കണ്ണടച്ച് തുറക്കുംനേരം കൊണ്ട് സംഭവിച്ച ഒരു ജീവിതപരിണാമമായിരുന്നില്ല അരവിന്ദാക്ഷമേനോന്റെ ക്രിസ്തീയമനപ്പരിവര്‍ത്തനം. ഏറെ ദുരിതങ്ങളിലൂടെയും തിരസ്‌ക്കരണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും കടന്നുപോയ ജീവിതം ഒടുവില്‍ പരമശാന്തതയില്‍ ലയിച്ച അനുഭവത്തോട് മാത്രമേ ആ ജീവിതപരിണാമത്തെ നമുക്ക് ഉപമിക്കാനാവൂ.

പുരാതനമായ ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ച്, നന്നേ ചെറുപ്പം മുതല്‍ക്കേ ഹൈന്ദവപുരാണങ്ങള്‍ വായിച്ച് അവയുടെ സ്വാധീനത്തില്‍ വളര്‍ന്ന മുതിര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങളോട് ഐക്യപ്പെട്ട് പ്രവര്‍ത്തിച്ച ജീവിതപരിസരമായിരുന്നു അദ്ദേഹത്തിന്റേത്. റബര്‍ബോര്‍ഡില്‍ ലഭിച്ച ജോലി കൂടുതല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നടപ്പില്‍ വരുത്താനും ഇടയാക്കി..ഭാര്യ, രണ്ട് പെണ്‍മക്കള്‍, സൗഹൃദങ്ങള്‍, സ്വാധീനങ്ങള്‍.

ഇങ്ങനെ ജീവിതം തികച്ചും സാധാരണവും സരളവുമായി കടന്നുപൊയ്‌ക്കൊണ്ടിരുന്ന വേളയിലാണ് ചില രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി കളളക്കേസുകള്‍ ചുമത്തി അരവിന്ദാക്ഷമേനോന് ജോലി നഷ്ടമായത്. ജോലി നഷ്ടമായത് അതുവരെയുണ്ടായിരുന്ന ബന്ധങ്ങളെ പുനനിര്‍വചിക്കുന്നതിന് വഴിയൊരുക്കി. കൂടെയുണ്ടാവുമെന്ന് കരുതിയ പലരും വഴിപിരിഞ്ഞുപോയിരിക്കുന്നുവെന്ന സത്യം അദ്ദേഹം അപ്പോള്‍ തിരിച്ചറിഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ ജീവിച്ചിരുന്ന ആളായതുകൊണ്ട് ഒരിക്കല്‍പോലും പോക്കറ്റില്‍ പണമുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാള്‍ക്ക് ജോലികൂടി നഷ്ടപ്പെടുമ്പോഴത്തെ അവസ്ഥ എത്രയോ ഭീകരമായിരിക്കും! സുഖസമൃദ്ധിയില്‍ ജീവിച്ചുപോന്നിരുന്ന കുടുംബത്തിലേക്ക് ദാരിദ്ര്യം പടികയറിവരുന്നത് അരവിന്ദാക്ഷമേനോന്‍ ഞെട്ടലോടെ കണ്ടു. ഈ അവസ്ഥയില്‍ ബന്ധുക്കള്‍ പരിഹസിച്ചു..സുഹൃത്തുക്കള്‍ മുഖം തിരിച്ചു.     പക്ഷേ അപ്പോഴും അരവിന്ദാക്ഷമേനോന്‍ അറിയാതെ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്തുവിന്റെ കുരിശിന്‍ച്ചുവട്ടില്‍ അഭയം തേടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. കാരണം ഹിന്ദുവായിരുന്നുവെങ്കിലും കത്തോലിക്കാ കുടുംബങ്ങളുടെ പരിസരങ്ങളില്‍ ജനിച്ചുജീവിച്ചു വളര്‍ന്നവളായിരുന്നതുകൊണ്ട് ഭാര്യക്ക് ക്രിസ്തീയപ്രാര്‍ത്ഥനകള്‍ പലതും മനപ്പാഠമായിരുന്നു: ദൃഢമായ വിശ്വാസവും കൈമുതലായുണ്ടായിരുന്നു. വിവാഹിതയായി അരവിന്ദാക്ഷന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് കടന്നുവന്നപ്പോള്‍ ഭാര്യ ആവശ്യപ്പെട്ടതും ഒന്നുമാത്രമായിരുന്നു പളളിയില്‍ പോകുന്നതിന് തടസ്സം പറയരുത്.

