിവസം വിശുദ്ധ അഗസ്തിനോസ് ഹിപ്പോയിലെ തന്റെ ജനങ്ങളോട് ദൈവനഗരത്തിലെ അത്ഭുതങ്ങളെപ്പറ്റി പറയുകയുണ്ടായി. സുവര്‍ണ നാവാല്‍ ദൈവവചനം  ഉദ്ധരിച്ച് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു  ഭൂവാസിയെപ്പോലെയല്ല, സ്വര്‍ഗത്തില്‍ നിന്നൊരു മാലാഖ വന്ന് സംസാരിക്കുന്നതുപോലെ കാണപ്പെട്ടു. അവിടെ കൂടിയിരുന്ന ജനം അത്ഭുതസ്തബ്ദരായി., സ്വര്‍ഗീയ വിരുന്നിലേക്ക്  ആനയിക്കപ്പെട്ടതായി അവര്‍ക്ക് അനുഭവപ്പെട്ടു. അവരെ ഏറ്റവും അധികം വിസ്മയിപ്പിച്ചത് ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട വിശ്‌സ്തര്‍ക്ക് ആ ദിവസം നല്‍കാനിരിക്കുന്ന നശിപോകാത്ത നിത്യകിരീടത്തെക്കുറിച്ചുള്ള ദര്‍ശനമാണ്. സകലരും കണ്ണീര്‍ പൊഴിച്ചു, അവരുടെ വികാരാവേശം അത്രയ്ക്ക് തീവ്രമായിരുന്നതിനാല്‍ ആ കരിച്ചിലും അത്ഭുതം ദര്‍ശിച്ചതിന്റെ നിലവിളികളുംകൊണ്ട് അവിടമാകെ മുഖരിതമായി.

വിശുദ്ധമായ ദേവാലയസമുച്ചയത്തിനകത്തെ നിശ്ശബ്ദതക്കായുള്ള പ്രാസംഗികന്റെ അപേക്ഷകളൊക്കെ മറികടന്ന്, ഓരോരുത്തരും തങ്ങള്‍ എപ്പോഴാണ് ജീവന്റെ ഉറവകളില്‍ നിന്ന്  പാനം ചെയ്യുക എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഓരോരുത്തരും ഭയത്തോടും വിറയലോടുകൂടെ തങ്ങളുടെ ബലഹീനതകള്‍ തിരിച്ചറിഞ്ഞ് വഴിതെറ്റിപ്പോയ നിമിഷങ്ങളോര്‍ത്ത് അനുതപിച്ച് ഈ സ്വര്‍ഗീയദര്‍ശനം നഷടപ്പെടുത്തരുതേ എന്ന് യാചിച്ചു. വിശുദധമായ ആ ദേവാലയത്തിനുള്ളില്‍ എല്ലാ ദിശകളില്‍ നിന്നും ഈ വാക്കുകള്‍ ഉയര്‍ന്നു വിശുദ്ധ സ്വര്‍ഗമേ, നിന്റെ സൗന്ദര്യം ഞങ്ങള്‍ എപ്പോള്‍ കാണും, ഒരു ദിവസത്തേക്കുള്ള സമ്പത്തും സന്തോഷവും നിന്നെക്കാള്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടതാകാന്‍ മാത്രം വിഡ്ഢികളാണോ ഞങ്ങള്‍. കഠിനാദ്ധ്വാനം കൊണ്ടും ഭാരപ്പെട്ട ത്യാഗങ്ങള്‍കൊണ്ടും നിന്നെ നേടാന്‍ ആരാണ് തയ്യാറാകാത്തത്?.

