വൈകാരികതലങ്ങളിലെ പ്രശ്‌നങ്ങളോട് മനുഷ്യന്‍ പ്രതികരിക്കുന്ന രീതിയനുസരിച്ചാണ് കുടുംബത്തിലെയും തുടര്‍ന്ന് സമൂഹത്തിലെയുമെല്ലാം ആരോഗ്യവും അനാരോഗ്യവും നിലകൊളളുന്നത്. യേശു ജനിച്ചതും വളര്‍ന്നതും ഒരു കുടുംബത്തിലാണ്, തിരുക്കുടുംബത്തില്‍. സമാധാനം നിറഞ്ഞ കുടുംബത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് നസറത്തിലെ തിരുക്കുടുംബം. അവിടെ നിറഞ്ഞ സമാധാനം നമുക്കും സ്വന്തമാക്കാന്‍ എങ്ങനെ സാധിക്കും? യോഹ. 14:27 ഞാന്‍ നിങ്ങള്‍ക്ക് സമാധാനം നല്‍കുന്നു. യേശു ഇവിടെ സമാധാനം വാഗ്ദാനം ചെയ്യുന്നു. അത് സാധാരണ മനുഷ്യന്‍ നല്‍കുന്ന സമാധാനമല്ല, ദൈവികസമാധാനമാണ്. അപ്പോള്‍ എന്താണ് സമാധാനം?

ഒരു കഥ ഇപ്രകാരം പറയുന്നു. ഒരു രാജാവ് തന്റെ പ്രജാസന്ദര്‍ശനത്തിനായി വേഷപ്രച്ഛന്നനായി പുറപ്പെട്ടു. ഒരു ഭവനത്തില്‍ അപ്പനും മകനും ദു:ഖിതരായിരിക്കുന്നതുകണ്ട് വിവരമന്വേഷിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു. ഞങ്ങളുടെ അടുത്ത വീടുകളിലെല്ലാം ചുമടെടുക്കാന്‍ കഴുതയുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഇവിടുത്തെ രാജാവാണ്, അതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് കഴുതയെയല്ല, കുതിരയെ തരാം. അവര്‍ക്ക് വളരെ സന്തോഷവും സമാധാനവും. ഒരാഴ്ച കഴിഞ്ഞു. മകന്‍ കുതിരപ്പുറത്തുനിന്ന് വീണ് കയ്യും കാലുമൊടിഞ്ഞു. അവരുടെ സന്തോഷവും സമാധാനവുമെല്ലാം പോയി. അപ്പോള്‍ ഒരു വിളംബരം. അയല്‍രാജ്യത്തെ രാജാവ് നമ്മെ ആക്രമിക്കാന്‍ പോകുന്നു. എല്ലാ യുവജനങ്ങള്‍ക്കും നിര്‍ബന്ധിത സൈനിക സേവനം. എല്ലാ വീട്ടിലും കൂട്ടക്കരച്ചില്‍. ഈ വീട്ടില്‍ മാത്രം മകന്‍ കാലും കൈയും ഒടിഞ്ഞുകിടക്കുന്നതിനാല്‍ യുദ്ധത്തിനു പോകേണ്ട. അവിടെ വളരെ സന്തോഷവും സമാധാനവും. യുദ്ധം വിജയിച്ചു. അപ്പോള്‍ രാജാവ് പറഞ്ഞു: യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കും അഞ്ചേക്കര്‍ പുരയിടം സൗജന്യമായിക്കൊടുക്കുന്നു. അവര്‍ക്ക് വീണ്ടും സമാധാനം പോയി.

സമാധാനം എന്നാലെന്ത്?
വീണ്ടും ചോദ്യം ഉയരുന്നു. എന്താണ് സമാധാനം? സമാധാനമെന്തെന്ന് പറഞ്ഞുതന്നത് യേശുവിന്റെ ജനനവാര്‍ത്ത ഇടയന്‍മാരെ അറിയിച്ച കര്‍ത്താവിന്റെ ദൂതനും ദൂതനോടൊപ്പം പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ച സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹവുമാണ്. അവര്‍ ഉദ്‌ഘോഷിച്ചു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം! (ലൂക്കാ 2:14).

