വാഷിങ്ടണ്‍ : വാഷിങ്ടണില്‍ താമസിക്കുന്ന ഫാദര്‍ മോറോ അറിയപ്പെടുന്ന  മാര്യേജ് കൗണ്‍സിലറാണ്. ആയിരക്കണക്കിന് വ്യക്തികളാണ് അദ്ദേഹത്തിന്റെ അടുക്കല്‍ കൗണ്‍സിലിംഗിനായി എത്തുന്നത്. ആത്മീയ ജീവിതത്തില്‍ വന്ന പരാജയം പലരുടെയും കുടുംബജീവിതത്തെ തകര്‍ക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുകയും കൗദാശികജീവിതത്തില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത രണ്ടു കുടുംബങ്ങള്‍ വിവാഹമോചനത്തിന്റെ വക്കിലെത്തി അദ്ദേഹത്തിന്റെ അടുക്കല്‍ കൗണ്‍സിലിംഗിനെത്തിയപ്പോഴാണ് കുടുംബത്തെ തകര്‍ക്കുന്ന മറ്റൊരു ശത്രുവിനെക്കുറിച്ച് ഫാദര്‍ മോറോ കൂടുതല്‍ ബോധവാനായത്.

ഈ രണ്ടു കുടുംബങ്ങളും ഏറെ ഉപദേശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പരാജയപ്പെടുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നു അദ്ദേഹത്തിന്. അവര്‍ വിവാഹമോചനം നേടി. ശത്രു മറ്റാരുമല്ല. അമിതമായ കോപം. പാപകരമായ കോപത്തെ അതിജീവിക്കാന്‍ എന്ന പേരില്‍ പ്രശസ്തമായ ഒരു പുസ്തകം എഴുതുന്നതിന് ഫാദര്‍ മോറോയെ പ്രചോദിപ്പിച്ച സംഭവങ്ങളായിരുന്നു ഇത്. കോപം വിഷമാണ്. ഫാദര്‍ മോറോ പറയുന്നു. ഭാര്യയും ഭര്‍ത്താവും അമിതമായ കോപത്തിന് അടിമപ്പെട്ടവരാണെങ്കില്‍ എത്ര ആത്മീയമാകാന്‍ ശ്രദ്ധിച്ചാലും അവരുടെ ബന്ധം തകരാനുള്ള സാധ്യതയുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ ബന്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന് ദമ്പതിമാര്‍ ആഗ്രഹിച്ചുതുടങ്ങും. അമിതമായ കോപമുള്ളവരുടെ കൂടെയുള്ള സഹവാസവും അത്തരം വ്യക്തികളുമായുള്ള ബന്ധവും അനിഷ്ടത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഈ ബന്ധത്തെ എങ്ങനെ ദൃഢമാക്കാം എന്നതിനേക്കാള്‍ അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് പലരും ചിന്തിക്കുന്നത്. അദ്ദേഹം പറഞ്ഞു.

കോപം എന്ന വികാരം എല്ലാവര്‍ക്കുമുള്ളതാണ്. മറ്റുള്ളവരുടെ പ്രവൃത്തികളില്‍ അനിഷ്ടമുണ്ടാകുമ്പോള്‍ സ്വാഭാവികമായി രൂപപ്പെടുന്ന വികാരം തന്നെയാണിത്. എന്നാല്‍  പ്രതികാരചിന്തയും പ്രവര്‍ത്തികളും അതിനെ പിന്തുടരുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമാകും. മറ്റുള്ളവരെ മുറിപ്പെടുത്തുന്ന രീതിയിലുള്ള കോപമുള്ളവര്‍ തര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തില്‍ വിഷം കടക്കുന്നതുപോലെയാണ് മനസില്‍ കോപം ഫലമുളവാക്കുന്നത്. ചെറുരീതിയിലുള്ള വിഷത്തെ ശരീരം ചിലപ്പോള്‍ സ്വന്തം ശക്തികൊണ്ട് പുറന്തള്ളിയേക്കാം. എന്നാല്‍ മരണകാരണമായ വിഷം ബന്ധത്തെ ആകെ തകര്‍ത്തുകളയും. അനേകം ദമ്പതിമാരെ കൗണ്‍സിലിംഗ് നടത്തിയ പരിചയമുള്ള ഫാദര്‍ പറയുന്നു.