ഇത്തരം നെടുവീര്‍പ്പുകളാലും നിലവിളികളാലും  വിസ്മയം നിറഞ്ഞ വാക്കുകളാലും  ജനം വാവിട്ടു നിലവിളിച്ചപ്പോള്‍ തന്റെ വാക്കുകള്‍ ഉളവാക്കിയ ഫലമോര്‍ത്ത് ജനക്കൂട്ടത്തെപ്പോലെ വികാരാവേശിതനായ വിശുദ്ധ അഗസ്തിനോസ് , തന്റെ പ്രസംഗം  മുഴുമിക്കാനാശിച്ചു സ്വര്‍ഗീയ ജറുസലെമിനെക്കുറിച്ചു പറയാനാരംഭിച്ചു. എന്നാല്‍  കേള്‍വിക്കാരുടെ തേങ്ങലുകളും നിലവിളികളും തന്റെ തന്നെ കണ്ണീരും അദ്ദേഹത്തിന്റെ  ശബ്ദം മരവപ്പിച്ചു. അദ്ദേഹവും ജനക്കൂട്ടവും ഒന്നിച്ചൊഴുക്കിയ തരളവും അഗാധവുമായ കണ്ണീര്‍ വിദൂരസ്ഥമായ പ്രിയപ്പെട്ട സ്വന്തം ജന്മനാടിനെക്കുറിച്ചുള്ള പ്രവാസികളായ മനുഷ്യവംശത്തിന്റെ വിലാപമായി മാറി. ഓ പരിശുദ്ധപിതാവേ, എന്റെ ശബ്ദത്തിന് അങ്ങയുടെ ശബ്ദത്തിന്റെ ആര്‍ദ്രഭാവം ഉണ്ടായിരുന്നെങ്കില്‍!

അദൃശ്യമായവയുടെ  വശീകരണവും ഭാവിയുടെ വാഗ്ദാനവും അത്രയേറെ ജീവസ്സുറ്റ അടയാളങ്ങള്‍ ആത്മാക്കളില്‍ പതിപ്പിക്കാനായി ആദിമ സഭയുടെ സുവര്‍ണ്ണകാലം മടങ്ങിവരുമോ? ഞങ്ങളുടെ വാക്കുകള്‍ക്കു  കണ്ണീരിന്റെ  ഉറവ തുറക്കാനുള്ള ശക്തിയില്ലെങ്കിലും, ദൈവത്തിന്റെ  നഗരമേ, നിന്നെക്കുറിച്ചുള്ള ഓര്‍മ്മയും പ്രത്യാശയും ഞങ്ങളുടെ ആഗ്രഹങ്ങളെ ഉണര്‍ത്തട്ടെ. ഞങ്ങളുടെ അന്തമില്ലാത്ത ഭൗതിക ആഗ്രങ്ങളെ  അവ തടഞ്ഞു നിര്‍ത്തട്ടെ. ഞങ്ങളെ നാശത്തിലേക്കു നയിക്കുന്ന ആയിരമായിരം അധമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഒരു നങ്കൂരമായി അത് ഭവിക്കട്ടെ.

ആനന്ദവും ആഹ്ലാദവും ഇഷ്ടപ്പെടുന്നവര്‍
നാം മഹത്വവും ശക്തിയും ഇഷ്ടപ്പെടുന്നു. എവിടെയും, നമ്മുടെ സാന്നിധ്യം ഉറപ്പാക്കാനും കല്‍പനകള്‍ കൊടുക്കാനും നമുക്ക് ഇഷ്ടവുമാണ്. പിന്നെ എന്തുകൊണ്ട് ദൈവം നമുക്കായി ഒരുക്കുന്ന അന്തസ്സുറ്റ വിധിയെഴുത്തില്‍ നിന്നും നിത്യ സാമ്രാജ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറണം? നാം ആനന്ദവും ആഹ്ലാദവും ഇഷ്ടപ്പെടുന്നവരാണ്. ജീവിതത്തിന്റെ ദൗര്‍ഭാഹ്യങ്ങളും കയ്‌പേറിയ അനുഭവങ്ങളും മാറി സന്തോഷവും സമാധാനവും കൈവന്നില്ലെങ്കില്‍ അത്  അസഹനീയമാണ്. അപ്പോള്‍ എന്തുകൊണ്ട് എന്നേക്കുമുള്ള സന്തോഷം ഒഴിവാക്കണം? ഈ ജീവിതത്തിലെ സന്തോഷങ്ങളുടെ ഉറവ നഷ്ടപ്പെടുമെന്ന് നമുക്ക് അറിഞ്ഞുകൂടെ?