ദൈവികമായ ആ സമാധാനം സ്വീകരിച്ച കന്യകയെ ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍ നാം കാണുന്നു. 'ഗബ്രിയേല്‍ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ!   സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ' (ലൂക്കാ 1:26-28). ആ അഭിവാദനത്തിന്റെ അര്‍ത്ഥം മനസിലാവാതെ അസ്വസ്ഥയായ മറിയത്തോട് വീണ്ടും ദൂതന്‍ പറയുന്നതിങ്ങനെയാണ്, 'മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു'(ലൂക്കാ 1 :30)

അതോടെ മറിയം സമാധാനം കൊണ്ട് നിറഞ്ഞു. പക്ഷെ അന്നുമുതല്‍ അവളുടെ സമാധാനം നഷ്ടപ്പെട്ടുവെന്ന് നമുക്കു തോന്നാം ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായാല്‍ കല്ലെറിഞ്ഞു കൊല്ലപ്പെടും. ഇവിടെ അവള്‍ വിവാഹിതയാകുംമുന്‍പ് ഗര്‍ഭിണിയാകുകയാണ്. എന്നിട്ടും അവള്‍ക്ക് സമാധാനം. ഭര്‍ത്താവ് അവളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നിട്ടും അവള്‍ക്ക് സമാധാനം. പിന്നീട് ദൈവസ്വരം മനസിലാക്കിയ ജോസഫ് അവളെ സ്വീകരിക്കുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞ് പ്രസവിക്കാന്‍ സമയമായപ്പോള്‍ സുരക്ഷിതമായ ഒരിടം ലഭിക്കുന്നില്ല. പ്രസവിക്കാന്‍ സ്വകാര്യമായ ഒരിടം എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതു ലഭിക്കാതിരുന്നപ്പോഴും മറിയത്തിന്റെ സമാധാനം നഷ്ടപ്പെടുന്നില്ല. പ്രസവം കഴിഞ്ഞ് അധികനാളുകളാകുന്നതിനുമുന്‍പുതന്നെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ഈജിപ്തിലേക്ക് ഓടേണ്ടി വരുന്നു. എന്നാലും അവള്‍ക്ക് സമാധാനം. വീണ്ടും കുഞ്ഞിനെയും കൊണ്ട് നസ്രസ്സിലേക്ക്. ഈ കുഞ്ഞുനിമിത്തം ആ നാട്ടിലുളള രണ്ടു വയസ്സില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ഇതു കേട്ടപ്പോഴും മറിയത്തിന് സമാധാനം.

കുഞ്ഞിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചപ്പോള്‍ ശിമയോന്‍ കുഞ്ഞിനെ കൈകളിലെടുത്തു പറഞ്ഞു. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും. എങ്കിലും അവളുടെ സമാധാനം നഷ്ടപ്പെടുന്നില്ല. മകനെ കാല്‍വരിയില്‍ കുരിശില്‍ തറച്ചുകൊന്നപ്പോഴും അവനെ അടിച്ച് ശരീരം തകര്‍ത്തപ്പോഴും അവള്‍ക്ക് സമാധാനം നഷ്ടപ്പെട്ടില്ല. അപ്പോള്‍ എന്താണ് സമാധാനം? ദൈവകൃപയാല്‍ ലഭിക്കുന്ന ഒരു ആശീര്‍വ്വാദമാണ് സമാധാനം. പ്രതിസന്ധികളും പ്രയാസങ്ങളും ഇല്ലാത്ത അവസ്ഥയുടെ പേരല്ല സമാധാനം. ദൈവകൃപയാല്‍ ലഭിക്കുന്ന ഒരു അനുഭവമാണത്. അപ്പോള്‍ നമ്മുടെ കുടുംബജീവിതത്തിന് വേണ്ടത് കൃപയാണ്. തളര്‍ച്ചയുടെയും തകര്‍ച്ചയുടെയും നടുവില്‍ ഒരു ദൈവിക ആശീര്‍വാദം.

സമാധാനം തകരുമ്പോള്‍

സ്‌നേഹം തന്നെയായ ദൈവം താന്‍ സ്ഥാപിച്ച കുടുംബത്തിന് അത് നല്‍കാതിരിക്കുമോ? ഇല്ല. അവിടുന്ന് അത് തരികതന്നെ ചെയ്യും. ആരെങ്കിലും തന്റെ കുടുംബം ശരിയല്ലാത്തതിനാലാണ് സമാധാനമില്ലാത്തത് എന്നു ചിന്തിക്കുന്നുണ്ടെങ്കില്‍ അറിയുക. അതുകൊണ്ടല്ല സമാധാനമില്ലാത്തത്. അതിനുത്തരം വിശുദ്ധ വചനംതന്നെ തരും. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവനെ താമസിപ്പിക്കാന്‍ ഏദന്‍തോട്ടമുണ്ടാക്കി. ആ ഏദന്‍തോട്ടത്തില്‍ അവന് ചേര്‍ന്ന ഇണയായി സ്ത്രീയെയും നല്‍കി. അതായത് ആദാമിനുവേണ്ടി ഏദന്‍തോട്ടം ഉണ്ടാക്കി.ആദത്തിന് സ്‌നേഹം പങ്കിടാന്‍ വേണ്ടി ഹവ്വായെയും സൃഷ്ടിച്ചു. അതായത് നാമായിരിക്കുന്ന കുടുംബം ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ചതാണ്. അവിടുത്തേക്ക് തെറ്റു പറ്റുകയില്ല. എന്നാല്‍ അവിടെയുണ്ടാവുന്ന കുറവുകളോര്‍ത്ത് അവിടുന്ന് വേദനിക്കുന്നു. ആ കുറവുകള്‍ പരിഹരിക്കാനാകട്ടെ പരിഹരിക്കാന്‍ കഴിവുളള അവിടുത്തെ മുന്‍പില്‍ കൊടുത്താല്‍ മതി. നമ്മുടെ ബുദ്ധിയില്‍ പരിഹരിക്കാതിരുന്നാല്‍ മതി. പലപ്പോഴും പ്രശ്‌നങ്ങള്‍ നമ്മുടേതായ രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വിജയിക്കാതെ വരുന്നു.