ഈ അപകടത്തെ അതിജീവിക്കാനുള്ള ചില വിദ്യകളും അദ്ദേഹത്തിന്റെ പുസ്തകം വിവരിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിക്കുമ്പോള്‍ കോപിക്കേണ്ട സാഹചര്യമാണോ എന്ന് തീരുമാനിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. അതാണ് കോപത്തെ അതിജീവിക്കുന്നതിനുള്ള ആദ്യപടി. ഇത് സാധിക്കാതെ ചെറിയ കാര്യങ്ങള്‍ക്ക് അമിതമായ കോപം പുലര്‍ത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പരിശ്രമം കൂടാതെ കോപത്തെ അതിജീവിക്കാനാവില്ല എന്ന ഉപദേശവും ഫാദര്‍ മോറോ നല്‍കുന്നു. ദൈവത്തിന് ഈ സ്വഭാവത്തെ ബലിയായി സമര്‍പ്പിക്കുവാന്‍ സാധിക്കുമ്പോഴാണ് വിജയം നമ്മുടെ ഭാഗത്തുവരുന്നത്.

ഏതെങ്കിലും പ്രവര്‍ത്തികളില്‍ അനിഷ്ടമുണ്ടാവുകയും കോപം ഉള്ളില്‍ വരുകയും ചെയ്യുമ്പോള്‍ ഭീരുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഉള്ളിലെ വികാരത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതും സത്‌സ്വഭാവത്തിനു യോജിച്ചതല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. അഗസ്തിനോസിന്റെ അമ്മയായ മോനിക്ക പുണ്യവതിയുടെ ഭര്‍ത്താവ് അമിതമായ കോപത്തിനടിമയായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും കാര്യത്തിന് ഈ മനുഷ്യന്‍ അവരുമായി വഴക്കിടുമായിരുന്നു. ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടും. ഭാര്യയ്ക്ക് യാതൊരു വിലയും കൊടുക്കാതെ പെരുമാറും. സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ഭാര്യയ്ക്ക് എന്തെങ്കിലും അസ്ഥിത്വമുണ്ടെന്ന് പോലും വിശ്വസിക്കാതിരുന്ന ഒരു മനുഷ്യന്‍ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു യന്ത്രമായിട്ടാണ് അദ്ദേഹം ഭാര്യയെ കണ്ടിരുന്നത്.അദ്ദേഹത്തിന്റെ കാര്യങ്ങളും പദ്ധതികളും നിറവേറ്റുന്നതിനായി ഉപയോഗിക്കപ്പെടേണ്ട വസ്തു കണക്കായിരുന്നു മോനിക്കായുടെ ജീവിതം. പക്ഷേ സഭ കണ്ട വലിയ വിശുദ്ധരില്‍ ഒരാളായി മോനിക്ക മാറി. മോനിക്കയുടെ ഭര്‍ത്താവാരെന്ന് ചോദിച്ചാല്‍ അറിയാവുന്നവര്‍ അധികമുണ്ടെന്നും തോന്നുന്നില്ല. വിശുദ്ധയായ ആ സ്ത്രീയുടെ തിരികെയുള്ള പെരുമാറ്റം പക്വതയും സ്‌നേഹവും നിറഞ്ഞതായിരുന്നു. കോപം ശമിക്കുമ്പോള്‍ അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനും അവര്‍ ശ്രമിച്ചിരുന്നു. പുസ്തകത്തില്‍ ഫാദര്‍ മോറോ എഴുതുന്നു.

മോനിക്കയ്ക്ക് ഒരു വിശുദ്ധയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ലക്ഷ്യം മുന്‍നിറുത്തിയാണ് ഭര്‍ത്താവിന്റെ കോപസ്വഭാവത്തെയും മകന്റെ ദുര്‍ന്നടപ്പിനെയും അവര്‍ വിലയിരുത്തിയത്. ഇതാണ് ആ ബന്ധങ്ങള്‍ തകരാതെ കാത്തത്. കോപത്തെക്കുറിച്ചും ദാമ്പത്യബന്ധങ്ങളില്‍ അതിന്റെ പ്രതിഫലനത്തെക്കുറിച്ചുമുള്ള ഫാ. മോറോയുടെ പുസ്തകം ഇതിനോടകം തന്നെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഓവര്‍കമിംഗ് സിന്‍ഫൂര്‍ ആംഗര്‍ എന്ന പേരില്‍ സോപിയ പ്രസ്സാണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.