ഭൂമിയില്‍ നിന്ന് താന്‍ ആശിക്കുന്ന സകലതും പരിധിയില്ലാത്തവിധം നേടിയെടുക്കാമെന്നു   കരുതുന്ന മനുഷ്യന്‍ അവന്റെ ശ്രദ്ധ മുഴുവനും ഈ ഭൂമിയിലെ ഭൗതിക വസ്തുക്കള്‍ നേടുന്നതിനായും പരിപൂര്‍ണ്ണ മാക്കുന്നതിനായും ചെലവഴിച്ചുകൊള്ളട്ടെ. അവരെ സഹായിക്കാനായി ആയിരക്കണക്കിനു കരങ്ങളുണ്ടെന്നും ആശ്വസിച്ചോട്ടെ. അവരുടെ ആശയങ്ങളും സങ്കല്‍പ്പങ്ങളും സാക്ഷാത്ക്കരിക്കുന്നതിനായി ആയിരക്കണക്കിന് യന്ത്രങ്ങളും ഉപകരണങ്ങളും ശാസ്ത്രസാങ്കേതിക അറിവുകളും ഉണ്ടെന്നും ചിന്തിച്ചുകൊള്ളട്ടെ.

മഹാനായ ഗ്രിഗറി പറയുന്നു ഇവയെല്ലാം നശിച്ചു പോകും. നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന സമ്മാനത്തിന്റെ മഹത്വവും സ്വഭാവവും എത്ര  മഹത്തരമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍  ഇവയുടെ മായയെല്ലാം നഷ്ടപ്പെട്ട്  വെറുത്തുപേക്ഷിക്കപ്പെടും. സ്വര്‍ഗ്ഗത്തിലെ  ഹര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയിലെ വസ്തുക്കള്‍ അധീശത്വമാണ്. നിത്യജീവിതത്തോടു തുലനം ചെയ്യുമ്പേ ഭൂമിയിലെ ജീവിതം ജീവിതമെന്നു വിളിക്കാനവര്‍ഹമല്ല, മരണം എന്നാണ് അതിനെക്കുറിച്ച് പറയേണ്ടത്. സ്വര്‍ഗീയ നഗരത്തില്‍ ജീവിക്കുക എന്ന് പറഞ്ഞാല്‍ മാലാഖമാരുടെ സംഗീതത്തോടൊപ്പം, നമ്മെ പൊതിയുന്ന പ്രകാശത്തില്‍ മുങ്ങി , രോഗങ്ങളില്ലാതെ നശിച്ചുപോകാതെ ആത്മീയ ശരീരം നേടി ജീവന്റെ സമൃദ്ധിയിലും രാജകീയതയിലും കഴിയുക എന്നതാണ്.

വീണ്ടും ത്യാഗങ്ങളാവശ്യമില്ല
അത്ര വലിയ മഹത്വത്തെയും ശ്രേഷ്ഠതയെയും കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സ് തുടിക്കുന്നെങ്കില്‍ പരിധിയില്ലാത്ത ആനന്ദത്തിന്റെ നാട്ടിലേക്കു പറന്നുചെല്ലാന്‍ വെമ്പല്‍ കൊള്ളുന്നെങ്കില്‍, അത് വലിയ മത്സരങ്ങള്‍, പരീക്ഷണങ്ങള്‍, നേട്ടങ്ങള്‍ വഴിയാണ് ലഭിക്കുക എന്നോര്‍ക്കുക. നല്ല യുദ്ധം ചെയ്യാതെ കിരീടം  ലഭിക്കില്ല എന്ന് മനസ്സിലാക്കുക. ഞാന്‍ നന്നായി പൊരുതി. എന്റെ ഓട്ടം പൂര്‍ത്തിയാക്കി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു.  ( 2 തിമോ. 2:7) നമ്മോടു പ്രവാചകന്‍  പറഞ്ഞിരിക്കുന്ന കാര്യമോര്‍ത്ത് നമുക്ക് സന്തോഷിക്കാം. കര്‍ത്താവിന്റെ ആലയതതിലേക്കു പോകാമെന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു ( സങ്കീ. 122.1)  നമ്മുടെ ഹൃദയങ്ങള്‍ നശിച്ചുപോകുന്ന വസ്തുക്കളുടെ പിടിയില്‍ അകപ്പെടാതിരിക്കട്ടെ. അവിടുത്തെ സ്വര്‍ഗ്ഗീയ സഭയിലേക്കു പുറപ്പെടാനുള്ള പ്രതീക്ഷയില്‍ പാദങ്ങള്‍ ചരിക്കട്ടെ. ഓ ജറുസലെം ജറുസലെം ഒരു നഗരമായ നിന്നില്‍ രാജകീയ ചടങ്ങുകള്‍ ഞങ്ങള്‍ എപ്പോള്‍ ദര്‍ശിക്കും? ഞങ്ങളുടെ ഭവനത്തിന്റെ അടിസ്ഥാനവും  ശക്തിയും സര്‍വസ്വവുമായ മൂലക്കല്ലുമായി എപ്പോള്‍ സംയോജിക്കപ്പെടും?