ഉദാഹരണത്തിന് പറയാം. നാളുകള്‍ക്കു മുമ്പ് ഒരു പരിചയക്കാരന്‍ അദ്ദേഹത്തിന്റെ ആവശ്യത്തിനായി പോകാന്‍ എന്നെയും സുഹൃത്തിനെയും ഏല്പിച്ചു. അദ്ദേഹത്തിന്റെ ബൈക്കും തന്നു. ഞാനും സുഹൃത്തും ആ ബൈക്കില്‍ യാത്രയാരംഭിച്ചു. എന്നാല്‍ അല്പദൂരം യാത്ര ചെയ്തപ്പോഴേ ബൈക്ക് നിന്നുപോയി. ഓടിച്ചുകൊണ്ടിരുന്ന സുഹൃത്ത് തനിക്കറിയാവുന്നതുപോലെ അത് വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു. എനിക്കും ബൈക്ക് ഓടിക്കാന്‍ അറിയാമല്ലോ എന്ന ആത്മവിശ്വാസത്തോടെ ഞാനും ചെന്ന് ആവുന്നത് ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. ഒടുവില്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ബൈക്ക് തളളി അര കിലോമീറ്ററോളം ദൂരത്തുളള വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചു.

അവിടത്തെ വിദഗ്ധനായ മെക്കാനിക്ക് അല്പസമയത്തിനകം ആ ബൈക്ക് ശരിയാക്കി ഞങ്ങള്‍ക്ക് തിരികെ തന്നു. ഒന്നോര്‍ത്തുനോക്കിയാല്‍ ഇതുതന്നെയാണ് നമ്മുടെ കുടുംബങ്ങളിലും സംഭവിക്കാറുളളത്. അപ്പനും അമ്മയും മക്കളുമെല്ലാം മാറിമാറി പരിശ്രമിക്കും. എന്നാല്‍ അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. എന്നാല്‍ അത് കര്‍ത്താവിന്റെ കരങ്ങളില്‍ ഏല്പിച്ച് അവിടുന്ന് പ്രചോദിപ്പിച്ചു നല്‍കുന്ന വഴികളിലൂടെ ചെയ്യുമ്പോള്‍ ദൈവികസമാധാനം പുലരും.

അവിടുന്ന് തൊട്ടാല്‍ എല്ലാ ശരിയായി. ആ ഗുരുവിന്റെ സ്പര്‍ശം. അതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. ജറെ. 33:3 'എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതവും മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ നിനക്കു ഞാന്‍ വെളിപ്പെടുത്തും.' അതെ, നാം വിളിക്കുമ്പോള്‍ വിളി കേള്‍ക്കാനും നമ്മുടെ ബുദ്ധിക്കതീതമായ സമാധാനം വെളിപ്പെടുത്താനും അവിടുന്ന് തയ്യാറാണ്.

'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊളളും' (ഫിലി 4:6-7) എന്ന് വിശുദ്ധ പൗലോസും പറയുന്നുണ്ടല്ലോ. അതിനാല്‍ കുടുംബത്തെപ്രതിയും കുടുംബാംഗങ്ങളെപ്രതിയും കുടുംബത്തിലെ സകലതിനെപ്രതിയും ദൈവത്തിന് നന്ദി പറയണം. പ്രതിസന്ധികള്‍ അവിടുത്തേക്ക് സമര്‍പ്പിക്കണം. അപ്പോള്‍ ദൈവികസമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊളളും.  

കടപ്പാട്: ഫാ.റെജി ചവര്‍പ്പണേല്‍, ശാലോ ടി.വി.