എന്നാല്‍ ആ പ്രാര്‍ത്ഥനകളുടെയെല്ലാം വില തിരിച്ചറിയാന്‍ അരവിന്ദാക്ഷമേനോന്‍ ഏറെ വൈകിപ്പോയെന്ന് മാത്രം. ഭൂസ്വത്തുക്കള്‍ വിറ്റ് അരിമേടിക്കേണ്ട സാഹചര്യത്തിലേക്ക് ജീവിതം വഴിപിരിഞ്ഞപ്പോള്‍ അധികം വൈകാതെ മദ്യപാനശീലവും അദ്ദേഹത്തെ പിടികൂടി. മുപ്പത്തിയെട്ട് വര്‍ഷത്തിനിടിയല്‍ ഒരിക്കല്‍പോലും മദ്യം രുചിച്ചുനോക്കാത്ത വ്യക്തി നിരാശതയിലും ദേഷ്യത്തിലും പ്രതികാരത്തിലും പെട്ട് തികഞ്ഞ മദ്യപാനിയായപ്പോള്‍ ഒരു കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാവുകയായിരുന്നു. അതിനിടയില്‍ തനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്നറിയാനുളള കേവലമായ ജിജ്ഞാസ അദ്ദേഹത്തെ ജ്യോത്സ്യന്മാരുടെയും പ്രശ്‌നക്കാരുടെയും അടുക്കലെത്തിച്ചു. ബ്രഹ്മരക്ഷസിന്റെ ശാപമാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ ജ്യോത്സ്യന്‍ പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. അവ നിറവേറ്റിയിട്ടും കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കാതെ വന്നപ്പോള്‍ വീണ്ടും ജ്യോത്സ്യന്‍ തന്നെ അഭയമായി.

ഇപ്പോള്‍ ബ്രഹ്മരക്ഷസിന്റെ ശാപമായിരുന്നില്ല മഹാവിഷ്ണുവിന്റെ കോപമായി. അനര്‍ത്ഥങ്ങള്‍ക്ക് കാരണം മാറിയും മറിഞ്ഞുമുളള കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ഹോമങ്ങളും ക്ഷേത്രദര്‍ശനങ്ങളും അരവിന്ദാക്ഷമേനോനെ കൂടുതല്‍ കൂടുതല്‍ ദരിദ്രനും നിരാശനും ആക്കിക്കൊണ്ടിരുന്നു. പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവത്തോടുളള ദേഷ്യം അദ്ദേഹത്തെ ക്രമേണ നിരീശ്വരവാദിയുമാക്കി. നിരീശ്വരവാദപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തു.

അത്തരമൊരു ദിവസമാണ് ബ്രാഹ്മണനായി ജനിച്ച് ജീവിച്ച് വളര്‍ന്ന ഒരു ഹൈക്കോടതി ജസ്റ്റീസുമായി അരവിന്ദാക്ഷമേനോന്‍ പരിചയപ്പെടുന്നത്. ഹൈന്ദവമതഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രാമായണവും മഹാഭാരതവും വായിച്ചിട്ടുണ്ട് എന്നായിരുന്നു മേനോന്റെ മറുപടി. എന്നാല്‍ അവയൊന്നും മതഗ്രന്ഥങ്ങള്‍ അല്ലെന്നും കഥാരചനകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ ഹൈന്ദവമതഗ്രന്ഥം വേദങ്ങളാണെന്നും ജസ്റ്റീസ് പറഞ്ഞുകൊടുത്തത് അരവിന്ദാക്ഷമേനോനെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായിരുന്നു.