ഇതിനകം എണ്ണമില്ലാത്തത്ര ഗോത്രങ്ങള്‍ , അപ്പസ്‌തോലന്മാര്‍, പ്രവാചകര്‍, രക്തസാക്ഷികള്‍, കന്യകമാര്‍, നീതിമാന്മാര്‍, സകല കുലത്തിലും വംശത്തിലുംപെട്ടവര്‍, അവിടുത്തെ സാമ്രാജ്യത്തിലെത്തിക്കഴിഞ്ഞു. അവര്‍ പ്രലോഭനങ്ങളില്‍ നിന്ന് ദുരിതങ്ങളില്‍ നിന്ന്, പ്രയാസങ്ങളില്‍ നിന്ന്  രക്ഷനേടി, സത്യവും നീതിയും കൊണ്ട് പടുത്തുയര്‍ത്തിയ ഉന്നതമായ ഇരിപ്പിടങ്ങളിലിരുന്ന് അവര്‍ അന്ത്യമില്ലാത്ത വിധം തങ്ങളുടെ യജമാനനോട് വിശ്വസ്തരും വിധേയരുമായിക്കഴിയുന്നു.  അവര്‍  ജീവിതത്തിലും അങ്ങനെയായിരുന്നു.  ദാവീദിന്റെ ഭവനം അവിടുത്തോടൊത്ത് പങ്കുവെക്കാനാഗ്രഹിച്ചു. ഇതാണ് നമുക്കും ഉണ്ടായിരിക്കേണ്ട ഏക അഭിലാഷം. അത് നല്‍കുന്ന നന്മ•യും ശാന്തിയും മാത്രം നമുക്ക് ആഗ്രഹിക്കാം, യാചിക്കാം. നമുക്ക് സ്വര്‍ഗ്ഗത്തെപ്പറ്റി  മാത്രം ചിന്തിക്കാം. സ്വര്‍ഗം മാത്രം അന്വേഷിക്കാം. സ്വര്‍ഗത്തിനായി ശേഖരിക്കാം. സ്വര്‍ഗത്തിനായി ജീവിക്കാം ( സങ്കീ.122).

കുറച്ചു സമയം കൂടി മാത്രം, അവസാനിക്കേണ്ടതെല്ലാം അവസാനിക്കുകതന്നെ ചെയ്യും. അല്‍പം പ്രയതനം കൂടി മാത്രം . അന്ത്യം അടുത്തെത്തിക്കഴിഞ്ഞു. കുറച്ച് മത്സരങ്ങള്‍ കൂടി നാം കിരീടം നേടും, കുറച്ച് ത്യാഗങ്ങള്‍ കൂടി , നാം സ്വര്‍ഗ്ഗീയ ജറുസലെമിലെത്തും. അവിടെ സ്‌നേഹം  എന്നും പുതിയതായിരിക്കും. അവിടെ വീണ്ടും ത്യാഗങ്ങളാവശ്യമില്ല. അവിടെ സ്തുതിയും ആനന്ദവും മാത്രം ആമേന്‍.