വേദങ്ങളിലേക്കുളള ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെയും വീക്ഷണഗതികളെയും തലകീഴായി മറിച്ചുകളഞ്ഞു. ആരാണ് മനുഷ്യന്‍ എന്നും ആരാണ് ദൈവം എന്നും അത് അദ്ദേഹത്തിന് വ്യക്തമായി പറഞ്ഞുകൊടുത്തു. വേദങ്ങളിലെ പ്രജാപതിക്ക് ക്രിസ്തുവുമായുളള സാമ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പ്രജകളെ രക്ഷിക്കുന്നവനാണ് പ്രജാപതി. രണ്ട് ലക്ഷണങ്ങളാണ് പ്രജാപതിക്കുളളത്. രൂപത്തില്‍ മനുഷ്യനായിക്കൊണ്ട് സ്വന്തം ശരീരത്തില്‍ പാപങ്ങള്‍ ഏറ്റെടുക്കുന്നവന്‍. ഏകദൈവത്തെക്കുറിച്ച് മാത്രമേ ഋഗ്വേദം പറയുന്നുളളൂ.

ക്രിസ്തുവിന്റെ കുരിശുമരണം യാഗമായിരുന്നുവെന്നും കാല്‍വരി യാഗവേദിയാ യിരുന്നുവെന്നും അതിന്റെ വെളിച്ചത്തില്‍ മേനോന്‍ മനസ്സിലാക്കി. സതപതബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും ക്രിസ്തുവിന്റെ കുരിശുമരണത്തില്‍ പൂര്‍ത്തിയാകുന്നതായും അദ്ദേഹം മനസ്സിലാക്കി. താന്‍ ഇന്നുവരെ പ്രാര്‍ത്ഥിച്ചതൊന്നും ദൈവത്തോട് ആയിരുന്നില്ല എന്ന് മേനോന്‍ കണ്ടെത്തി. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്നതാണ് ദൈവം എന്ന് വലിയ സത്യം ക്രിസ്തുവില്‍ പൂര്‍ണ്ണമാകുന്നത് നിറമിഴികളോടെ അദ്ദേഹം നോക്കിനിന്നു. ആരണ്യകങ്ങളിലും വേദങ്ങളിലും പഠിച്ചവ അതേപടി ബൈബിളില്‍ വിവര്‍ത്തിക്കപ്പെടുന്നുമുണ്ട്.

കേവലമായ ശാരീരിക സൗഖ്യങ്ങളോ ഭൗതികനന്മകളോ ആയിരുന്നില്ല അരവിന്ദാക്ഷമേനോനെ ക്രിസ്തുവിന്റെ അനുയായി മാറ്റിയത്. തന്റെ എല്ലാ ദൈവാന്വേഷണങ്ങളും ക്രിസ്തുവില്‍ എത്തിച്ചേരുന്നു എന്ന കണ്ടെത്തലാണ് അദ്ദേഹത്തെ മാറ്റിമറിച്ചത്. എന്റെ ഈശോയേ എന്റെ ദൈവമേ എന്ന നിലവിളി അദ്ദേഹത്തില്‍ മുഴങ്ങി. വലിയ വിലാപത്തോടെ അദ്ദേഹം ക്രൂശിതരൂപത്തിന് മുമ്പില്‍ മുട്ടുകുത്തി. ഭാര്യ ഇതൊന്നും കാണുന്നില്ല എന്നായിരുന്നു വിചാരം. പക്ഷേ ഭാര്യ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നെ അവര്‍ ഒരുമിച്ച് മുട്ടുകുത്തി കൈകള്‍ കോര്‍ത്തുനിന്ന് പ്രാര്‍ത്ഥിച്ചു. അന്നുരാത്രി തന്നെ അവര്‍ക്കിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. വര്‍ഷങ്ങളായി ഉറക്കമില്ലാതെ വിഷമിച്ചിരുന്ന അരവിന്ദാക്ഷമേനോന്‍ അന്നേ ദിവസം പതിനാല് മണിക്കൂര്‍ ശാന്തമായി ഉറങ്ങി. പെണ്‍മക്കളുടെ ഭാവിയെക്കുറിച്ചുളള ഉത്കണ്ഠകളില്ലാതെ…സാമ്പത്തികബാധ്യതകളെക്കുറിച്ചോര്‍മ്മിക്കാതെ.

അപ്പ.പ്രവ 4:12 ആണ് തന്റെ ജീവിതത്തെ സവിശേഷമാംവിധം കെട്ടിപ്പടുത്തത് എന്ന് അദ്ദേഹം പറയുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല (അപ്പ.പ്രവ 4:12). ഡിവൈന്‍ ധ്യാനകേന്ദ്രം അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണ സാധ്യതകളെ വളര്‍ത്തിയെടുക്കുകയും ചെയ്തു.